30 Jun 2023 12:45 PM IST
Summary
- പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കുന്നതിന് വേണ്ടി ഓപ്പണ്‍ ഹൗസ് പരിപാടി (എക്‌സ്പ്ലൗര്‍ അറ്റ് കിറ്റ്‌സ്) നാളെ. എല്ലാ മാസവും ആദ്യ ശനിയാഴ്ച കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നോവേഷന്‍ സോണിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസും അനുബന്ധ സൗകര്യങ്ങളും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. സന്ദര്‍ശനത്തിനായി https://bit.ly/OH_Ktiz എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രാവിലെ 11 മണിക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് സംശയങ്ങള്‍ നിവാരണം ചെയ്യാവുന്നതാണ്. അതിനു ശേഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, സൂപ്പര്‍ ഫാബ് ലാബ് എന്നിവ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനം, ഇന്‍കുബേറ്റര്‍ സംവിധാനം, സൗകര്യങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാനാകും.
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ ജനങ്ങള്‍ക്ക് മനസിലാക്കാം. ഇതിനു പുറമെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി വിദഗ്ധര്‍ നല്‍കും. പൊതുജനങ്ങളെ സ്റ്റാര്‍ട്ടപ്പ് മിഷന്റ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഈ ഉദ്യമമെന്ന് കെഎസ് യുഎം വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍, കോളേജ്, ഐടിഐ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നാണ് കെഎസ് യുഎമ്മിന്റെ പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
