9 Jan 2026 11:39 AM IST
Union Budget Expectations : കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് ബാഗിൽ എന്തൊക്കെ?
MyFin Desk
Summary
Budget Expectations : ഒൻപതാം ബജറ്റ് അവതരണത്തിന് ഒരുങ്ങി ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണ ബജറ്റ് ബാഗിൽ എന്തൊക്കെ? പ്രതീക്ഷയോടെ വിവിധ മേഖലകൾ
2026-2027 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഉറ്റുനോക്കുകയാണ് രാജ്യം. ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് എന്നത് കൗതുകകരമാണ്. രാജ്യത്തെ ആദ്യ ഫുൾടൈം വനിത ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ഒൻപതാം ബജറ്റ് അവതരണമാണിത്. കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ബിൽ ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ ടാക്സ് സ്ലാബ് കൂടുതൽ ആകർഷകമായി. അടുത്തിടെ ജിഎസ്ടിയിൽ പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നതിന് ശേഷം അവതരിപ്പിക്കുന്ന ബജറ്റിൽ രാജ്യത്ത് ഉപഭോഗം പ്രോത്സാഹിപ്പിക്കാനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എന്തൊക്കെ നടപടികൾ ഉണ്ടാകും എന്നത് ശ്രദ്ധേയമാകും.
യുഎസിൻ്റെ ഉയർന്ന തീരുവ ആഘാതം ബാധിച്ച മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഇടപെടൽ വേണം എന്ന് വ്യവസായ സംഘടനയായ അസോച്ചം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി മറികടക്കാനും മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയർത്താനും സഹായകരമായ എന്തൊക്കെ നടപടികൾ സർക്കാർ പ്രഖ്യാപിക്കും എന്നത് കയറ്റുമതി മേഖലയിലും വളരെ പ്രധാനമാണ്.
പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മേഖലകളിൽ അടിസ്ഥാന സൗകര്യ വികസന രംഗം, റെയിൽവേ എന്നിവക്കൊപ്പം പ്രതിരോധ മേഖല, ഊർജജ വ്യവസായ രംഗം എന്നിവയുമുണ്ട്. വലിയ പരിവർത്തനത്തിന് ഒരുങ്ങുന്ന ഊർജ്ജ വ്യവസായ രംഗത്ത് ഈ മേഖലയിൽ ഉള്ളവർ പദ്ധതികൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് പുനരുപയോഗ ഊർജ്ജ മേഖലയിൽ. ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും സർക്കാർ ഇടപെടൽ വേണം.
എഐയിൽ പ്രഖ്യാപനങ്ങൾ എന്തൊക്കെ?
ഏറെ പ്രതീക്ഷകളോടെ കാർഷിക മേഖലയും എംഎസ്എംഇ മേഖലയും ബജറ്റ് ഉറ്റുനോക്കുന്നുണ്ട്. യുഎസ് തീരുവ ആഘാതം ബാധിച്ച രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ കയറ്റുമതി ഉയർത്താൻ ബജറ്റിൽ നടപടികൾ ഉണ്ടായേക്കും എന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. വേഗത്തിലുള്ള നികുതി റീഫണ്ടുകൾ ചെറുകിട വ്യവസായികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. നികുതി റീഫണ്ടുകൾ കാര്യക്ഷമമാക്കാനുള്ള നടപടികൾ സാധാരണക്കാരും ആഗ്രഹിക്കുന്നു.
ലോകം മുഴുവൻ ജനറേറ്റീവ് എഐയിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കുമ്പോൾ രാജ്യത്തെ എഐ ഗവേഷണത്തിനും വികസനത്തിനുമായി എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് യുവാക്കൾ ഉൾപ്പെടെ ഉറ്റുനോക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽ അവസരങ്ങൾ ഉയർത്തുന്നതിനും നൈപുണ്യ വികസനത്തിനുമായി പുതിയ പദ്ധതികൾ ഉണ്ടാകുമോ എന്നതും ശ്രദ്ധേയമാകും.
പഠിക്കാം & സമ്പാദിക്കാം
Home
