image

16 Feb 2023 10:15 AM GMT

Kerala

അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം കൊച്ചിയില്‍

Tvm Bureau

അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം കൊച്ചിയില്‍
X

Summary

  • ടൂറിസം മേഖലയിലെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കാളിയാകും


തിരുവനന്തപുരം :നാലാമത് അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം കൊച്ചിയില്‍ നടക്കും. കേരള ടൂറിസവും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഫെബ്രുവരി 24 ആണ് നടക്കുന്നത്.

ടെക്‌നോളജിയെ പ്രയോജനപ്പെടുത്തി സാമൂഹ്യമാധ്യമങ്ങള്‍ വഴിയും, ഓണ്‍ലൈന്‍ പ്രചാരണം, മൊബൈല്‍ ആപ്പ് എന്നിവ വഴി വരുമാനവര്‍ധനവ് ഉണ്ടാക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളാക്കും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

കൊച്ചി ഗോകുലം കണ്‍വൈന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തെ ടൂറിസം മേഖലയിലെ നിരവധി വിദഗ്ധര്‍ പങ്കാളികളാകും. വിജ്ഞാനവും ആശയങ്ങളും പങ്ക് വയ്ക്കല്‍, ടൂറിസം സാങ്കേതിക മേഖലയിലെ പുത്തന്‍ വികസനങ്ങള്‍ ചര്‍ച്ച ചെയ്യല്‍ മുതലായവയാണ് ഈ സമ്മേളനത്തില്‍ നടക്കുന്നതെന്ന് അറ്റോയി പ്രസിഡന്റ് വിനോദ് സിഎസ് പറഞ്ഞു. ടൂറിസം രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

പ്ലാന്‍, ബുക്കിംഗ്, അനുവവേദ്യ യാത്രകള്‍ എന്നിങ്ങനെ ടൂറിസം രംഗത്ത് സാങ്കേതികവിദ്യയ്ക്ക് അതീവ പ്രാധാന്യം കൈവന്നിരിക്കുന്ന ഇക്കാലത്ത് ഐസിടിടി 2023 പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. പുതിയ പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കാനുള്ള അവസരമായും ഇതിനെ കാണാമെന്നും വിനോദ് പറഞ്ഞു.

സൗരവ് ജെയിന്‍, ദീപ്തി പാര്‍മര്‍, ഡോ. സീമ ഗുപ്ത, സച്ചിന്‍ ബന്‍സാല്‍, ഇവാന പെറോവിച്ച് എന്നിവരാണ് പ്രഭാഷകര്‍. ടൂറിസം പ്രദേശത്തെ കാഴ്ചക്കാരിലെത്തിക്കുക, വരുമാനം വര്‍ധിപ്പിക്കുക, യാത്ര രസകരമാക്കുക എന്നിവയ്ക്ക് ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നറിയപ്പെടുന്ന ഹ്രസ്വ വീഡിയോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഇത്തരം വീഡിയോകളുടെ സഹായത്താല്‍ സഞ്ചാരികളുടെ യാത്രയും അവിസ്മരണീയമാക്കാന്‍ സാധിക്കും. അതിലൂടെ ബിസിനസ് വര്‍ധിക്കുകയും ചെയ്യും.

ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം എന്നിവയെ ബിസിനസ് പ്രമേയത്തിലുള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ വാണിജ്യ സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള അറ്റോയി. 2013 ല്‍ ആരംഭിച്ച ഐസിടിടി, 2017, 2019 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നടന്നത്. പങ്കെടുക്കുന്നതിന് http://icttindia.com/delegate-registration/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.