28 Jan 2026 2:16 PM IST
Indian Economic Survey: സർക്കാരിന്റെ പ്രോഗ്രസ്സ് കാർഡിൽ കണ്ണുനട്ട് രാജ്യം
Amritha Elizabath Abraham
Summary
ഇന്ത്യൻ സാമ്പത്തിക സർവേക്ക് മുന്നോടിയായുള്ള വിശകലനങ്ങളുമായി വിവിധ ആഗോള പ്രാദേശിക ഏജൻസികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇക്കണോമിക് സർവേയിൽ എന്തൊക്കെ? പ്രവചനങ്ങൾ ഇങ്ങനെ
ഇന്ത്യൻ സാമ്പത്തിക സർവേക്ക് മുന്നോടിയായുള്ള വിശകലനങ്ങളുമായി വിവിധ ആഗോള പ്രാദേശിക ഏജൻസികൾ രംഗത്ത് എത്തിയിരിക്കുകയാണ്. സാധാരണരീതിയിൽ കേന്ദ്ര ബജറ്റിന് തൊട്ടു തലേദിവസമാണ് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കാറുള്ളത്.ഇതൊരു ചട്ടമല്ലെങ്കിലും കാലങ്ങളായി തുടർന്നുപോരുന്ന കീഴ്‍വഴക്കമാണിത്.. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവ്വേയെ കുറിച്ചുള്ള പല റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നത്.
ഈ റിപ്പോർട്ടുകളെ ആസ്പദമാക്കിയുള്ള സമഗ്രമായ വിശകലനമാണ് ഇവിടെ നൽകിയിരിക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഇക്കണോമിക് സർവ്വേ, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം നൽകും.
വളർച്ചയുടെ ദിശയിലെ കണക്കുകൾ
ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതോടെ പല ഏജൻസികളും ജിഡിപി റേറ്റിങ്ങും വളർച്ചാനിരക്കും ഉയർത്തിയിരുന്നു. ഐഎംഫ് , വേൾഡ് ബാങ്ക് ,ഐക്യരാഷ്ട്ര സഭ, ആർബിഐ റിപ്പോർട്ടുകൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നതായി വിലയിരുത്തുന്നു. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, ഫിച്ച് റേറ്റിംഗ്‌സ് തുടങ്ങിയ ആഗോള ഏജൻസികൾ FY27ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.5% മുതൽ 7.4% വരെ ഉണ്ടാകുമെന്ന് കണക്കാക്കുന്നു.
മോർഗൻ സ്റ്റാൻലി ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.7% ആയി ഉയർത്തിയിരുന്നു. 2026-ൽ ഇന്ത്യ 6.7% വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സും പ്രവചിക്കുന്നു. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും, ശക്തമായ ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് മുഖ്യ പിന്തുണ നൽകുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഫിസ്കൽ കൺസൊളിഡേഷൻ വിഷയത്തിൽ സർക്കാർ സൂക്ഷ്മമായ സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. ഫിസ്കൽ ഡെഫിസിറ്റ് 4.3% ചുറ്റിപ്പറ്റി നിയന്ത്രിക്കുകയും, ദീർഘകാലത്ത് കടം–ജിഡിപി അനുപാതം കുറയ്ക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ബജറ്റ് 2026: ക്യാപെക്സ് മുഖ്യ ആയുധം
ബജറ്റിന്റെ പ്രധാന ആകർഷണം അടിസ്ഥാനസൗകര്യ വികസനത്തിലേക്കുള്ള ചെലവ് വർധന ആയിരിക്കും. 10–15% വരെയാണ് മൂലധനചെലവ് വർധന പ്രതീക്ഷിക്കുന്നത്. മൊത്തം ചെലവ് 12–13 ലക്ഷം കോടി രൂപ വരെ എത്തുമെന്നാണ് കണക്ക്.
ഐബിഎഫ് , ക്രിസിൽ , കെയർ റേറ്റിംഗ്‌സ് എന്നിവയുടെ വിലയിരുത്തലുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ, നിർമ്മാണ മേഖല, ക്യാപിറ്റൽ ഗുഡ്സ്, വാഹന വ്യവസായം എന്നിവയിൽ ശക്തമായ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ക്യാപെക്സ്, മേക്ക് ഇൻ ഇന്ത്യ, പിഎൽഐ പദ്ധതികൾ വ്യവസായ വളർച്ചയ്ക്ക് ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട വരുമാനവും കൃഷിവളർച്ചയും ഉപഭോഗം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പണപ്പെരുപ്പവും സാമ്പത്തിക അച്ചടക്കവും
പണപ്പെരുപ്പ നിയന്ത്രണം സർവേയിലെ ഒരു പ്രധാന വിഷയമായിരിക്കും. നികുതി ഇളവുകൾ നൽകിയാൽ ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തുകയും അവർ കൂടുതൽ സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇത് സർക്കാരിന്റെ നികുതി വരുമാനം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇതിന് പകരം, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കാനുമുള്ള നിയമപരിഷ്കാരങ്ങൾക്കായിരിക്കും സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക .
സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിക്കൽ, എൽടിസിജി നികുതി 10 ശതമാനം ആയി കുറയ്ക്കൽ തുടങ്ങിയ നികുതി ഇളവുകൾ ഉണ്ടാവാനിടയുണ്ടെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് 1 ലക്ഷം രൂപ സ്റ്റാൻഡാർഡ് ഡിഡക്ഷൻ പോലുള്ള നിർദ്ദേശങ്ങൾ ഉണ്ടായേക്കാം.
പ്രധാന മേഖലകളിൽ പ്രതീക്ഷ
ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ്, സ്റ്റീൽ, സിമന്റ് മേഖലകൾ സാമ്പത്തിക സർവേയിൽ പ്രത്യേക പ്രാധാന്യം നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ജിഎസ്ടി പരിഷ്കാരങ്ങൾ, ഇൻഫ്രാ ചെലവുകൾ, ഹൗസിംഗ് പദ്ധതികൾ എന്നിവ ഡിമാൻഡ് ഉയർത്തും. അതേസമയം, കയറ്റുമതി രംഗത്ത് ആഗോള മാന്ദ്യഭീതിയും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങളും ചില വെല്ലുവിളികളായി തുടരും.
ഓഹരിവിപണിയിൽ എന്താവും ?
ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് റിപ്പോർട്ട് , 2026 അവസാനത്തോടെ സെൻസെക്സ് 1,00,000 പോയിന്റിലേക്ക് എത്തിയേക്കാം എന്ന സൂചിപ്പിക്കുന്നു. എച്ച്എസ്ബിസി അനുസരിച്ച് സെൻസെക്സ് 94,000 വരെ എത്താമെന്നും പറയുന്നു. മോർഗൺ സ്റ്റാൻലി 96,000 എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. സാമ്പത്തിക സർവേയിലെ അനുകൂല റിപ്പോർട്ടുകൾ വിപണിക്ക് കൂടുതൽ കരുത്ത് പകരാൻ സാധ്യതയുണ്ട്.
എന്നാൽ ബജറ്റ് ദിനമായ 2026 ഫെബ്രുവരി 1-ന് വിപണിയിൽ ഉയർന്ന വോളട്ടിലിറ്റി ഉണ്ടാകാൻ സാധ്യതയുണ്ട്.സിഎൻബിസി , മൂഡീസ്, എസ്&പി തുടങ്ങിയവയുടെ റിപ്പോർട്ടുകൾ പറയുന്നത്, ഇന്ത്യയുടെ മാക്രോ ഫണ്ടമെന്റൽസ് ശക്തമാണെങ്കിലും, കമോഡിറ്റി വില വർധനയും രൂപയുടെ അസ്ഥിരതയും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ്.
പ്രതീക്ഷയിൽ തടസ്സങ്ങളുണ്ടോ?
ഇന്ത്യൻ ബഡ്ജറ്റിന്റെ ബ്ലൂ പ്രിന്റ് പ്രതീക്ഷ നൽകാൻ സാധ്യതയുണ്ടെങ്കിലും മൂന്ന് പ്രധാന വെല്ലുവിളികൾ തടസമായി ഉണ്ട്. ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചേക്കാവുന്ന യുസ് തീരുവകൾ, പലിശനിരക്ക് കുറഞ്ഞാലും ബാങ്ക് വായ്പകളിൽ പ്രതിഫലിക്കാത്ത ക്രെഡിറ്റ് ഗ്രോത്ത് എന്നിവയാണവ. കൂടാതെ, കാർഷിക മേഖലയെയും ഗ്രാമീണ വരുമാനത്തെയും മോശമായി ബാധിക്കുന്ന എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും (Weather Disruptions) സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
മൊത്തത്തിൽ, സാമ്പത്തിക സർവേ 2025–26 ഇന്ത്യയുടെ വളർച്ചാ കഥ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ ഒരു 'ഗ്ലോബൽ മാനുഫാക്ചറിംഗ് ഹബ്ബ്' ആക്കി മാറ്റുന്നതിനും ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്ന ഒന്നായിരിക്കും 2026-ലെ സാമ്പത്തിക സർവേ എന്ന നമുക്ക് പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
