image

31 Jan 2023 9:15 AM GMT

Kerala

കോഴിക്കോട്ടെ കോതി-ആവിക്കല്‍തോട് മലിനജല പ്ലാന്റുകള്‍ നടപ്പാവില്ല

Kozhikode Bureau

കോഴിക്കോട്ടെ കോതി-ആവിക്കല്‍തോട് മലിനജല പ്ലാന്റുകള്‍ നടപ്പാവില്ല
X

Summary

  • 140 കോടി രൂപയുടെ പദ്ധതിയില്‍ ചെലവിട്ടത് ഒരു കോടി മാത്രം


അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്‍പറേഷന്‍ നടപ്പാക്കാനിരുന്ന കോതി-ആവിക്കല്‍തോട് മലിനജല പ്ലാന്റ് പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം ഉണ്ടാവില്ല. അമൃത് 1 പദ്ധതി കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കോടതിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളതിനാലും പ്രാദേശികമായ എതിര്‍പ്പുള്ളതിനാലും പദ്ധതി മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ഹൈപവര്‍ സിറ്റിയറിംഗ് കമ്മിറ്റിയെ കോര്‍പറേഷന്‍ അറിയിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ ടെക്നിക്കല്‍ കമ്മിറ്റി(എസ്.എല്‍.ടി.സി)യെയും ഇക്കാര്യം അറിയിച്ചതായി മേയര്‍ ഡോ.ബീന ഫിലിപ്പ് സ്ഥിരീകരിച്ചു.

ഇതോടെ കടുത്ത ജനകീയ പ്രതിഷേധത്തിനും ആശങ്കകള്‍ക്കും ഇടയാക്കിയ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണം ഉടന്‍ നടപ്പാകില്ലെന്ന് വ്യക്തമായി. 140 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതി അമൃത് 1 പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കാനിരുന്നത്. ഡി.പി.ആര്‍ തയാറാക്കിയതിന്റെ ചെലവു കൂടാതെ ഇതിനകം ഒരുകോടിയില്‍ താഴെ രൂപ പദ്ധതിക്കായി ചെലവഴിച്ചുവെന്നാണ് കണക്ക്. എന്നാല്‍ തുക നല്‍കിയിട്ടില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.

50 ശതമാനം തുക കേന്ദ്ര വിഹിതം

പദ്ധതിക്കാവശ്യമായ 140 കോടിയില്‍ പകുതി കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാനവും 20 ശതമാനം കോര്‍പറേഷനുമാണ് വഹിക്കേണ്ടത്. ജനസാന്ദ്രതയേറിയ കോതി, ആവിക്കല്‍തോട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത ശുദ്ധജലം ലഭ്യമാക്കുന്നതിനും കക്കൂസ് മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ടുമാണ് പദ്ധതിക്ക് ഈ പ്രദേശങ്ങളെ തിരഞ്ഞെടുത്തതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. എന്നാല്‍ കോര്‍പറഷന്‍ പരിധിയിലെ മറ്റു വാര്‍ഡുകളിലെ കൂടി ശുചിമുറി മാലിന്യങ്ങള്‍ പ്രദേശത്ത് തള്ളാനുള്ള പദ്ധതിയാണിതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കോതിയിലും ആവിക്കല്‍തോടിലും ജനകീയ സമരസമിതികള്‍ രൂപീകരിക്കുകയും ചെയ്തു.

സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ജനം ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിരോധം തീര്‍ക്കുകയായിരുന്നു. രണ്ടിടത്തുമായി നിരവധിപേര്‍ അറസ്റ്റിലായി. അതോടൊപ്പം കോതി സമരസമിതി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പദ്ധതി ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രദേശത്തുകാരുടെ ഹരജിയും ഹൈക്കോടതി മുമ്പാകെയുണ്ട്. ആവിക്കല്‍തോടിലെ സ്വകാര്യ വ്യക്തി കോഴിക്കോട് മുനിസിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചതോടെയാണ് പ്രദേശത്ത് പ്ലാന്റ് നിര്‍മാണം തുടങ്ങാന്‍ സാധിക്കാതെവന്നത്.

1937 വരെ പദ്ധതി പ്രദേശത്ത് തോടായിരുന്നു ഉണ്ടായിരുന്നതെന്നും അത് ചപ്പുചവറുകളിട്ട് നികത്തിയതാണെന്നും റവന്യൂ രേഖകള്‍ സമര്‍പ്പിച്ച് വ്യക്തമാക്കിയതോടെ തോട് നികത്തിയ പ്രദേശത്ത് പ്ലാന്റ് നിര്‍മിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ രണ്ടിടത്തും നിര്‍മാണപ്രവൃത്തി നടത്താനാകാത്ത സാഹചര്യത്തിലാണ് കോര്‍പറേഷന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകുന്നത്. പദ്ധതി ഉടന്‍ നടപ്പാക്കാനാകില്ലെന്ന് ഇന്നലെ രാവിലെ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ മേയര്‍ പിന്നീട് പാര്‍ട്ടി ഇടപെടലുണ്ടായതോടെ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുത്തി.

അപ്പീലുമായി കോര്‍പറേഷന്‍

ആവിക്കല്‍തോട്, കോതി പദ്ധതികള്‍ക്കെതിരേ കോടതിയിലുള്ള കേസുകളില്‍ കോര്‍പറേഷന്‍ അപ്പീലിനു പോയിട്ടുണ്ട്. അമൃത് 1 പദ്ധതിയില്‍ പെടുത്തി മെഡിക്കല്‍ കോളജില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മാണം 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഈ പദ്ധതിയില്‍ കോതി, ആവിക്കല്‍ പ്ലാന്റ് നിര്‍മാണമൊഴികെയുള്ളവ ഏറക്കുറെ പൂര്‍ത്തിയായതായി മേയര്‍ പറഞ്ഞു. അമൃത് 1 ഫണ്ടില്‍ 25 കോടി രൂപ നിലവില്‍ ബാക്കിയാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷം പുതിയ പദ്ധതിയിലേക്കു മാറ്റാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

പദ്ധതി അമൃത് 2ലൂടെ നടപ്പാക്കും: മേയര്‍ -ബോക്സ്

കോഴിക്കോട്: നിര്‍ദിഷ്ട കോതി-ആവിക്കല്‍തോട് മലിനജല പ്ലാന്റ് പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കാനാവില്ലെങ്കിലും അമൃത് 2 പദ്ധതിയിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നു മേയര്‍ ഡോ.ബീന ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി അമൃത് 2ലേക്ക് മാറ്റാന്‍ കോര്‍ കമ്മിറ്റി തീരുമാനമെടുത്ത് സര്‍ക്കാര്‍ അംഗീകാരത്തിനായി അയക്കും. ഇതിനായി കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു.