image

22 May 2023 10:15 AM GMT

Business

ഹേഗന്‍ ഡാസ്: ഐസ്‌ക്രീമുകളുടെ ലോകത്തെ റോള്‍സ് റോയ്‌സ്‌

Antony Shelin

ഹേഗന്‍ ഡാസ്: ഐസ്‌ക്രീമുകളുടെ ലോകത്തെ റോള്‍സ് റോയ്‌സ്‌
X

Summary

  • ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും, ഫ്രഞ്ച് ഓപ്പണിലും വില്‍ക്കുന്ന ഔദ്യോഗിക ഐസ്‌ക്രീം കൂടിയാണ് ഹേഗന്‍ ഡാസ്
  • അതിശക്തമായൊരു ബ്രാന്‍ഡ് റെക്കഗ്നിഷന്‍ ആസ്വദിക്കുന്നുണ്ട് ഹേഗന്‍ ദാസ്
  • ഒരു ഐസ്‌ക്രീമിന് സ്വാദും, കാഴ്ചയില്‍ വെല്‍വറ്റു പോലെ മിനുസമുള്ളതുമാക്കുന്നതും, ' പ്രീമിയം ' ടെക്‌സ്ചറും നല്‍കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്


കാറുകളുടെ ലോകത്ത് റോള്‍സ് റോയ്‌സ് എന്താണോ അതാണ് ഐസ്‌ക്രീമുകളുടെ ലോകത്ത് ഹേഗന്‍ ഡാസ്

ഇന്ന് ഏറ്റവുമധികം പേര്‍ രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നൊരു അമേരിക്കന്‍ പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡാണ് ഹേഗന്‍ ഡാസ് (Häagen-Dazs). ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലും, ഫ്രഞ്ച് ഓപ്പണിലും വില്‍ക്കുന്ന ഔദ്യോഗിക ഐസ്‌ക്രീം കൂടിയാണ് ഹേഗന്‍ ഡാസ്. അതിശക്തമായൊരു ബ്രാന്‍ഡ് റെക്കഗ്നിഷന്‍ (Brand recognition) ആസ്വദിക്കുന്നുണ്ട് ഹേഗന്‍ ദാസ്. ഒരു ബ്രാന്‍ഡിനെ അതിന്റെ ലോഗോ, അതുമല്ലെങ്കില്‍ നിറം പോലുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു ഉപഭോക്താവിന് തിരിച്ചറിയാന്‍ കഴിയുന്നതാണല്ലോ ബ്രാന്‍ഡ് റെക്കഗ്നിഷന്‍ എന്നു പറയുന്നത്. അത്തരമൊരു അംഗീകാരമാണ് ഹേഗന്‍ ഡാസ് കരസ്ഥമാക്കിയത്.

എങ്ങനെയാണ് ഹേഗന്‍ ഡാസിന് പ്രീമിയം സ്റ്റാറ്റസ് കൈവന്നത് ?

ഈ ചോദ്യത്തിനുള്ള ഉത്തരം തേടി പോകുന്ന ഏതൊരാള്‍ക്കും വളരെ കൗതുകകരമായൊരു കഥയായിരിക്കും ഉത്തരമായി ലഭിക്കുക. ഐസ്‌ക്രീം പോലെ അത്രയ്ക്കും രസകരമാണ് ഹേഗന്‍ ഡാസ് ബ്രാന്‍ഡിന്റെ ചരിത്രവും.

ഹേഗന്‍ ഡാസ് എന്ന പേര്

അമേരിക്കന്‍ ഐസ്‌ക്രീം കമ്പനിയാണ് ഹേഗന്‍ ഡാസ് എങ്കിലും ഹേഗന്‍ ഡാസ് എന്ന പേര് ഡാനിഷ് ഭാഷയാണ്. പ്രത്യേകിച്ച് അര്‍ഥമൊന്നും ആ പേരിന് ഇല്ല. ഹേഗന്‍ ഡാസ് ഐസ്‌ക്രീം ബ്രാന്‍ഡിന്റെ സ്ഥാപകരായ റൂബന്‍ മാത്തുസും, റോസ് വെസലും പോളണ്ടില്‍ ജനിച്ച ജൂതവംശജരാണ്. ഇരുവര്‍ക്കും ഡെന്‍മാര്‍ക്ക് എന്ന രാജ്യത്തോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. കാരണം രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ രക്ഷിച്ച ഒരേയൊരു രാജ്യമായിരുന്നു ഡെന്‍മാര്‍ക്ക്. ഈയൊരു കാരണമാണ് ഐസ്‌ക്രീമിന് ഡാനിഷ് പേര് നല്‍കാന്‍ റൂബനെയും റോസിനെയും പ്രേരിപ്പിച്ചത്. പേര് നല്‍കുക മാത്രമല്ല, ഐസ്‌ക്രീമിന്റെ ലോഗോയുടെ പുറത്ത് ഡെന്‍മാര്‍ക്കിന്റെ ഭൂപടം രേഖപ്പെടുത്താനും ഇവര്‍ മറന്നില്ല.

