13 Jan 2026 5:56 PM IST
Nirmala Sitharaman Records : തുടർച്ചയായി ഒൻപത് ബജറ്റുകൾ; പുതുചരിത്രത്തിനരികെ നിർമലാ സീതാരാമൻ
MyFin Desk
Summary
തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രിയാകാൻ ഒരുങ്ങുകയാണ് നിർമലാ സീതാരാമൻ. രാജ്യത്തെ ആദ്യഫുൾടൈം ധനമന്ത്രി അതിജീവിച്ചത് സമ്പദ്‍വ്യവസ്ഥയിലെ വെല്ലുവിളികളുടെ കാലത്തെ.
രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയായ നിർമലാ സീതാരാമൻ ഒരു പുതുറെക്കോഡിനരികെയാണ്. തുടർച്ചയായ ഒൻപത് ബജറ്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി. തുടർച്ചയായ ആറ് ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ മുൻ റെക്കോർഡ് നേരത്തെ തന്നെ നിർമലാ സീതാരാമൻ മറികടന്നിരുന്നു. നിർമ്മലാ സീതാരാമൻ്റെ പേരിൽ മറ്റൊരു റെക്കോർഡുമുണ്ട്.
ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നിർമലാ സീതാരാമൻ്റേറതാണ്. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ആദ്യ പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചതും നിർമലാ സീതാരാമനാണ് . അച്ചടിച്ച രേഖകൾ അവതരിപ്പിക്കുന്നതിനു പകരം ഡിജിറ്റൽ ടാബ് ഉപയോഗിച്ച് 2021 ഫെബ്രുവരി 1-നാണ് നിർമലാ സീതാരാമൻ ഇന്ത്യയിലെ ആദ്യ പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റ് പെട്ടിക്ക് പകരം ബാഗ്
2019-ൽ, കൊളോണിയൽ കാലഘട്ടത്തിലെ ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന പാരമ്പര്യവും നിർമലാ സീതാരാമൻ ഉപേക്ഷിച്ചിരുന്നു. പകരം ബജറ്റ് രേഖകൾ കൊണ്ടുപോകാൻ പരമ്പരാഗത തുണി സഞ്ചി ഉപയോഗിച്ചതും ശ്രദ്ധേയമായിരുന്നു. 2019 മെയ് മാസത്തിൽ അധികാരത്തിലെത്തിയ മന്ത്രി ഫുൾടൈമായി ധനകാര്യ, കോർപ്പറേറ്റ്കാര്യ വകുപ്പുകൾ വഹിക്കുന്ന ആദ്യ വനിതയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
