image

9 April 2023 9:30 AM GMT

Kerala

കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ഫാം പ്ലാനുകള്‍ ശ്രദ്ധയൂന്നണം: മന്ത്രി പി പ്രസാദ്

Kochi Bureau

farm planning minister p prasad
X

Summary

  • സംഭരണത്തിനും ശീതീകരണത്തിനും എല്ലാം പുതിയ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തും


10,000 ഫാം പ്ലാനുകളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിയിടത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ബഹുവിള കൃഷി രീതിയാണ് ഫാം പ്ലാനുകള്‍ ലക്ഷ്യം വെക്കുന്നത്. ഫാം പ്ലാനുകള്‍ മൂല്യവര്‍ധിത കാര്‍ഷിക മിഷനിലേക്കുള്ള ചുവടുവെപ്പാണെന്നും മന്ത്രി വ്യക്തമാക്കി. വിളയെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയില്‍ നിന്നും വ്യത്യസ്ഥമാണിത്.

കര്‍ഷകന് കൃഷിയിലൂടെ മികച്ച ജീവിതം ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയും വിപണിയും ലഭ്യമാക്കിയുള്ള പുതിയ കാര്‍ഷിക സംസ്‌കാരമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

ഉത്പാദനം സംഭരണം സംസ്‌കരണം വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളിലുമുള്ള കര്‍മ്മപദ്ധതിയുമായിട്ടാണ് മുന്നോട്ടുപോകുന്നത്. ഫാം പ്ലാനുകള്‍ക്ക് ഉത്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ച് കൃഷിരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സാധിക്കും. മുന്‍വര്‍ഷങ്ങളേക്കാള്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ചയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഫാം പ്ലാനുകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കും. കൃഷിക്കൂട്ടങ്ങള്‍ വഴി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും കേരള അഗ്രോ ബ്രാന്‍ഡിംഗ് വഴി വിപണനം നടത്തും. ഓരോ പ്രാദേശിക കര്‍ഷകനും അവരുടെ ഉത്പന്നങ്ങള്‍ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കേഷനിലൂടെ കേരള അഗ്രോ ബ്രാന്‍ഡ് നെയിം ലഭിക്കും. ഗുണമേന്മയുള്ള പാക്കിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങു മായി ബന്ധപ്പെട്ട് പരിശീലനവും നല്‍കും. സംഭരണത്തിനും ശീതീകരണത്തിനും എല്ലാം പുതിയ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തും,' മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

തൃശ്ശൂര്‍ വരവൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. കര്‍ഷകനെ കൃഷിയില്‍ തന്നെ നിലനിര്‍ത്താന്‍ ഫാം പ്ലാനുകളുടെ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കൃഷിയിലൂടെ ന്യായമായ വരുമാനം കണ്ടെത്തുവാനും കര്‍ഷകന് ആത്മവിശ്വാസം നല്‍കുവാനും സാധിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.