എളിയ തുടക്കം

1961-ലാണ് അമേരിക്കയിലെ ബ്രൂക്‌ലിന്‍ എന്ന നഗരത്തില്‍ റൂബനും, റോസും ഹേഗന്‍ ഡാസ് എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന് തുടക്കം കുറിച്ചത്. ആദ്യകാലത്ത് ചോക്ലേറ്റ്, വനില, കോഫി എന്നീ രുചികളിലുള്ള ഐസ്‌ക്രീം മാത്രമായിരുന്നു വിപണിയിലിറക്കിയത്. 1961-ല്‍ ഹേഗന്‍ ഡാസ് ഐസ്‌ക്രീം വിപണിയിലെത്തുമ്പോള്‍ വേറെ കമ്പനികളും സജീവമായി രംഗത്തുണ്ട്. ഇക്കാര്യം മനസിലാക്കിയ റൂബനും റോസും ആദ്യം അവരുടെ ഐസ്‌ക്രീം സാംപിളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും, വിദ്യാര്‍ഥികള്‍ കൂടുതലുള്ള യൂണിവേഴ്‌സിറ്റികളിലുമൊക്കെ സൗജന്യമായി വിതരണം ചെയ്തു.

അതിലൂടെ വിപുലമായൊരു കസ്റ്റമര്‍ ബേസ് രൂപപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. വിവിധ ഫ്‌ളേവറുകളില്‍ ഹേഗന്‍ ഡാസ് വിപണികളില്‍ ലഭ്യമാണ്. സ്‌ട്രോബെറി ഫ്‌ളേവറുള്ള ഐസ്‌ക്രീമിന് 100 മില്ലി ലിറ്ററിന് ഇന്ത്യയിലെ വില 225 രൂപയാണ്.

പോളിഷ് വംശജര്‍

റൂബന്‍ മാത്തുസ് ജനിച്ചത് 1912-ല്‍ പോളണ്ടിലായിരുന്നു. റൂബന്റെ ജനന സമയത്ത് ഒന്നാം ലോക മഹായുദ്ധം അരങ്ങേറുകയായിരുന്നു. അതേ തുടര്‍ന്ന് റൂബന്‍ അമ്മയോടൊപ്പം പോളണ്ടില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറി.

ചെറുപ്രായത്തില്‍ ജീവിത ചെലവ് കണ്ടെത്താനായി റൂബന്‍ അമ്മാവന്റെ ഐസ്‌ക്രീം പാര്‍ലറില്‍ ജോലി ചെയ്തിരുന്നു. റൂബന്റെ കുടുംബം ഐസ്‌ക്രീം ബാറും, ഐസ്‌ക്രീം സാന്‍ഡ് വിച്ചും നിര്‍മിച്ചിരുന്നു. അവര്‍ ബ്രൂക്‌ലിന്‍ നഗരത്തില്‍ ഐസ്‌ക്രീം ഫാക്ടറി തുറന്നപ്പോള്‍ അവിടെ ബുക്ക് കീപ്പര്‍ ജോലിക്ക് എത്തിയതായിരുന്നു റോസ് വെസല്‍. റോസും പോളണ്ടില്‍ ജനിച്ച ഒരു ജൂതവംശജയായിരുന്നു. റോസിനെ 1936-ല്‍ റൂബന്‍ വിവാഹം കഴിച്ചു. റോസിനെക്കാള്‍ നാല് വയസിന് മൂത്തതായിരുന്നു റൂബന്‍.

