image

3 Dec 2025 4:20 PM IST

India

Rupee Fall: രൂപയുടെ മൂല്യം ഇടിവ് നിത്യജീവിതത്തെ എങ്ങനെ ബാധിക്കും?

Rinku Francis

Rupee Fall: രൂപയുടെ മൂല്യം ഇടിവ് നിത്യജീവിതത്തെ എങ്ങനെ ബാധിക്കും?
X

Summary

ഈ വർഷം ഏറ്റവും കൂടുതൽ മൂല്യമിടിഞ്ഞ ഏഷ്യൻ കറൻസി. രൂപയുടെ മൂല്യം ഇടിവ് നിത്യജീവിതത്തെ എങ്ങനെ ബാധിക്കും?


ഡോളറിനെതിരെ റെക്കോഡ് മൂല്യതകർച്ച നേരിടുകയാണ് രൂപ. സമീപ വർഷങ്ങളിലെ രൂപയുടെ ഏറ്റവും വലിയ മൂല്യത്തകർച്ചയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട കറൻസികളിൽ മുൻനിരയിൽ രൂപയുണ്ട്. ഡോളറിൻ്റെ കരുത്തും ആഭ്യന്തര വിപണി ദുർബലമാകുന്നതുമൊക്കെ രൂപയുടെ മൂല്യം ഇടിവിനെ ബാധിച്ചു.

യുഎസിൻ്റെ പുതിയ തീരുവ നയങ്ങളും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിന് പകരമായി ഏതാണ്ട് എല്ലാ മേഖലകളിലും യുഎസ് ചുമത്തിയ പിഴ തീരുവ രൂപയെ കൂടുതൽ തളർത്തി. ഇന്ത്യയുടെ പ്രധാന കയറ്റുമതി വ്യവസായ മേഖലകളായ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയിൽ നിന്നുള്ള ലാഭം കുറഞ്ഞു. കയറ്റുമതി മന്ദഗതിയിലായി. എന്നാൽ സ്വർണ്ണം പോലുള്ള ചില വസ്തുക്കളുടെ ഇറക്കുമതി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ കയറ്റുമതി മേഖല ഈ വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വെറും 0.6 ശതമാനം മാത്രമാണ് വളർന്നത്. കയറ്റുമതിയേക്കാൾ ഇറക്കുമതി ഉയരുന്നത് രൂപക്ക് കനത്ത തിരിച്ചടിയാണ്.വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 1700 കോടി യുഎസ് ഡോളറിലധികമാണ് പിൻവലിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകാൻ ഇതും കാരണമായി.


രൂപയുടെ മൂല്യത്തകർച്ച ഏതൊക്കെ മേഖലകളെ ബാധിക്കും?

രൂപ ദുർബലമാകുന്നത് ഇറക്കുമതി ചെലവ് ഉയർത്തും എന്നത് തന്നെയാണ് ഏറ്റവും പ്രത്യക്ഷമായ മാറ്റം. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇറക്കുമതിയെ ബാധിക്കും. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, രാസ വസ്തുക്കൾ, സസ്യ എണ്ണ എന്നിവയുടെ ഇറക്കുമതി ചെലവുകൾ ഉയരുന്നത് ഇവയുടെ വില ഉയരാനും കാരണമാകും. രൂപയുടെ മൂല്യത്തകർച്ച തുടർന്നാൽ എണ്ണക്കമ്പനികൾക്ക് ഇന്ധന വില കൂട്ടേണ്ടി വരും. മൂല്യത്തകർച്ച കുറയ്ക്കാൻ ഡോളർ ശേഖരം വിറ്റഴിച്ച് ആർബിഐ രംഗത്തുണ്ടെങ്കിലും മൂല്യമിടിവ് തുടർന്നാൽ മറ്റ് മേഖലകളെയും ഇത് ബാധിക്കാം. ഇഎംഐ, യാത്രാ ചെലവുകൾ എന്നിവയൊക്കെ വർധിക്കും

വിദേശ പഠനം

വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മാതാപിതാക്കൾ ഡോളറിൽ അയക്കുന്ന പണത്തിൻ്റെ മൂല്യം ഇനി കുറയും. വിദേശ രാജ്യങ്ങളിലെ ട്യൂഷൻ ഫീസ്, ജീവിത ചെലവുകൾ എന്നിവ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പണം അയക്കുന്നത് കൂടുതൽ ചെലവേറിയ നടപടിയാകും.