image

4 July 2023 4:30 PM IST

Business

ആംബുലന്‍സുകള്‍ക്ക് ഇനി ജിപിഎസ്

Kochi Bureau

ambulances now have gps
X

Summary

  • ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, യൂണിഫോം എന്നിവ നടപ്പിലാക്കും


ആംബുലന്‍സുകള്‍ക്ക് ജിപിഎസ് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിത്.

ഇന്‍സൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, യൂണിഫോം എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കും. ആംബുലന്‍സുകള്‍ക്ക് കളര്‍കോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുള്‍പ്പെടെ എക്സ്ട്രാ ഫിറ്റിംഗ് പൂര്‍ണമായി ഒഴിവാക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

'ബോധവല്‍ക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ കോളേജ് ബസ് ഡ്രൈവര്‍മാര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് നിലവില്‍ പരിശീലനം നല്‍കി വരുന്നണ്ട്. ഒരിക്കല്‍ ലൈസന്‍സ് കിട്ടിയാല്‍ പരിശീലനമാവശ്യമില്ല എന്ന തോന്നല്‍ തെറ്റാണ്. റോഡ് നിയമങ്ങള്‍, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോള്‍ പരിശീലനം അത്യാവശ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊളളാന്‍ ഡ്രൈവര്‍ സമൂഹവും തയാറാകണം,' മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് വിവിധ ഏജന്‍സികളെ കോര്‍ത്തിണക്കി കേന്ദ്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങള്‍ 2.5 ലക്ഷമായി കുറഞ്ഞു. പിഴ ഈടാക്കാന്‍ ആരംഭിച്ചതോടെ 70,000 ലേക്ക് കുറഞ്ഞു. 4,000 പേര്‍ പ്രതിവര്‍ഷം വാഹന അപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58 ശതമാനം ഇരുചക്ര വാഹനങ്ങള്‍, 24 ശതമാനം കാല്‍നട യാത്രക്കാരന്‍ എന്ന കണക്കില്‍ പ്രതിദിനം 12 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരള റോഡ് സുരക്ഷാ അതോറിറ്റി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി ഇംഗ്ലീഷില്‍ പ്രസിദ്ധികരിച്ച പോസ്റ്റ് ക്രാഷ് മാനേജ്മെന്റ് എന്ന കൈപുസ്തകത്തിന്റെ മലയാള പരിഭാഷ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍, മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് എന്നിവയുടെ സഹകരണത്തോടെ ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് നടപ്പിലാക്കിയ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയാണ് ഇന്‍സൈറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ ഇരുന്നൂറിലധികം ആംബുലന്‍സ് ഡ്രൈവര്‍മാരും, സ്‌കൂള്‍, കോളേജ് ബസ് ഡ്രൈവര്‍മാരും ഇതിനോടകം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി.

എസ്.സി.ടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷീജ എം കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. അരുണ്‍ എം സ്വാഗതമാശംസിച്ചു. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി എസ്, നാറ്റ്പാക് ഡയറക്ടര്‍ സാംസണ്‍ മാത്യു, കേരള റോഡ് സേഫ്റ്റി അതോറിറ്റി മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്‍, ഡോ. വി കെ ചിത്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. ശ്രീജിത്ത് ബി ജെ നന്ദി അറിയിച്ചു.