image

12 Jan 2023 1:12 PM GMT

Business

കണ്ണൂർ വിമാനത്താവളം വരുമാനം കുതിപ്പിൽ; നഷ്ടവും ഉയരങ്ങളിലേക്ക് തന്നെ

C L Jose

kannur airport financials
X

Summary

  • മുൻ വർഷങ്ങളിലെ പോലെ തന്നെ 2022 സാമ്പത്തിക വർഷവും കമ്പനി നഷ്ടത്തോടെ അവസാനിപ്പിക്കുമെന്ന് ഉറപ്പാണ്
  • കമ്പനിയുടെ ഓഡിറ്റർമാരായ ഡിലോയിറ്റ് ഹാസ്കിൻസ് രാജിവെച്ചതിനാൽ കമ്പനി ഇതുവരെ ഓഡിറ്റഡ് ബാലൻസ് ഷീറ്റ് അവതരിപ്പിച്ചിട്ടില്ല.


കണ്ണൂർ: കേരളത്തിലെ ഏവിയേഷൻ വ്യവസായത്തിൽ ഏറ്റവും പുതിയതായി പ്രവേശിച്ച കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ; KIAL) ന്റെ 2022 സാമ്പത്തിക വർഷത്തിലെ വരുമാനം 83.76 ശതമാനം (YoY) വർധനവ് രേഖപ്പെടുത്തി 82.27 കോടി രൂപയായി.

മുൻ വർഷം (FY20221) ഇത് 44.77 കോടി രൂപയായിരുന്നു. എന്നാൽ, 115.90 കോടി രൂപയുടെ മികച്ച വരുമാനം നേടിയ 2020 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 ലെ വരുമാനം 29 ശതമാനം കുറവാണ്.

ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, എല്ലാ സാധ്യതയിലും, കമ്പനി 2021-22 (FY22) നഷ്‌ടത്തോടെ ക്ലോസ് ചെയ്യുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2018 ഡിസംബറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ ഇതുവരെ ലാഭം കണ്ടിട്ടില്ലാത്ത കിയാൽ, 2020-21ൽ (FY 2021) 185 കോടി രൂപയും FY 2020 ൽ 95.03 കോടി രൂപയും നഷ്ടം രേഖപ്പെടുത്തിയിരുന്നു..

മാത്രമല്ല, ആവർത്തിച്ചുള്ള നഷ്ടങ്ങൾ വരുത്തി വെച്ചിട്ടും 2022 മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിച്ചു പത്ത് മാസങ്ങൾ പിന്നിട്ടിട്ടും അതിന്റെ FY22 വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കിയാൽ അലംഭാവം കാണിച്ചിരിക്കയാണ്.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ; CIAL), കോഴിക്കോട് എയർപോർട്ട് എന്നിവയ്ക്ക് ശേഷം സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ കിയാലിന് ബിസിനസ് വികസിച്ച് ആദ്യ ലാഭം കൈപ്പിടിയിലാക്കാൻ കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.




ഓഡിറ്ററുടെ വിട്ടുപോക്ക് വാർഷിക റിപ്പോർട്ട് വൈകിപ്പിക്കുന്നു

കിയാൽ അതിന്റെ ഷെയർഹോൾഡർമാരുടെ വാർഷിക പൊതുയോഗം (AGM) 2022 ഒക്ടോബർ 26-ന് വിളിച്ചുകൂട്ടിയെങ്കിലും കമ്പനിയുടെ ഓഡിറ്റർമാരായ ഡിലോയിറ്റ് ഹാസ്കിൻസ് (Deloitte Haskins & Sells LLP), റിപ്പോർട്ട് ഓഡിറ്റ് ചെയ്യുന്നതിന് മുമ്പ് രാജിവെച്ചതിനാൽ, ആ മീറ്റിംഗിൽ ഓഡിറ്റഡ് ബാലൻസ് ഷീറ്റ് അവതരിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല.

