image

13 March 2023 5:30 AM GMT

Business

വനിതാ സംരംഭകര്‍ക്ക് വഴികാട്ടിയായി ഡോക്ടര്‍; കൂടെ ഷി കണക്ടും

MyFin Bureau

Aasya Naseem She Connect
X

Summary

  • മസ്‌കത്തില്‍ 17 വര്‍ഷത്തിലധികം ജോലി ചെയ്ത ഡോ ആസ്യ നസീം ഡെന്റല്‍ ടൂറിസം രംഗത്തേക്ക് കടക്കുക എന്ന ആഗ്രഹത്തോടെയാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്.


സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍, ചെറിയ രീതിയില്‍ ബിസിനസ് തുടങ്ങിയവര്‍, ഓണ്‍ലൈന്‍ സംരംഭകര്‍ എന്നിവര്‍ക്ക് തുണയായ ഷി കണക്ടിനു പിന്നില്‍ ഒരു വനിതാ ഡോക്ടറാണ്. പേര് ആസ്യ നസീം.

മസ്‌കത്തില്‍ 17 വര്‍ഷത്തിലധികം ജോലി ചെയ്ത ഡോ ആസ്യ നസീം ഡെന്റല്‍ ടൂറിസം രംഗത്തേക്ക് കടക്കുക എന്ന ആഗ്രഹത്തോടെയാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ നിനച്ചിരിക്കാതെ വന്നെത്തിയ കൊവിഡ് മഹാമാരി സ്വപ്നങ്ങളെയാകെ തകിടം മറിച്ചു.

മസ്‌കത്തിലെ അനുഭവസമ്പത്തുമായി ബിസിനസ് രംഗത്തെ വനിതകളെ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആസ്യ ഷി കണക്ട് തുടങ്ങിയത്. വനിതാ സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ഷി കണക്ട് ആദ്യം ചെയ്യുന്നത്. ഇതിനായി ബിസിനസ് മീറ്റ് അപ്പുകളും ക്ലാസുകളും നല്‍കുന്നു.

ചാപ്റ്ററുകള്‍ തുടങ്ങുന്നു

സംരംഭകര്‍ക്ക് അത്യാവശ്യമായ ബന്ധങ്ങള്‍, പ്രമോഷന്‍ എന്നിവ നല്‍കുന്നതിലാണ് ഷി കണക്ടിന്റെ ഊന്നല്‍. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 30, 40 വനിതാ സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി ചാപ്റ്ററുകള്‍ ആരംഭിക്കുകയാണ് ആദ്യപടി. ബേക്കര്‍മാര്‍, മേക്കപ് ആര്‍ട്ടിസ്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഡ്രസ് ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി ചെറിയ ചെറിയ ചാപ്റ്ററുകള്‍ തുടങ്ങുന്നു.

പരസ്പര സഹായം

ചാപ്റ്ററിലുള്ള മറ്റ് ബിസിനസ് സംരംഭകരെക്കുറിച്ച് ഓരോ സംരംഭകയും തന്റെ ഉപഭോക്താക്കളോട് സംസാരിക്കുകയും തനിക്കൊപ്പം അവര്‍ക്കും അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോ സംരംഭകയ്ക്കും 30ഓളം പേരുള്ള ചാപ്റ്ററില്‍ 29 ബ്രാന്‍ഡ് അംബാസഡര്‍മാരെ ലഭിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി ഷി കണക്ടിന് ഇപ്പോള്‍ ആറ് ചാപ്റ്ററുകളുണ്ട്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ആഗോളതലത്തിലും ഷി കണക്ടിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ആസ്യ.

മലപ്പുറം പെരുമ

ഷി കണക്ട് നല്‍കുന്ന ആത്മവിശ്വാസത്തിന്റെ തണലില്‍ വനിതകളുടെ ബിസിനസുകള്‍ തഴച്ചുവളരുകയാണെന്ന് ഡോ. ആസ്യ സാക്ഷ്യപ്പെടുത്തുന്നു. ഷീ കണക്ടിലെ സംരംഭകരിലേറെയും മലപ്പുറത്തുനിന്നാണ്. വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്ലാന്റ് എന്ന ആശയവുമായി എത്തിയ ഷാഹിന, തന്റെ ബിസിനസ് പടര്‍ന്നുപന്തലിച്ചപ്പോള്‍ വിദേശത്തുള്ള ഭര്‍ത്താവിനെക്കൂടി സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്തെ പ്രമുഖയായ ഷാഹിനയുടേതുപോലെ അനേകം വനിതകളുടെ കഥ പറയാനുണ്ട് ആസ്യക്ക്.

എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം

എന്തുകൊണ്ട് സ്ത്രീകളെ മാത്രം കണക്ട് ചെയ്യുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. പുരുഷന്മാര്‍ക്ക് ബന്ധങ്ങള്‍ കൂടുതലുണ്ട്. സ്ത്രീകള്‍ക്കാണ് സഹായം ആവശ്യമുള്ളത്. ഓരോ സംരംഭകക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതാണ് ഷി കണക്ടിന്റെ പ്രവര്‍ത്തനങ്ങളുടെ കാതല്‍. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വഴികാട്ടിയാവുകയാണ് ഷി കണക്ട്. വനിതാ സംരംഭകരെ മുന്‍നിരയിലേക്ക് കൊണ്ടുവരുകയും ആത്മവിശ്വാസം വളര്‍ത്തുകയും ലക്ഷ്യമിട്ടു തുടങ്ങിയ 'ഷി കണക്ട്' വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീ സംരംഭകരെ കൂട്ടിച്ചേര്‍ക്കുകയും പരസ്പരം സഹായിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കേരളത്തില്‍ വനിതാ സംരംഭകര്‍ കൂടുന്നു

കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണം വര്‍ധിക്കുന്നതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023 ആദ്യപാദത്തില്‍തന്നെ ഇവയുടെ എണ്ണം 233 കടന്നു. വനിതാ സംരംഭകരില്‍ അഞ്ചുശതമാനം വിദ്യാര്‍ഥിനികളും 95 ശതമാനം പ്രൊഫഷനലുകളുമാണ്.

വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. 1.73 കോടി രൂപയുടെ സാമ്പത്തികസഹായമാണ് വനിതാ, വനിതാ സഹസ്ഥാപക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയതെന്ന് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. 2030ഓടെ 250 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ഉറപ്പാക്കാനാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം വിവിധ പരിപാടികളിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ എട്ടു കോടി രൂപ നേടി. വനിതാ സംരംഭകര്‍ക്കു മാത്രമായുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മാനേജ്‌മെന്റ് പരിശീലനപരിപാടിയും ശ്രദ്ധേയമായിരുന്നു.

വനിതാ സംരംഭകര്‍ക്ക് 50 ലക്ഷം വായ്പ

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങള്‍ വ്യവസായ മന്ത്രി പി.രാജീവ് നടത്തിയിട്ടുണ്ട്. 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമത്തില്‍ മന്ത്രി നടത്തിയത്.

വനിതാ സംരംഭകര്‍ക്കായി കെഎസ്‌ഐഡിസി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ നേരത്തെ 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറുമാസത്തില്‍ നിന്ന് ഒരുവര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം നല്‍കും. ഇത് തിരിച്ചടയ്‌ക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും.

മികച്ച വനിതാ സംരംഭകര്‍ക്ക് പുരസ്‌കാരം

മികച്ച വനിതാ സംരംഭകര്‍ക്ക് ജില്ല, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും ഇത് മെയ് മാസത്തില്‍ പ്രഖ്യാപിക്കും. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വാടക 50 ശതമാനം നല്‍കിയാല്‍ മതി. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000ത്തിലധികം വനിതകളാണ് സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്. അഞ്ഞൂറിലധികം വനിതാ സംരംഭകരാണ് സംരംഭക സംഗമത്തില്‍ പങ്കെടുത്തത്.

സംരംഭകരില്‍ പുരുഷന്മാരെ പിന്തള്ളി വനിതകള്‍

രാജ്യത്തെ സംരംഭകരുടെ കണക്കെടുക്കുമ്പോള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് മുന്നിലെന്ന് ലിങ്ക്ഡ്ഇന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് നടക്കുന്നുണ്ട്.

2016നും 2021നും ഇടയില്‍ വനിതാ സംരംഭകരുടെ എണ്ണം 2.68 മടങ്ങ് വര്‍ധിച്ചതായി പഠനങ്ങള്‍ പറയുന്നു. പുരുഷ സംരംഭകരുടെ പങ്ക് ഇതേ കാലയളവില്‍ 1.79 മടങ്ങ് മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ ലീഡര്‍ഷിപ്പ് ടീമില്‍ 18 ശതമാനം മാത്രമാണ് സ്ത്രീകള്‍.

തടസ്സങ്ങള്‍ വകവെക്കാതെ

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ജോലി ചെയ്യുന്ന സ്ത്രീകള്‍ ജോലിസ്ഥലത്ത് കൂടുതല്‍ തടസ്സങ്ങള്‍ നേരിടുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പല സ്ത്രീകളും സംരംഭകത്വത്തിലേക്ക് തിരിയുകയും കൂടുതല്‍ ഫ്‌ളെക്‌സിബിളായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നുവെന്ന് ലിങ്ക്ഡ് ഇനിലെ ഇന്ത്യ ടാലന്റ് ആന്‍ഡ് ലേണിംഗ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ റുച്ചി ആനന്ദ് പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറം 2022 ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഉന്നത ജോലികളില്‍ സ്ത്രീകള്‍ക്ക് അവഗണന

പുരുഷന്മാരുടേതിന് തുല്യമായ നിരക്കില്‍ കമ്പനികളില്‍ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ക്ക് ആന്തരികമായി സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് ഡാറ്റ ചൂണ്ടിക്കാട്ടുന്നു. നേതൃനിരയിലുണ്ടായിട്ടും 42 ശതമാനം സ്ത്രീകളെക്കാള്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് പുരുഷന്മാര്‍ക്കാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ വനിതാ സംരംഭകരുടെ പ്രാതിനിധ്യം സീനിയര്‍ തലത്തില്‍ 29 ശതമാനത്തില്‍ നിന്ന് മാനേജ്‌മെന്റ് തലത്തില്‍ 18 ശതമാനമായി കുറഞ്ഞുവെന്നും പഠനങ്ങള്‍ പറയുന്നു.