image

20 May 2022 5:27 AM IST

Lifestyle

പഞ്ചസാര കയറ്റുമതിയില്‍ മധുരിച്ച് ഇന്ത്യ: 2018 നേക്കാള്‍ 15 മടങ്ങ് നേട്ടം

MyFin Desk

Sugar Produciton
X

Summary

ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിക്കുന്ന നടപ്പ് വിപണന വര്‍ഷത്തില്‍ മെയ് 18 വരെ ഇന്ത്യ 75 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. 2017-18ലെ പഞ്ചസാര സീസണിലെ കയറ്റുമതിയെ അപേക്ഷിച്ച് 2021-22 ലെ പഞ്ചസാരയുടെ കയറ്റുമതി 15 മടങ്ങ് കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് പഞ്ചസാര ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. 2017 […]


ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിക്കുന്ന നടപ്പ് വിപണന വര്‍ഷത്തില്‍ മെയ് 18 വരെ ഇന്ത്യ 75 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. 2017-18ലെ പഞ്ചസാര സീസണിലെ കയറ്റുമതിയെ അപേക്ഷിച്ച് 2021-22 ലെ പഞ്ചസാരയുടെ കയറ്റുമതി 15 മടങ്ങ് കൂടുതലാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് പഞ്ചസാര ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍. 2017 മുതല്‍ 2020 വരെയുള്ള വിപണന വര്‍ഷങ്ങളില്‍ യഥാക്രമം 6.2 ലക്ഷം ടണ്‍, 38 ലക്ഷം ടണ്‍, 59.60 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തു. 2020-21ല്‍ ഏകദേശം 70 ലക്ഷം ടണ്‍ പഞ്ചസാരയാണ് രാജ്യത്തു നിന്ന് കയറ്റുമതി ചെയ്തത്.
പഞ്ചസാര കയറ്റുമതി സുഗമമാക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 14,456 കോടി രൂപയും (ബഫര്‍ സ്റ്റോക്ക് നിലനിര്‍ത്തുന്നതിനുള്ള ചെലവായി 2,000 കോടി രൂപയും) പഞ്ചസാര മില്ലുകള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
2021-22ല്‍ ഏകദേശം 90 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ മില്ലുടമകള്‍ കരാര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 75 ലക്ഷം ടണ്‍ മെയ് 18 വരെ കയറ്റുമതി ചെയ്തു കഴിഞ്ഞു. കയറ്റുമതി സബ്സിഡി പ്രഖ്യാപിക്കാതെയാണിത്. അധിക കരിമ്പ് എത്തനോളിലേക്ക് തിരിച്ചുവിടാന്‍ പഞ്ചസാര മില്ലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
2022 ഓടെ ഇന്ധന ഗ്രേഡ് എത്തനോള്‍ പെട്രോളുമായി 10 ശതമാനവും 2025 ഓടെ 20 ശതമാനവും മിശ്രിതമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, ഇറക്കുമതി ചെയ്യുന്ന ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും, കൂടാതെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
2013-14 മുതല്‍ 2020-21 വരെ ഫ്യുവല്‍ ഗ്രേഡ് എത്തനോള്‍ ഉത്പാദനവും ഓയില്‍ വിപണന കമ്പനികളിലേക്കുള്ള വിതരണവും എട്ട് മടങ്ങ് വര്‍ധിച്ചു. 2020-21 (ഡിസംബര്‍ - നവംബര്‍) എഥനോള്‍ വിതരണ വര്‍ഷത്തില്‍, ഏകദേശം 302.30 കോടി ലിറ്റര്‍ എത്തനോള്‍ വിതരണം ചെയ്തു. ഇതിലൂടെ 8.1 ശതമാനം ബ്ലെന്‍ഡിംഗ് ലെവലുകള്‍ കൈവരിക്കാന്‍ സാധിച്ചു. ബി ഹെവി മൊളാസസ്, കരിമ്പ് ജ്യൂസ്, പഞ്ചസാര പാനി, പഞ്ചസാര എന്നിവയില്‍ നിന്ന് എത്തനോള്‍ ഉല്‍പ്പാദിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.