19 Jun 2023 4:23 PM IST
Summary
- സംഘടിപ്പിക്കുന്നത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മേള
- 250ല്‍ അധികം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇതില്‍ പങ്കെടുക്കും
- പുതിയ ട്രെന്‍ഡുകള്‍, സാങ്കേതികവിദ്യകള്‍,അവസരങ്ങള്‍ എല്ലാം ഇവിടെ ചര്‍ച്ചയാകും
കളിപ്പാട്ടങ്ങളുടെ അന്താരാഷ്ട്രമേളയൊരുക്കി ഇന്ത്യ. കുറഞ്ഞത് ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍നിന്നും അയ്യായിരത്തോളം പേര്‍ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ തങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങളുമായി എത്തുമെന്നാണ് കരുതപ്പെടുന്നത്.
ജൂലൈ എട്ടുമുതല്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേള കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.
വാള്‍മാര്‍ട്ടും ലെഗോയും ഉള്‍പ്പെടെ ഇരുപതോളം ആഗോള സോഴ്സിംഗ് കമ്പനികളുടെ സിഇഒമാരും മേള സന്ദര്‍ശിക്കുമെന്ന് വ്യവസായ സംഘടന അറിയിച്ചു.
പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 250-ലധികം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14-ാമത് ടോയ് ബിസ് ഇന്റര്‍നാഷണല്‍ ബി2ബി എക്സ്പോ 2023 ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും വലിയ മേളയായിരിക്കുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനു ഗുപ്ത പറഞ്ഞു.
'ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് അവരുടെ കഴിവും മികവും ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരംകൂടിയാണ് ഈ മേള. പുതിയ ഉപഭോക്താക്കളെയും പങ്കാളികളെയും ആകര്‍ഷിക്കാനും അവരുടെ വിപണി വ്യാപനം സാധ്യമാക്കാനും ഈ ആഗോള മേള സഹായിക്കും. അതുവഴി അവരുടെ ബ്രാന്‍ഡിന് ആഗോള അംഗീകാരം നേടാനുമാകും.
കളിപ്പാട്ട വ്യവസായത്തിലെ പ്രവര്‍ത്തകരുടെ ശൃംഖല ശക്തിപ്പെടുത്താനും ഈ മേളയിലൂടെ സാധിക്കും എന്ന്് അധികൃതര്‍ കരുതുന്നു. പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഇവിടെ വളര്‍ന്നു വന്നേക്കാം. സഹകരണം, പങ്കാളിത്തം, സംയുക്ത സംരംഭങ്ങള്‍ എന്നിവ ഈ അവസരത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
ഇത് പുതിയ വിപണികളിലേക്കും പുതുമകളിലേക്കും ബിസിനസ് അസരങ്ങളിലേക്കും കളിപ്പാട്ട നിര്‍മ്മാതാക്കളെ നയിക്കും. അതുവഴി അവര്‍ക്ക് പുതിയ വിതരണ ശൃംഖലകളിലേക്കും കടക്കാനാകുമെന്ന് മനു ഗുപ്ത വിശദീകരിക്കുന്നു.
പുതിയ ട്രെന്‍ഡുകള്‍, സാങ്കേതികവിദ്യകള്‍, മികച്ച രീതികള്‍ എന്നിവയെല്ലാം മേളയില്‍ ചര്‍ച്ചയാവുകയും ചെയ്യും. ആഭ്യന്തരമായും അന്തര്‍ദേശീയമായും ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും എക്‌സ്‌പോ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയെ ഒരു പ്രധാന ഘടകമായി ഉയര്‍ത്താനും ലോകമെമ്പാടുമുള്ള പങ്കാളികളില്‍ നിന്ന് നിക്ഷേപവും പിന്തുണയും ആകര്‍ഷിക്കാനും ഇത്തരം പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നു.
മൂന്ന്-നാലു വര്‍ഷം മുമ്പ്, ഈ എക്സ്പോയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു- തടികൊണ്ടുള്ള കളിപ്പാട്ട നിര്‍മാതാക്കളായ ലിറ്റില്‍ ജീനിയസ് ടോയ്സ് സിഇഒ നരേഷ് കുമാര്‍ ഗൗതം പറഞ്ഞു. സര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികള്‍ കാരണം, ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം അതിവേഗം വളരുകയാണ്. ഇപ്പോള്‍ ആളുകള്‍ എക്സ്പോയില്‍ പങ്കെടുക്കാന്‍ ക്യൂവിലാണ്-അദ്ദേഹം വിശദീകരിക്കുന്നു.തന്റെ കമ്പനിയും മാസ്‌കീന്‍ ടോയ്സും ഈ മേഖലയില്‍ ബിസിനസ് ചെയ്യുന്നതിനായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സുമായി (ഫിലിപ്പൈന്‍സ്) കരാറില്‍ ഏര്‍പ്പെടുമെന്നും ഗൗതം അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
