6 May 2023 4:00 PM IST
Summary
- സമീപ കാലത്ത് കേരളം കണ്ട വലിയ മാറ്റങ്ങളില്‍ ഒന്നാണ് ജനകീയാസൂത്രണം
സാമൂഹികക്ഷേമ പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന രാജഹംസം, ചലനം പദ്ധതിയുടെ ഭാഗമായി വീല്‍ച്ചെയറുകളുടേയും മറ്റും വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തന സജ്ജമാക്കിയ പകല്‍വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളിലാണ് പരിപാടി നടന്നത്.
രാജഹംസവും ചലനവും ശാക്തീകരണത്തിന്റെ അനുകരണീയ മാതൃകകള്‍ ആണ്. ദുര്‍ബല വിഭാഗങ്ങളെ പരിഗണിച്ച് മുന്നോട്ട് പോകുന്ന സമൂഹത്തിലേ പുരോഗതിയുണ്ടാകൂ. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സാമൂഹ്യ നീതി വകുപ്പുമായി സംയോജിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതി തികച്ചും മാതൃകാപരമാണ്.
സമീപ കാലത്ത് കേരളം കണ്ട വലിയ മാറ്റങ്ങളില്‍ ഒന്നാണ് ജനകീയാസൂത്രണം. അതിവിപുലമായ രീതിയില്‍ ജനങ്ങളെ അണിനിരത്തി അവരെ വികസന പ്രക്രിയയില്‍ പങ്കാളിയാക്കാന്‍ ഇതു വഴി സാധിച്ചു. അധികാരം ജനങ്ങള്‍ക്ക് കൈമാറിയ ജനകീയാസൂത്രണം ഭരണത്തിന് വേഗവും കാര്യക്ഷമതയും നല്‍കി. സാമൂഹിക നീതി, ലിംഗനീതി, പട്ടിക വിഭാഗങ്ങള്‍ക്ക് ഭരണത്തിലും വികസനത്തിലും പങ്കാളിത്തം എന്നിവയും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു. അനുകമ്പയും സഹാനുഭൂതിയുമാണ് കേരളത്തിന്റെ പ്രത്യേകത. ഇതാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ പ്രകടമാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഹൈബി ഈഡന്‍ എംപി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
