image

27 Feb 2023 4:45 AM GMT

Business

ചരക്കുകടത്ത് ഇനി കുറഞ്ഞ ചെലവില്‍; റെയില്‍വേയുമായി കൈകോര്‍ത്ത് തപാല്‍ വകുപ്പ്

Gulf Bureau

ചരക്കുകടത്ത് ഇനി കുറഞ്ഞ ചെലവില്‍; റെയില്‍വേയുമായി കൈകോര്‍ത്ത് തപാല്‍ വകുപ്പ്
X

Summary

  • ആദ്യ ട്രെയിന്‍ എറണാകുളത്തുനിന്ന് പുറപ്പെട്ടു


കയറ്റുമതിക്കാര്‍ക്ക് ആശ്വാസമേകി തപാല്‍ വകുപ്പിന്റെ പുതിയ സംരംഭം. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടെ പാര്‍സലുകള്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ട് സംഭരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ് പദ്ധതി. സംയുക്ത പാര്‍സല്‍ പ്രൊഡക്റ്റ് (ജെപിപി) പദ്ധതിക്ക് റെയില്‍ പോസ്റ്റ് ഗതി ശക്തി എക്സ്പ്രസ് കാര്‍ഗോ സര്‍വിസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ചരക്കുശേഖരണം വീട്ടുപടിക്കലില്‍ നിന്നും

ചരക്കുകള്‍ തപാല്‍ വകുപ്പ് ജീവനക്കാര്‍ ഉപഭോക്താവില്‍ നിന്ന് വാങ്ങി റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയാണ് ചെയ്യുക. ഇവ സീല്‍ ചെയ്ത പെട്ടികളിലാക്കി എത്തിക്കേണ്ട സ്ഥലത്തെ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷിതമായി ഇറക്കുന്നത് റെയില്‍വേയുടെ ചുമതല. അവിടെവച്ച് വീണ്ടും പോസ്റ്റല്‍ വിഭാഗം ചരക്ക് കൈപ്പറ്റി വിലാസത്തിലുള്ളയാളുടെ വീട്ടുപടിക്കല്‍ സാധനം എത്തിക്കും.

എറണാകുളത്തു നിന്നും ഹൗറയിലേക്ക്

ഇതിന്റെ ഭാഗമായുള്ള ട്രെയിന്‍ സര്‍വിസിന് ഈമാസം 16ന് തുടക്കമായി. കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് എറണാകുളത്തുനിന്ന് ഹൗറയിലേക്ക് പുറപ്പെട്ടത്. തപാല്‍ വകുപ്പിനെ കാത്തുനില്‍ക്കാതെ ചരക്കുകള്‍ റെയില്‍വേ നേരിട്ട് സ്റ്റേഷനില്‍ നിന്ന് കൈപ്പറ്റി കയറ്റിയയക്കുകയായിരുന്നു. യാത്ര വിജയകരമെന്ന് വ്യക്തമാകുന്നതോടെ തപാല്‍ വകുപ്പ് ചരക്കുകള്‍ എത്തിച്ചുതുടങ്ങുമെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൈലറ്റ് യാത്ര നടന്നത് കഴിഞ്ഞ വര്‍ഷം

ഈ പദ്ധതിയുടെ മാതൃകാ സര്‍വിസ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31ന് സൂറത്തില്‍ നിന്ന് വാരണാസിയിലേക്ക് തപ്തി ഗംഗ എക്സ്പ്രസില്‍ നടത്തിയിരുന്നു. 96 ട്രിപ്പുകളിലായി തപാല്‍ വകുപ്പിന്റെ 30 ശതമാനം ചെലവോടു കൂടിയായിരുന്നു ചരക്കുകടത്ത്. തുടര്‍ന്ന് 2022 ഒക്ടോബര്‍ അഞ്ചിന് സൂറത്തില്‍ നിന്ന് വാരണാസിയിലേക്ക് 16 ട്രിപ്പ് നടത്തി 2,664 ടണ്‍ ചരക്കുകളും എത്തിച്ചു. ഇതിന് 9 ശതമാനം നിരക്കാണ് തപാല്‍ വകുപ്പ് നല്‍കിയത്.

