27 July 2023 11:14 AM IST
Summary
- ജി20 ഉച്ചകോടി നടക്കുക ഈ സെന്ററില്‍
- ഏകദേശം 2,700 കോടി രൂപ ചെലവിലാണ് സെന്ററിന്റെ നിര്‍മ്മാണം
- സിഡ്നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയേക്കാള്‍ കൂടുതല്‍ ഇവിടെയുണ്ട്
നിരവധി പ്രത്യേകതകള്‍കൊണ്ട് സമ്പന്നമാണ് ഡെല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍. 2017മുതല്‍ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഒര്‍ഗനൈസേഷന്റെ (ഐടിപിഒ) ഉടമസ്ഥതയിലുള്ള സ്ഥലത്ത് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എന്‍ബിസിസി പുനര്‍വികസിപ്പിച്ച് നിര്‍മ്മിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍ര്‍. മൈതാനിലെ പഴയതും കാലഹരണപ്പെട്ടതുമായ എല്ലാനിര്‍മ്മിതികളും നവീകരിച്ച് ഏകദേശം 2,700 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സെന്ററിന്റെ കാമ്പസ് വിസ്തീര്‍ണം ഏകദേശം 123 ഏക്കറാണ്.
രാജ്യത്തെ ഏറ്റവും വലിയ യോഗങ്ങള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയവയുടെ ലക്ഷ്യസ്ഥാനമായി വികസിപ്പിച്ച ഈ സമുച്ചയം ഈ വര്‍ഷം സെപ്റ്റംബറില്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഉച്ചകോടികള്‍വരെ നടത്താന്‍ പര്യാപ്തമായ സൗകര്യമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.
ഇവന്റുകള്‍ക്കായി ലഭ്യമായ സ്ഥലത്തിന്റെ കാര്യത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച എക്‌സിബിഷന്‍, കണ്‍വെന്‍ഷന്‍ കോംപ്ലക്‌സുകളില്‍ ഒന്നാണിതെന്ന്് പിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. മീറ്റിംഗുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സൗകര്യം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഗതി മൈതാന സമുച്ചയത്തിന്റെ കേന്ദ്രഭാഗമായാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ എക്സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചയത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, എക്സിബിഷന്‍ ഹാളുകള്‍, ആംഫി തിയേറ്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അത്യാധുനിക സൗകര്യങ്ങളുണ്ട്. കൂടാതെ, കണ്‍വെന്‍ഷന്‍ സെന്ററിന്റെ ലെവല്‍ 3-ല്‍ 7,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരിക്കുക.
ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയേക്കാള്‍ വലുതാണ് ഈ ശേഷി. സമുച്ചയത്തില്‍ 5,500-ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. അതിമനോഹരമായ ആംഫി തിയേറ്ററില്‍ 3,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ വാസ്തുവിദ്യാ രൂപകല്‍പ്പന ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കെട്ടിടത്തിന്റെ ആകൃതി മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്.ഒരു ശംഖിന്റെ ആകൃതിയില്‍നിന്നാണ് ആകൃതി ഉരുത്തിരിഞ്ഞത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും കണ്‍വെന്‍ഷന്‍ സെന്ററിനെ അലങ്കരിക്കുന്നുമുണ്ട്. പിഎംഒ പറയുന്നതനുസരിച്ച്, പൂര്‍ണ്ണമായും 5ജി പ്രാപ്തമാക്കിയ വൈ-ഫൈ-കവര്‍ ചെയ്ത കാമ്പസാണ് ഇവിടെയുള്ളത്.
16 വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഇന്റര്‍പ്രെറ്റര്‍ റൂം, കൂറ്റന്‍ വീഡിയോ മതിലുകളുള്ള വിപുലമായ സംവിധാനങ്ങള്‍ ഒപ്റ്റിമല്‍ പ്രവര്‍ത്തനക്ഷമതയും ഊര്‍ജ്ജ കാര്യക്ഷമതയും ഉറപ്പാക്കുന്ന ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും ഇവിടെയുണ്ട്.
സമുച്ചയത്തില്‍ ആകെ ഏഴ് എക്‌സിബിഷന്‍ ഹാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അവയില്‍ ഓരോന്നും എക്സിബിഷനുകള്‍, വ്യാപാര മേളകള്‍, ബിസിനസ് ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന ഇടമായി പ്രവര്‍ത്തിക്കും. ആധുനിക എഞ്ചിനീയറിംഗിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഇവിടം.
പുതിയ ഐഇസിസി സമുച്ചയത്തിന്റെ വികസനം ഇന്ത്യയെ ആഗോള ബിസിനസ് ഡെസ്റ്റിനേഷനായി ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയിലേക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കുന്നതിലും ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്ന് കണക്കുകൂട്ടുന്നു.
അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 35 മന്ത്രിമാര്‍ പങ്കെടുക്കുന്ന നാലാമത്തെ പരിസ്ഥിതി & കാലാവസ്ഥാ സുസ്ഥിരത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചെന്നൈയില്‍ ആരംഭിച്ചു. 28ന് നടക്കുന്ന അംഗരാജ്യങ്ങളിലെ കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തോടെ യോഗം സമാപിക്കുമെന്ന്് കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി റിച്ച ശര്‍മ്മ അറിയിച്ചു.
ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രതിനിധികളും ക്ഷണിതാക്കളും നിരവധി അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ബെംഗളൂരു, ഗാന്ധിനഗര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു മുന്‍ യോഗങ്ങള്‍.കാട്ടുതീ മൂലമോ ഉപേക്ഷിക്കപ്പെട്ട ഖനികള്‍ മൂലമോ ഭൂമി നശിക്കുന്നത് പോലെയുള്ള ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ പുതിയ തീമാറ്റിക് മുന്‍ഗണനകള്‍ കൊണ്ടുവന്നിട്ടുള്ളതായും ശര്‍മ്മ പറഞ്ഞു.
വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ യോഗങ്ങള്‍ അവസാനിപ്പിച്ച്് ഡെല്‍ഹിയില്‍ യോഗം ചേരും. കടല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. അതിനാല്‍ കഴിഞ്ഞ ദിവസത്തെ ഇവന്റ് കൂടുതല്‍ പങ്കാളികളെ ആകര്‍ഷിച്ചതായി അവര്‍ പറഞ്ഞു. ഇത് തീമാറ്റിക് മുന്‍ഗണനകളില്‍ പ്രസിഡന്‍സിയുടെ വിജയത്തെ സൂചിപ്പിക്കുന്നതായും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. എസ്ഡബ്ല്യുജി മീറ്റിംഗിന്റെ ചര്‍ച്ചകള്‍ മൂന്നാം ദിവസം നടക്കുന്ന ജി 20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തോടെ അവസാനിക്കുമെന്ന് അവര്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
