image

31 Dec 2022 5:15 AM GMT

Kerala

കശുമാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കാന്‍ ഒരുങ്ങി കെഎസ്‌സിഡിസി

MyFin Bureau

kscdc is ready to make alcohol from cashew
X

Summary

  • ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍


കൊല്ലം: കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലായതിനാല്‍ കശുമാങ്ങയില്‍ നിന്നും മദ്യമുണ്ടാക്കി ആഢംബര ഉത്പന്നമായി മാറ്റാന്‍ ഒരുങ്ങി കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ (കെഎസ്‌സിഡിസി). സംസ്ഥാനത്ത് ആദ്യ ഫെനി മാതൃകയിലുള്ള മദ്യനിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിലൂടെ മുന്‍കൂര്‍ നേട്ടം കൈവരിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

1000 രൂപയ്ക്കടുത്തുള്ള ഒരു ലിറ്റര്‍ മദ്യം വിപണിയിലെത്തിക്കാനാണ് പദ്ധതി. ഈ പദ്ധതിയിലൂടെ കശുവണ്ടി വ്യവസായത്തിന് മാത്രമല്ല, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.

വിദേശ വിനോദ സഞ്ചാരികളുടെ ജനപ്രിയ പാനീയമാണ് ഗോവന്‍ ഫെനി. അതുകൊണ്ടുതന്നെ കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങയില്‍ നിന്നും മദ്യം ഉണ്ടാക്കുന്നതിലൂടെ ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

13.02 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് വരുന്നത്. ഉത്പന്നം കേരളത്തില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കശുവണ്ടി വ്യവസായത്തിലേക്ക് 100 കോടി വിദേശനിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കെഎസ്‌സിഡിസിയുടെ പ്രതീക്ഷ. കശുമാങ്ങ കൂടാതെ ആപ്പിള്‍, വാഴപ്പഴം തുടങ്ങിയ മറ്റുപഴങ്ങളും കൂടെ പദ്ധതിയുടെ ഭാഗമാക്കാന്‍ കെഎസ്‌സിഡിസി ഉദ്ദേശിക്കുന്നുണ്ട്.

കശുവണ്ടി മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സൗകര്യം ഒരു പഴയ കശുവണ്ടി ഫാക്ടറിക്കുള്ളില്‍ ഒരുക്കും. കശുമാങ്ങ ഉപയോഗിച്ച് കോഴിക്കോട് അഴിയൂരില്‍ മദ്യം ഉണ്ടാക്കുന്നതിനായി കോര്‍പറേഷന്‍ അനുമതി നല്‍കിക്കഴിഞ്ഞു. പ്രതിവര്‍ഷം മൂന്നു ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.