24 Nov 2023 2:41 PM IST
Summary
- 100 കിലോമീറ്റര്‍ മേല്‍പ്പാലങ്ങളും 230 കിലോമീറ്ററില്‍ തൂണുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി
- എക്സില്‍ ഇതിന്റെ വീഡിയോയുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയില്‍ 100 കിലോമീറ്റര്‍ മേല്‍പ്പാലങ്ങളും (വയാഡക്റ്റ്) 230 കിലോമീറ്ററില്‍ തൂണുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായതായി നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) അറിയിച്ചു.
40 മീറ്റര്‍ നീളമുള്ള 'ഫുള്‍ സ്പാന്‍ ബോക്സ് ഗര്‍ഡറുകള്‍', 'സെഗ്മെന്റല്‍ ഗര്‍ഡറുകള്‍' സമ്പ്രദായത്തിലാണ് 100 കിലോമീറ്റര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് എന്‍എച്ച്എസ്ആര്‍സിഎല്‍ അറിയിച്ചു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ ഒരു വീഡിയോയിലൂടെയാണ് ഈ വിവരങ്ങള്‍ നല്‍കിയത്
എന്‍എച്ച്എസ്ആര്‍സിഎല്‍ പറയുന്നതനുസരിച്ച്, വല്‍സാദ് ജില്ലയിലെ പാര്‍, ഔറംഗ, നവസാരി ജില്ലയിലെ പൂര്‍ണ്ണ, മിന്ദോല, അംബിക, വെംഗനിയ എന്നീ ആറ് ഗുജറാത്ത് നദികള്‍ക്ക് കുറുകെയുള്ള മേല്‍പ്പാലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2022 ജൂണ്‍ 30-ന് ആറ് മാസത്തിനുള്ളില്‍ വയഡക്ടിന്റെ ആദ്യ കിലോമീറ്റര്‍ തയ്യാറായി. 2023 ഏപ്രില്‍ 22-ന് ഇത് 50 കിലോമീറ്റര്‍ വയഡക്ടിന്റെ നിര്‍മ്മാണം കൈവരിച്ചു. അതിനുശേഷം ആറ് മാസത്തിനുള്ളില്‍ 100 കിലോമീറ്റര്‍ വയഡക്ട് പൂര്‍ത്തിയാക്കി,''എന്‍എച്ച്എസ്ആര്‍സിഎല്‍ അറിയിച്ചു.
40 മീറ്റര്‍ നീളമുള്ള ബോക്‌സ് ഗര്‍ഡറുകള്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കൂട്ടിയോജിപ്പിക്കുന്നു. മെട്രോ വയഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സ്പാന്‍-ബൈ-സ്പാന്‍ രീതിയേക്കാള്‍ 10 മടങ്ങ് വേഗതയില്‍ ഇവിടെ എല്ലാ ജോലികളും നടക്കുന്നു.
എന്‍എച്ച്എസ്ആര്‍സിഎല്‍ പറയുന്നതനുസരിച്ച്, വയഡക്റ്റ് വര്‍ക്കിന് പുറമെ, 250 കിലോമീറ്റര്‍ തൂണുകളുടെ ജോലിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ ജാപ്പനീസ് ഷിന്‍കാന്‍സെന്‍ ഉപയോഗിക്കുന്ന ദൃഢതയുള്ള കോണ്‍ക്രീറ്റ് ട്രാക്ക് ബെഡ് സ്ഥാപിക്കുന്നത് സൂററ്റില്‍ ആരംഭിച്ചു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി പദ്ധതിയുടെ ആകെ ചെലവ് 1.08 ലക്ഷം കോടി രൂപയാണ്. ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, കേന്ദ്ര സര്‍ക്കാര്‍ എന്‍എച്ച്എസ്ആര്‍സിഎല്ലിന് 10,000 കോടി രൂപയും ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി രൂപ വീതവും നല്‍കണം. ബാക്കി തുക ജപ്പാനില്‍ നിന്ന് 0.1 ശതമാനം പലിശയ്ക്ക് വായ്പയായി ലഭ്യമാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
2017 സെപ്റ്റംബറില്‍ അഹമ്മദാബാദിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തുടക്കം കുറിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
