image

14 Feb 2023 11:00 AM IST

Business

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 66,000 കോടിയിലെത്താന്‍ സാധ്യത

Kochi Bureau

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 66,000 കോടിയിലെത്താന്‍ സാധ്യത
X

Summary

  • ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കയറ്റുമതിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന


കൊച്ചി: പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2022-23 ല്‍ 66,000 കോടിയിലെത്താന്‍ സാധ്യത. കോവിഡ്-19 പ്രതിസന്ധികള്‍, ചരക്കുനീക്കത്തിലെ തടസങ്ങള്‍, ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ എന്നിങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ആഗോള വിപണിയിലുണ്ടായ മാന്ദ്യം മറികടന്നാണ് ഈ നേട്ടം.

ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കയറ്റുമതിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന. പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി സഹ-യോജന (പിഎംഎംകെഎസ്എസ് വൈ) പ്രാഥമികമായ മത്സ്യോത്പാദനത്തിനും അതുവഴി കയറ്റുമതി ലഭ്യതയ്ക്കും അനുകൂലമാകും. ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പാ ലഭ്യതയിലൂടെ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, സൂക്ഷ്മ-ചെറുകിട സംരംഭകര്‍ എന്നിവര്‍ക്ക് നേട്ടങ്ങളുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ ഉത്പന്നങ്ങള്‍ വരെയുള്ള മൂല്യ ശൃംഖലയ്ക്കും വിപണി വികസനത്തിനും ഇത് സഹായകമാകും.

സുസ്ഥിരമായ മത്സ്യബന്ധന സമ്പ്രദായങ്ങള്‍, ഉത്പന്ന മൂല്യവല്‍കരണം, വൈവിധ്യവല്‍കരണം, അധിക ഉത്പാദനം, പുത്തന്‍ വിപണികളിലെ സാധ്യതകള്‍, എന്നിവയിലൂടെ പുതിയ ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ ശ്രീ ഡിവി സ്വാമി പറഞ്ഞു.

ഫിഷ് ലിപിഡ് ഓയില്‍, ഫിഷ് മീല്‍, ക്രില്‍ മീല്‍, മിനറല്‍, വൈറ്റമിന്‍ പ്രിഫിക്‌സ് എന്നിങ്ങനെ വളര്‍ത്തു മത്‌സ്യത്തീറ്റയുടെ ഉത്പാദനത്തിന് ആവശ്യമായ ചേരുവകളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉത്പാദനച്ചെലവ് കുറയ്ക്കുകയും അക്വാകള്‍ച്ചര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിപണനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ജപ്പാന്‍, റഷ്യ, യുകെ, വിയറ്റ്‌നാം, ജര്‍മനി, മലേഷ്യ, ദക്ഷിണ കൊറിയ, ഒമാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമായി കയറ്റുമതിക്കാരും ഇറക്കുമതികക്കാരും തമ്മിലുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ എംപിഇഡിഎ മുഖാന്തിരം നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 21 രാജ്യങ്ങളുമായി ഇത്തരത്തിലുള്ള 39 ചര്‍ച്ചകളാണ് നടന്നത്.

സമുദ്രോത്പന്നങ്ങളുടെ അത്യാധുനിക സംസ്‌കരണം രാജ്യത്ത് നടക്കുന്നതുകൊണ്ടു തന്നെ ഇന്ത്യ യന്ത്രോപകരണ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സര്‍ട്ടിഫിക്കറ്റ് ദാതാക്കളുടെയും അത്യാകര്‍ഷക വിപണിയായി മാറിയിട്ടുണ്ടെന്ന് ഡിവി സ്വാമി വ്യക്തമാക്കി.

കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിന് സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം, മൂല്യവല്‍കരണം, വിപണി വികസിപ്പിക്കുക എന്നിവയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ഡിവി സ്വാമി പറഞ്ഞു. ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഉത്പന്ന സവിശേഷത, ഗുണനിലവാരം, വിപണന മത്സരക്ഷമത എന്നിവ വര്‍ധിപ്പിക്കാനും, യൂറോപ്യന്‍-ജപ്പാന്‍ വിപണികളിലേയ്ക്കുള്ള ചരക്ക് നിരസിക്കപ്പെടാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 57,586 കോടി രൂപയുടെ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് റെക്കോഡിട്ടിരുന്നു. ചെമ്മീന്‍ കയറ്റുമതി ഈ കാലയളവില്‍ പത്തുലക്ഷം ടണ്‍ കടന്നു. ശീതീകരിച്ച ചെമ്മീന്‍ മൊത്തം കയറ്റുമതിയുടെ 53 ശതമാനവും വരുമാനത്തിന്റെ 75 ശതമാനവും വരും.

ഡോളര്‍ കണക്കില്‍ അമേരിക്കയാണ് 43.45 ശതമാനവുമായി ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 15.14 ശതമാനവുമായി ചൈന, 14.98 ശതമാനവുമായി യൂറോപ്പ് , 10.04 ശതമാനവുമായി തെക്കുകിഴക്കനേഷ്യ എന്നിങ്ങനെയാണ് മറ്റു പ്രധാന വിപണികള്‍.