image

26 May 2023 7:24 AM GMT

Business

ഇന്ത്യന്‍ ഉല്‍പ്പാദനമേഖലക്ക് യുഎസ് ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് സംരംഭകര്‍

MyFin Desk

ഇന്ത്യന്‍ ഉല്‍പ്പാദനമേഖലക്ക് യുഎസ്  ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്ന് സംരംഭകര്‍
X

Summary

  • ചൈനീസ് ബദല്‍ തേടുന്ന അമേരിക്കന്‍ നീക്കം ഉപയോഗപ്പെടുത്താനാകണം
  • യുഎസ് ടെക്‌നോളജിയും ഇന്ത്യന്‍ മനുഷ്യശേഷിയും മികച്ച സമ്പദ്ഘടന സൃഷ്ടിക്കും
  • ബിസിനസിന് പ്രാദേശിതലത്തില്‍ പ്രതിസന്ധികളുണ്ടാകുന്നത് പരിഹരിക്കണം


ചൈനയെ ഒഴിവാക്കി നോക്കുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദന മേഖലക്ക് യുഎസ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകര്‍ പറയുന്നു. വ്യാവസായിക രംഗത്ത് ചൈനീസ് ബദല്‍ തേടുന്ന പ്രവണത യുഎസ് മുമ്പുതന്നെ സ്വീകരിച്ചിരുന്നു.

അമേരിക്കന്‍ സാങ്കേതിക വിദ്യക്കും ഇന്ത്യന്‍ മനുഷ്യ വിഭവശേഷിക്കും മറ്റൊരു മികച്ച സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചെടുക്കാനാകും.

കോവിഡ് -19 ന് ശേഷമുള്ള അമേരിക്കന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആയുര്‍വേദത്തിനും ജൈവത്തിനും ഊന്നല്‍ നല്‍കി ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകനായ വിനേഷ് വിരാനിയാണ് ഈ പ്രതീക്ഷ പങ്കുവെച്ചത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി വിപണി കൂടുതല്‍ തുറക്കാന്‍ ഇങ്ങനെയൊരു സഹകരണം സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ചൈനയില്‍ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മാറുന്ന നിരവധി വന്‍ വ്യവസായങ്ങള്‍ ഇന്ത്യയ്ക്ക് വളരെ അനുയോജ്യമാണ്. ഇത് ഇന്ത്യയിലെത്തിയാല്‍ യുഎസിന് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബെയ്ജിംഗിനെ ആശ്രയിക്കേണ്ടിവരില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തെ അമേരിക്കന്‍ വ്യവസായികള്‍ ഈ തലത്തിലാണ് നോക്കിക്കാണുന്നത്-വിരാനി പറയുന്നു.

ചില കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, ഇരുവശത്തും വിപണി കൂടുതല്‍ തുറക്കുന്ന ഒരു കരാറിന് അന്തിമരൂപം നല്‍കാന്‍ പ്രധാനമന്ത്രി മോദിയും ബൈഡന്‍ ഭരണകൂടവും യോജിപ്പിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി മോദിയെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചതിന് പ്രസിഡന്റ് ബൈഡനെ വിരാനി അഭിനന്ദിച്ചു.പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില്‍ ബൈഡന്റേയും ക്ഷണപ്രകാരം ജൂണ്‍ 22 നാണ് മോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെയും അതിന്റെ നേതൃത്വത്തെയും അമേരിക്ക അംഗീകരിക്കുകയാണെന്ന് വിരാനി പറഞ്ഞു.

1960 കളിലും 70 കളിലും രാജ്യം വിട്ടുപോയ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് നാടിനെക്കുറിച്ച് ചില നിഷേധാത്മക ചിന്തകളുണ്ടായിരുന്നു. ആ ധാരണകള്‍ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രതിച്ഛായ മാറ്റാന്‍ മോദി സര്‍ക്കാര്‍ മഹത്തായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണി ഇന്ന് മികച്ച രീതിയില്‍ തുറക്കപ്പെട്ടതാണ്. വളരെ സ്വീകാര്യതയുള്ള ബിസിനസ് നയങ്ങള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടു. തങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം ബിസിനസ് കൂടുതല്‍ അനായാസകരമാക്കാന്‍ നടപടികള്‍ സ്വീകരിക്കുക എന്നതുമാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ചില വ്യവസായികള്‍ പരാതിപ്പെടുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതായി വിരാനി പറയുന്നു. നിക്ഷേപം എളുപ്പമാണ്. എന്നാല്‍ അതിനുശേഷം പ്രാദേശികതലത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഈ സംരംഭകന്‍ വിശദീകരിക്കുന്നു.