ഐസ്‌ക്രീം കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയതിനു ശേഷമാണ് റൂബനും റോസും 1961-ല്‍ ഹേഗന്‍ ഡാസ് ഐസ്‌ക്രീം എന്ന ബ്രാന്‍ഡിന് തുടക്കമിട്ടത്.

പ്രകൃതിദത്തമായ ചേരുവകള്‍

1961-ല്‍ ഹേഗന്‍ ഡാസ് ഐസ്‌ക്രീം വില്‍പ്പനയ്ക്ക് റെഡിയാക്കിയപ്പോള്‍, അക്കാലത്ത് വിപണികളിലെത്തിയിരുന്ന പല ഐസ്‌ക്രീമുകളും guar gum , carrageenan പോലുള്ള കൃത്രിമ ചേരുവകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഹേഗന്‍ ഡാസ് പ്രകൃതിദത്തമായ ചേരുവകളും ബട്ടര്‍ ഫാറ്റും മാത്രം ഉപയോഗിച്ചു.

പില്‍സ്‌ബെറി ഏറ്റെടുക്കുന്നു

1983-ല്‍ ഹേഗന്‍ ഡാസിനെ പില്‍സ്‌ബെറി ഏറ്റെടുത്തു. പിന്നീട് പില്‍സ്‌ബെറിയില്‍നിന്നും 2001-ല്‍ ജനറല്‍ മില്‍സ് ഏറ്റെടുത്തു.

ബട്ടര്‍ ഫാറ്റില്‍ ക്ലിക്ക് ആയി

ഒരു ഐസ്‌ക്രീമിന് സ്വാദും, കാഴ്ചയില്‍ വെല്‍വറ്റു പോലെ മിനുസമുള്ളതുമാക്കുന്നതും, ' പ്രീമിയം ' ടെക്‌സ്ചറും നല്‍കുന്നത് രണ്ട് പ്രധാന ഘടകങ്ങളാണ്. അത് ഉയര്‍ന്ന അളവിലുള്ള ബട്ടര്‍ഫാറ്റും (butter-fat), വായുവിന്റെ കുറഞ്ഞ അളവുമാണ്. പ്രീമിയം കമ്പനികള്‍ ഐസ്‌ക്രീം നിര്‍മാണത്തില്‍ 14-16 % വരെ ബട്ടര്‍ഫാറ്റ് ഉപയോഗിക്കാറുണ്ട്. ബട്ടര്‍ഫാറ്റ് കുറവ് ഉപയോഗിക്കുന്ന ഐസ്‌ക്രീം രുചികരമോ, കാഴ്ചയില്‍ മിനുസമുള്ളതോ ആയിരിക്കില്ല. വിപണിയില്‍ ലാഭം കൂടുതല്‍ പ്രതീക്ഷിക്കുന്ന ഐസ്‌ക്രീം കമ്പനികള്‍ നിര്‍മാണവേളയില്‍ ബട്ടര്‍ഫാറ്റ് കുറവാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ അളവില്‍ വായു ഉപയോഗിക്കുകയും ചെയ്യുന്നു. ഹേഗന്‍ ഡാസ് ഇവിടെയാണ് വ്യത്യസ്തമായത്. അവര്‍ ബട്ടര്‍ഫാറ്റ് ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചു. കൂടാതെ പ്രകൃതിദത്തമായ ചേരുവകളും ഐസ്‌ക്രീം നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തി. ഇതിലൂടെ ഒരു ചില്ലി കാശ് പോലും ചെലവഴിക്കാതെ ജനഹൃദയങ്ങളുടെ പിന്തുണ പിടിച്ചുപറ്റാന്‍ സാധിച്ചു.

മാര്‍ക്കറ്റിംഗിലെ തന്ത്രം

യൂറോപ്പിലെയും അമേരിക്കയിലെയും ഹൈ സ്ട്രീറ്റുകളില്‍ (High Street) മാത്രമായിരുന്നു ഒരുകാലത്ത് ഇവ ലഭ്യമായിരുന്നത്. ഇതിലൂടെ ഹേഗന്‍ ഡാസ് ഉയര്‍ന്ന മൂല്യമുള്ളൊരു ബ്രാന്‍ഡ് ആണെന്ന ധാരണ കൈവരിക്കാന്‍ കമ്പനിയെ സഹായിച്ചു. ഇന്ന് 80-ലധികം രാജ്യങ്ങളില്‍ ഇവ വില്‍ക്കപ്പെടുന്നു.