image

29 May 2023 9:54 AM IST

Business

ഇന്ത്യയില്‍ റീട്ടെയില്‍ വിപുലീകരണത്തിന് ബ്രിഡ്‍ജ്സ്റ്റോണ്‍ തയാറെടുക്കുന്നു

MyFin Desk

bridgestone is gearing up for retail expansion in india
X

Summary

  • വില്‍പ്പന അളവിലും വരുമാനത്തിലും ശ്രദ്ധേയ വളര്‍ച്ച
  • നിലവില്‍ 3,200-ലധികം ഡീലർഷിപ്പുകള്‍
  • കഴിഞ്ഞ വര്‍ഷം 218 പട്ടണങ്ങളിലേക്ക് പുതുതായി എത്തി


ടയർ നിർമ്മാതാക്കളായ ബ്രിഡ്‍ജ്സ്‍റ്റോൺ ഈ വർഷം ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം 20-25 ശതമാനം വരെ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. മൊത്തം വ്യവസായത്തിന്റെ വളർച്ചയേക്കാൾ ഉയർന്ന വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ബ്രിഡ്‍ജ്സ്‍റ്റോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സ്റ്റെഫാനോ സന്‍ചിനി പറഞ്ഞു. നിലവിൽ ഇന്ത്യയിലെ 1,300 നഗരങ്ങളിലും പട്ടണങ്ങളിലുമായി 3,200-ലധികം ഡീലർഷിപ്പുകള്‍ കമ്പനിക്കുണ്ട്.

ജപ്പാനില്‍ നിന്നുള്ള ബഹുരാഷ്ട്ര ടയർ നിർമാണ കമ്പനിയായ ബ്രിഡ്‍ജ്സ്‍റ്റോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ ബ്രിഡ്‍ജ്സ്‍റ്റോൺ ഇന്ത്യയ്ക്ക് വൈവിധ്യമാർന്ന പോര്‍ട്ട്ഫോളിയോ ആണുള്ളത്. "ബ്രിഡ്‍ജ്സ്‍റ്റോൺ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ വിപണി സാന്നിധ്യം വർധിപ്പിക്കുകയാണ്. 2022-ൽ ഞങ്ങൾ ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം 11% വർദ്ധിപ്പിച്ചു, അധികമായി 218 പട്ടണങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം എത്തി. ഈ വർഷം ഞങ്ങളുടെ മൊത്തത്തിലുള്ള റീട്ടെയിൽ ശൃംഖല 20-25% വരെ വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” സ്റ്റെഫാനോ സന്‍ചിനി പറഞ്ഞു.

ഓട്ടോമോട്ടീവ് ടയറുകളുടെ ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ ശ്രദ്ധയൂന്നിക്കൊണ്ട് മൂന്നാംനിര നാലാംനിര നഗരങ്ങളിലെ കവറേജ് വർദ്ധിപ്പിക്കുന്നതിനായി കമ്പനി അതിന്റെ വിതരണ ശൃംഖല വികസിപ്പിക്കുകയാണ്. ഓട്ടൊമൊബൈല്‍ എക്യുപ്മെന്‍റ് വിപണി കഴിഞ്ഞ വർഷം ഉണർവ് പ്രകടമാക്കി, 2023-ൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നു. ശേഷി വികസിപ്പിക്കാന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ വിപണിയുടെ വര്‍ധിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കും.

മുൻ വർഷത്തിൽ കമ്പനിക്ക് വില്‍പ്പന അളവിലും വരുമാനത്തിലും ശ്രദ്ധേയമായ വളർച്ചയുണ്ടായി. മൊത്തം വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം വർധിച്ചു, അതേസമയം മൊത്തം വില്‍പ്പന അളവ് 17 ശതമാനം വളർച്ച നേടി.“ഈ വർഷത്തെ ആദ്യ പാദത്തിലെ (ജനുവരി-മാർച്ച്) ഞങ്ങളുടെ പ്രകടനവും പ്രോത്സാഹജനകമാണ് 2022 ലെ ഞങ്ങളുടെ പ്രകടനത്തിന്റെ അതേ രീതിയില്‍ മുന്നേറുകയാണ്,” സന്‍ചിന് പറഞ്ഞു.

ആഭ്യന്തര ടയർ വ്യവസായത്തിന്റെ വളർച്ചയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഗതാഗത പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുള്ള സർക്കാർ ചെലവിടല്‍ ലോജിസ്റ്റിക് വ്യവസായത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നുണ്ടെന്നും ഇത് ടയർ വ്യവസായത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.