1 Feb 2026 3:42 PM IST
Summary
കേന്ദ്ര ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളത്തിന് പരാമർശം. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപനത്തിലൂടെ ഖനനം മുതല്‍ ഹൈടെക് നിര്‍മ്മാണം വരെ വ്യാപിക്കുന്ന വികസന വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ തുറക്കുന്നത്. ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷനുമായി ചേര്‍ന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ ഭാവിക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളത്തിനായി പ്രഖ്യാപനം. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ ധാതു സമ്പുഷ്ടമായ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. ഈ ഇടനാഴിയിലൂടെ ധാതു ഖനനം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവ ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം-ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി ഇതിനകം തന്നെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന്റെ തീരദേശ മേഖലയിലെ അപൂര്‍വ ധാതു സാന്നിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് റെയര്‍ എര്‍ത്ത് ധാതുക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ പുതിയ സാധ്യതകള്‍ തുറക്കാന്‍ ഈ ഇടനാഴിക്ക് കഴിയും.
ഇന്ത്യയുടെ സാങ്കേതിക-വ്യവസായ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന സെമികണ്ടക്ടര്‍ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ ധാതു ഇടനാഴി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ ധാതു സമ്പുഷ്ടിയെ രാജ്യത്തിന്റെ വ്യവസായ വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ തൊഴിൽ അവസരങ്ങൾ വരും
ഖനനം മുതല്‍ സംസ്‌കരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തന്നെ നടക്കുന്നതിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കാനും, അനുബന്ധ വ്യവസായങ്ങള്‍ ശക്തിപ്പെടാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഇന്ത്യയെ ഒരു ഗ്ലോബല്‍ ബയോ-ഫാര്‍മ മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ പതിനായിരം കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ ഗവേഷണവും നിര്‍മ്മാണവും ശക്തിപ്പെടുന്നതിലൂടെ കേരളത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് മേഖലകള്‍ക്കും നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വിഴിഞ്ഞത്തിന് നേട്ടമാകുമോ?
കണ്ടെയ്‌നര്‍ നിര്‍മ്മാണത്തിനായി അയ്യായിരം കോടി രൂപ വകയിരുത്തിയതും കേരളത്തിന് പ്രാധാന്യമുള്ള പ്രഖ്യാപനമാണ്. തുറമുഖ വികസനത്തിലും ലോജിസ്റ്റിക് മേഖലയില്‍ കേരളം കൈവരിച്ചിരിക്കുന്ന മുന്നേറ്റത്തിന് ഇത് കൂടുതല്‍ ഊര്‍ജം നല്‍കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ദീര്‍ഘകാല നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്.
ഡിജിറ്റല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിനും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. മൊത്തത്തില്‍, ധാതു ഇടനാഴി ഉള്‍പ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ വ്യവസായ, സാങ്കേതിക, തൊഴില്‍ മേഖലകളില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണെന്നാണ് പൊതുവായ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
