image

30 Jan 2026 4:58 PM IST

India

കേന്ദ്ര ബജറ്റ്; ഇനി രണ്ടു ദിവസങ്ങൾ കൂടെ മാത്രം, അണിയറയിൽ വികസിത ഭാരതത്തിലേക്കുള്ള റോഡ് മാപ്പ്?

Rinku Francis

union budget, only two days left
X

Summary

കേന്ദ്ര ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള റോഡ് മാപ്പാകുമോ? നരേന്ദ്ര മോദി സർക്കാരിൻ്റെ 15 -ാം ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് ധനമന്ത്രി നിർമലാ സീതാരാമൻ


രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റിന് ഇനി രണ്ടുദിവസങ്ങൾ കൂടെ മാത്രം. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ ഒൻപതാം ബജറ്റ് അവതരണം നരേന്ദ്ര മോദി സർക്കാരിൻ്റെ 15 -ാം ബജറ്റ് കൂടെയാണ്. ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് 2026 -27 സാമ്പത്തിക വർഷത്തിലെ ബജറ്റ്. താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക വളർച്ചയുടെ സൂചനകളാണ് ഉള്ളതെങ്കിലും രൂപയുടെ മൂല്യമിടിവും ആഗോള സാമ്പത്തിക രംഗത്തെ അരികഷിതാവസ്ഥയും, നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്തിരിയുന്നതും ഉൾപ്പെടെ ഒട്ടേറെ ആശങ്കകളുണ്ട്.

യുഎസ് ഉയർത്തുന്ന വ്യാപാരയുദ്ധം, പുതിയ പശ്ചിമേഷ്യൻ സംഘർഷങ്ങൾ, ദുർബലമായിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക രംഗം എന്നിവയൊക്കെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെയും സ്വാധീനീക്കാം. സർക്കാർ സ്വപ്നം കാണുന്ന വികസിത ഭാരതം യാഥാർഥ്യമാക്കണമെങ്കിലും കടമ്പകളൊട്ടേറെ..

ബജറ്റിൽ പ്രഖ്യാപനം കാക്കുന്ന പ്രധാന മേഖലകളിൽ റെയിൽവേ, അടിസ്ഥാന സൗകര്യ വികസനം, കാ‍ർഷിക മേഖല, പ്രതിരോധ മേഖല, ന​ഗരാസൂത്രണം, എംഎസ്എംഇ, എഐ തുടങ്ങിയ മേഖലകളുണ്ട്. ആരോ​ഗ്യമേഖല, ലോജിസ്റ്റിക്സ് രം​ഗം, യുവജനക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും നിർണായക പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.

ശ്വാസം മുട്ടിക്കുന്ന തീരുവക്കുരുക്ക്

യുഎസിൻ്റെ തീരുവക്കുരുക്കിൽ ശ്വാസം മുട്ടുന്ന കയറ്റുമതി മേഖലക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളും ബദൽ വിപണി തേടാനുള്ള മാർഗങ്ങളും സഹായങ്ങളും നിർണായകമാകും. ലോജിസ്റ്റിക്സ് രംഗവും കൂടുതൽ കരുത്താർജിച്ചേ മതിയാകൂ. ഗ്രാമീണ മേഖലയിലെ ഡിമാൻഡ് ഉയർത്തുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ കൂടിയേ തീരൂ. എംഎസ്എംഇ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം.

ആശങ്കയോടെ പഴയ നികുതി സ്ലാബിൽ തുടരുന്നവർ

ആദായ നികുതി സ്ലാബുകളിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം നികുതിദായക‍ർ ഉന്നയിക്കുന്നുണ്ട്. നികുതി സമ്പ്രദായം കൂടുതൽ ആകർഷകമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നത് ശ്രദ്ധേയമാകും. നിലവിൽ 12.75 ലക്ഷം രൂപ വരെയുള്ള തുകക്ക് നികുതി ഇല്ല എന്നത് പുതിയ സ്ലാബ് തെരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച് ആക‍ർഷകമാണ്. എന്നാൽ പുതിയതും പഴയതുമായ നികുതി വ്യവസ്ഥ താരതമ്യം ചെയ്യുമ്പോൾ പഴയ സ്ലാബിൽ തുടരുന്നവരുടെ റിബേറ്റുകൾ, കിഴിവുകൾ, മൂലധന നേട്ടങ്ങൾ എന്നിവയിൽ വ്യക്തത വേണമെന്ന് നികുതിദായക‍ർ ആ​ഗ്രഹിക്കുന്നു. ഐടിആർ ഫയലിംഗ് നടപടിക്രമങ്ങൾ വീണ്ടും ലളിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുതിർന്ന പൗരൻമാരും കൂടുതൽ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്.

എഐക്കായി ബജറ്റിൽ എന്തുണ്ടാകും?

ബജറ്റിൽ യുവതലമുറ ഏറ്റവും കൂടുതൽ കാതോർക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്ന് എഐ കേന്ദ്രീകരിച്ചുള്ളതായിരിക്കും. ലോകമെമ്പാടും എഐ പടരുമ്പോൾ രാജ്യം ഭാവി സാങ്കേതികവിദ്യാ വികസനത്തിനും ഗവേഷണങ്ങൾക്കുമായി എങ്ങനെ തയ്യാറെടുക്കുന്നു എന്നത് പ്രധാനമാണ്.

എഐയിലെ മുന്നേറ്റത്തിന് ഡാറ്റ നവീകരണം, അനുകൂലമായ പരിതസ്ഥിതികൾ എന്നിവ കൂടിയേ തീരൂ. എല്ലാ മേഖലകളിലും എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ അത്യാധുനിക ഡാറ്റ സെൻ്ററുകൾ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമായേ തീരൂ.