യഥാർത്ഥത്തിൽ, ഡെലോയിറ്റ് ഹാസ്കിൻസ് 2023-24 സാമ്പത്തിക വർഷം വരെ അവരുടെ ഓഡിറ്റ് കരാർ ഒപ്പിട്ടിരുന്നു. വാസ്തവത്തിൽ, ഡെലോയിറ്റ് ഹാസ്കിൻസിന് പകരം കിയാലിന്റെ പുതിയ ഓഡിറ്റർമാരായി കൃഷ്ണമൂർത്തി ആൻഡ് കൃഷ്ണമൂർത്തി (Krishnamoorthy & Krishnamoorthy) യെ നിയമിച്ചതിന് അംഗീകാരം നൽകിയതിന് ശേഷമാണ് ഒക്ടോബർ 26 ന് വിളിച്ചുചേർത്ത എജിഎം അവസാനിച്ചത്.

myfinpoint.com-നോട് സംസാരിച്ച കിയാലിന്റെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, പുതിയ ഓഡിറ്റർമാർക്ക് അവരുടെ ജോലി ആദ്യം മുതൽ ആരംഭിക്കേണ്ടതിനാൽ 2022 സാമ്പത്തിക വർഷത്തിന്റെ ആഡിറ്റഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് കുറച്ച് സമയം കൂടി വേണ്ടിവരുമെന്നാണ്.

മൂല്യം ഊറ്റിയെടുക്കുന്ന നഷ്ടം

2022 മാർച്ച് 31 ന് കിയാലിന്റെ അറ്റമൂല്യം അതിന്റെ അടച്ച മൂലധനത്തേക്കാൾ വളരെ താഴെ വെറും 892.09 കോടി രൂപയാണ്. കമ്പനിയുടെ അംഗീകൃത മൂലധനം 3,500 കോടി രൂപയും സബ്‌സ്‌ക്രൈബ് ചെയ്‌ത മൂലധനം 1.338.37 കോടി രൂപയുമാണെന്ന കാര്യം വിസ്മരിക്കരുത്.

കിയാലിന്റെ സാമ്പത്തിക സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്ന വിദഗ്ധരുടെ അഭിപ്രായത്തിൽ, കമ്പനിയുടെ ദീർഘകാല സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാൻ കമ്പനിക്ക് പുതിയ ഓഹരിയോ വായ്പയോ കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്.

2018-19 കാലയളവിൽ കേരള സർക്കാരും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും (C&AG) തമ്മിലുള്ള തർക്കത്തിന്റെ പാരമ്യത്തിലാണ് കിയാലിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി ഡെലോയിറ്റ് ഹാസ്കിനെ നിയമിച്ചത്. കിയാൽ ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയല്ലെന്നും അതിനാൽ കമ്പനിയുടെ ഇഷ്ടപ്രകാരം ഓഡിറ്റർമാരെ നിയമിക്കാനുള്ള അവകാശം അവർക്കുണ്ടെന്നുമാണ് ആൻ സർക്കാർ വാദിച്ചത്.

കിയാലിൽ കേരള സർക്കാരിന് 39.23 ശതമാനം ഓഹരിയും മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് 25.44 ശതമാനം ഓഹരിയുമുണ്ട്. അങ്ങനെ, സംയുക്തമായി ഇരുകൂട്ടർക്കുമുള്ള ഓഹരി 64.67 ശതമാനമാണ്.

നിക്ഷേപകരുടെ ഒരു വിഭാഗമെന്ന നിലയിൽ എൻആർഐകൾക്ക് കിയാലിൽ 20.98 ശതമാനം ഓഹരിയുണ്ട്. അതേസമയം ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായ യൂസഫലിക്ക് കമ്പനിയുടെ മൊത്തം മൂലധനമായ 115 കോടി രൂപയിൽ 8.59 ശതമാനം ഓഹരിയുണ്ട്.