റെയില്‍വേ പുറത്തുവിട്ട പട്ടിക പ്രകാരം ശനിയാഴ്ച രാത്രി 11.25നാണ് എറണാകുളത്തുനിന്നും ഹൗറയിലേക്കുള്ള സര്‍വിസ് ഉണ്ടാവുക. ചൊവ്വാഴ്ച രാത്രി 11ന് ഹൗറയില്‍ നിന്നും എറണാകുളത്തേക്കും സര്‍വിസ് ഉണ്ട്. എറണാകുളം-കോയമ്പത്തൂര്‍-തിരുപ്പൂര്‍-ഈറോഡ്-സേലം വഴിയാണ് ഹൗറയിലെത്തുക.

മലബാറില്‍ അടുത്ത ഘട്ടത്തില്‍

റെയില്‍വേയും തപാല്‍ വകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഈമാസം 16 മുതല്‍ 15 റൂട്ടുകളിലൂടെ പാര്‍സല്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാം ഘട്ടത്തിലാണ് എറണാകുളത്തുനിന്നുള്ള സര്‍വിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ പാലക്കാട് ഡിവിഷനില്‍ നിന്നും സര്‍വിസ് ഉണ്ടെങ്കിലും മലബാറില്‍ അടുത്ത ഘട്ടത്തിലേ എത്തുകയുള്ളൂ.

പ്രതീക്ഷ നല്‍കുന്നതെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം

ഇതോടെ സംസ്ഥാനത്തെ കയറ്റുമതി രംഗം കൂടുതല്‍ സജീവമാകും. റെയില്‍വേയുമായി കൈകോര്‍ത്ത് ചരക്കുകടത്ത് നടത്താനുള്ള പോസ്റ്റല്‍ വിഭാഗത്തിന്റെ നീക്കം പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി അഭിപ്രായപ്പെട്ടു.

ബജറ്റില്‍ ഉള്‍പ്പെടുത്തിയത്

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയെ കുറിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. പദ്ധതി ചെറുകിട കര്‍ഷകര്‍ക്കും ഇടത്തരം സംരംഭകര്‍ക്കും ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ തടസമില്ലാതെ കുറഞ്ഞ ചെലവില്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

ചരക്ക് ഇറക്കാതെ സ്റ്റേഷന്‍ വിടില്ല

ഈ ചരക്കുകള്‍ക്ക് 0.05 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. കിലോഗ്രാമിന് ആറു രൂപയേ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ. പാസഞ്ചര്‍ ട്രെയിനുകളെ പോലെ ചരക്ക് ഇറക്കാതെ സ്റ്റേഷന്‍ വിടില്ല എന്നതും പ്രത്യേകതയാണ്. നിലവില്‍ ഗുഡ്സ് ട്രെയിനുകളില്‍ ചെറിയ അളവിലുള്ള ചരക്കുകള്‍ കൊണ്ടുപോകില്ല. എന്നാല്‍ എത്ര ചെറിയ പാര്‍സലും ഈ പദ്ധതിയിലൂടെ തപാല്‍ വകുപ്പ് കൊണ്ടുപോകും.

ഉപഭോക്താവിന് കുറഞ്ഞ നിരക്കിനു പുറമെ കൃത്യ സമയത്ത് ചരക്ക് എത്തിക്കാനാവുക, ഇന്‍ഷുറന്‍സ് പരിരക്ഷ, ചരക്ക് നിലവില്‍ എവിടെയെത്തിയെന്ന അപ്ഡേഷന്‍ എല്ലാം ഈ സേവനത്തില്‍ ലഭ്യമാകും. ഇതിനായി ഒരു മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്.

പണം നല്‍കേണ്ടത് തപാല്‍ വകുപ്പിന്

ഉപയോക്താവ് പണം നല്‍കേണ്ടത് തപാല്‍ വകുപ്പിനാണ്. റെയില്‍വേക്കുള്ള കൂലി അവര്‍ നല്‍കും. ആദ്യ ഘട്ടത്തില്‍ കിലോമീറ്റര്‍ അടിസ്ഥാനത്തിലായിരിക്കും പാര്‍സലുകളുടെ ചരക്കുകൂലി. ക്രമേണ ഇതിന് സ്ലാബ് സമ്പ്രദായം കൊണ്ടുവരും.

പോസ്റ്റല്‍ വിഭാഗം സംഭരിക്കുന്ന ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന പദ്ധതി രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ 2022 നവംബര്‍ 16ന് റെയില്‍വേ ബോര്‍ഡും പോസ്റ്റല്‍ വകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചത്.