image

30 Jun 2023 2:30 PM IST

Business

ബെവ്‌കോ മാതൃക പ്രശംസനീയമെന്ന് പഞ്ചാബ് എക്‌സൈസ് വകുപ്പ് മന്ത്രി

Kochi Bureau

punjab excise minister says bevco model is commendable
X

Summary

  • ജൂലൈ 28 മുതല്‍ ആഗസ്റ്റ് ഒന്നു വരെ പഞ്ചാബ് പ്രതിനിധി സംഘം കെഎസ്ബിസി ഓഫീസ് സന്ദര്‍ശിക്കും.


പഞ്ചാബ് എക്സൈസ്, ടാക്സേഷന്‍ വകുപ്പ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. പൊതുവിതരണ സ്ഥാപനമെന്ന നിലയില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.

പൊതു മേഖലാ സ്ഥാപനമെന്ന നിലയില്‍ ബെവ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പഞ്ചാബ് മന്ത്രി പറഞ്ഞു. കേരള മാതൃക പഞ്ചാബില്‍ പകര്‍ത്താനുള്ള സാധ്യത തേടുമെന്നും അദ്ദേഹം കൂട്ടി സ്വകാര്യമേഖലയിലാണ് നിലവില്‍ പഞ്ചാബിലെ മദ്യ വില്‍പ്പന. എക്‌സൈസ് വകുപ്പും, ബിവറേജസ് കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തോട് വിവരിച്ചു.

മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്‌മെന്റും എക്‌സൈസ് അഡ്മിനിസ്‌ട്രേഷനിലെ മികച്ച രീതികളും, റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ പിഒഎസ് സ്ഥാപിക്കുന്നതും മദ്യ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പഠനമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ ലക്ഷ്യം. കോര്‍പ്പറേഷന്‍ പരിപാലിക്കുന്ന മദ്യ വിതരണ ശൃംഖലയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനായി കേരള എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണുന്നതിന് പ്രതിനിധി സംഘം ജൂലൈ 30 ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (കെഎസ്ബിസി) ഓഫീസ് സന്ദര്‍ശിക്കും. ജൂലൈ 28 മുതല്‍ ആഗസ്റ്റ് ഒന്ന് വരെയുള്ള സന്ദര്‍ശനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച, ബിവറേജസ് ഔട്ട് ലൈറ്റുകളുടെ സന്ദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടും.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ ഡി രാജീവ്, ഡപ്യൂട്ടി കമ്മീഷണര്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നടന്ന കുടിക്കാഴ്ചയില്‍ പങ്കെടുത്തു. പഞ്ചാബ് ഫിനാന്‍ഷ്യല്‍ കമ്മീഷണര്‍ ടാക്സേഷന്‍ വികാസ് പ്രതാപ്, എക്സൈസ് കമ്മീഷണര്‍ വരുണ്‍ റൂജം, എക്സൈസ് ജോയിന്റ് കമ്മീഷണര്‍ രാജ്പാല്‍ സിംഗ് ഖൈറ, എക്സൈസ് കമ്മീഷണറുടെ ഒഎസ്ഡി അശോക് ചലോത്ര എന്നിവരും ഉന്നതതല സംഘത്തിലുണ്ട്.