2 Feb 2026 12:27 PM IST
Union Budget 2026 Reactions : കേന്ദ്ര ബജറ്റ് സ്വാഗതം ചെയ്ത് വ്യവസായ മേഖല, കേരളത്തോടുള്ള അവഗണന വെളിപ്പെടുത്തി പി രാജീവ്
MyFin Desk
Summary
Union Budget Reactions : വ്യവസായ മേഖലയിൽ വലിയ വിഭാഗവും കേന്ദ്ര ബജറ്റ് സ്വാഗതം ചെയ്തപ്പോൾ കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന വെളിപ്പെടുത്തി വ്യവസായ മന്ത്രി പി രാജീവ്.
കേന്ദ്ര ബജറ്റ് സ്വാഗതം ചെയ്ത് വ്യവസായ ലോകം. വ്യവസായികളിൽ ഭൂരിഭാഗവും ബജറ്റ് ദീർഘവീഷണത്തോടെയുള്ളത് എന്ന് അഭിപ്രായപ്പെട്ടപ്പോൾ കേരളത്തോടുള്ള അവഗണന തുറന്ന് പറഞ്ഞ് വ്യവസായ മന്ത്രി പി രാജീവ്. രാജ്യത്ത് തന്നെ ആദ്യമായി അതിവേഗ റെയിൽ പദ്ധതി ആവശ്യപ്പെട്ടത് കേരളമാണ്. എന്നിട്ടും പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് കടുത്ത വിവേചനമാണ്. എയിംസിനായി സ്ഥലം കണ്ടെത്തി നൽകിയിട്ടും പ്രഖ്യാപനമില്ലാത്തത് നിരാശാജനകമാണെന്നും മന്ത്രി സൂചിപ്പിച്ചു.
വ്യവസായ മേഖലയുടെ പ്രതികരണം ഇങ്ങനെ.
സാമ്പത്തിക വളർച്ച ലക്ഷ്യം
(തോമസ് ജോൺ മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ)
ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉൽപ്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. മാത്രമല്ല, വികസിത ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
ഉൽപ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനാകും. ദക്ഷിണേന്ത്യയ്ക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.മെച്ചപ്പെട്ട വായ്പ ലഭ്യത, ബാങ്കിങ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങൾ എന്നിവ എൻബിഎഫ്‌സികളെ ശക്തിപ്പെടുത്തും.
ആത്മവിശ്വാസം നൽകുന്ന ബജറ്റ്
(വികെസി റസാഖ്, ചെയർമാൻ, സിഐഐ കേരള &വികെസി ഗ്രൂപ്പ്)
2026–27 ലെ കേന്ദ്ര ബജറ്റ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സിഐഐ കേരള ചെയർമാൻ വികെസി റസാഖ്. സാമ്പത്തിക അച്ചടക്കത്തോടെ വളർച്ച ലക്ഷ്യം വെച്ചുള്ളതാണ് പ്രഖ്യാപനങ്ങൾ. സാമ്പത്തിക രംഗത്തെ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്നതാണ് നടപടികൾ.വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള അടിത്തറയാണ് ബജറ്റ്. അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ടൂറിസം, ബയോഫാർമ, കൃഷി, അഡ്വാൻസ്ഡ് മെറ്റീരിയൽ നിർമ്മാണം, മെഡിക്കൽ ടൂറിസം, സമുദ്ര മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെയും, എംഎസ്എംഇകളെയും സേവന മേഖലയെയും പിന്തുണയ്ക്കുന്നതിലൂടെയും, ബജറ്റ് കേരളത്തിനും നേട്ടം നൽകും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഹൈടെക് കൃഷി കർഷകർക്ക് അനുകൂലം
(ശിവദാസ് ബി മേനോൻ, സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിംഗ് ഡയറക്ടർ)
ഉയർന്ന മൂല്യമുള്ള ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കർഷൿക്ക് നേട്ടമാകുമെന്ന് സ്റ്റെർലിംഗ് ഫാം റിസർച്ച് & സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശിവദാസ് ബി മേനോൻ. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നൽ, കയറ്റുമതി വിപണിയിൽ ഗുണമാകുമെന്നും കേരളത്തിന് മികച്ച ലഭിക്കും.
അപൂർവ ധാതുഇടനാഴി കേരളത്തിന് നേട്ടം
ശ്രീനാഥ് വിഷ്ണു, വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ
ബജറ്റിലെ സെമികണ്ടക്ടറുകൾ, നിർദ്ദിഷ്ട അപൂർവ ധാതു ഇടനാഴി, ഉൾനാടൻ ജലപാതകൾ, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങളിലൂടെ കേരളത്തിനും അവസരം ലഭിക്കുമെന്ന് വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു.
മെഡിക്കൽ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം ഉയരും
(ഡോ. യദു നാരായണൻ മൂസ് ,തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാല)
പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, നവീകരിച്ച ആയുഷ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ ആയുർവേദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് തൈക്കാട്ട് മൂസ് വൈദ്യരത്നം ഔഷധശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. യദു നാരായണൻ മൂസ്. നടപടികളിലൂടെ മെഡിക്കൽ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളം ഉയർന്നുവരുമെന്ന ആത്മവിശ്വാസമുണ്ട്.
നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാകുന്നു
(വിവേക് കൃഷ്ണ ഗോവിന്ദ്. വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ)
നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാഗതം ചെയ്ത് വർമ്മ & വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ്. നികുതി സമ്പ്രദായത്തിലെ പ്രൊഫഷണലൈസേഷൻ, ഡീക്രിമിനലൈസേഷൻ എന്നിവയെ സ്വാഗതം ചെയ്യുന്നു.
ഷീ മാർട്ടും നേട്ടമാകും
(ലേഖ ബാലചന്ദ്രൻ, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ണർ)
എസ്എംഇകൾ, സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾ, ഇക്വിറ്റി ഫണ്ടിംഗ്, കോർപ്പറേറ്റ് മിത്ര, ഷീ-മാർട്ട് എന്നിവയ്ക്കുള്ള സർക്കാരിൻ്റെ ശക്തമായ പിന്തുണയെ അഭിനന്ദിച്ച് സിഐഐ കൊച്ചി സോണൽ കൗൺസിൽ വൈസ് ചെയർപേഴ്‌സണും റെസിടെക് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് പാർട്ണറുമായ ശ്രീമതി ലേഖ ബാലചന്ദ്രൻ.
പഠിക്കാം & സമ്പാദിക്കാം
Home
