14 Feb 2023 12:15 PM IST
'മെയ്ഡ് ഇന്‍ ജയില്‍' ഭക്ഷണത്തിന് പ്രിയമേറി; കോഴിക്കോട് ജില്ലാ ജയിലിനു ലഭിച്ചത് 2 കോടിയുടെ വരുമാനം
Kozhikode Bureau
Summary
- പ്രതിദിനം വിറ്റുപോകുന്നത് 30,000-40,000 രൂപയുടെ ഭക്ഷണം
'ഫ്രീഡം ഫുഡി'ലൂടെ തടവുകാര്‍ തയ്യാറാക്കി വിപണിയിലെത്തിച്ച ജയില്‍ ഭക്ഷണത്തിന് സ്വീകാര്യത ഏറുന്നു. കോഴിക്കോട് ജില്ലാ ജയില്‍ വിറ്റുവരവ് നേടിയത് 2,13,84,951 രൂപ. ദിവസവും 1500ലധികം ആളുകളാണ് ജയില്‍ ഭക്ഷണം വാങ്ങാനെത്തുന്നത്. 5000 മുതല്‍ 6000 വരെ ചപ്പാത്തിയും 200ഓളം ബിരിയാണിയും 50ഓളം ചില്ലിചിക്കനും ദിവസവും വിറ്റുപോകുന്നു. പ്രതിദിനം 30,000-40,000 രൂപയുടെ ഭക്ഷണമാണ് വിറ്റുപോകുന്നത് . കൊവിഡിന് മുമ്പ് അര ലക്ഷത്തിലധികം വില്‍പ്പനയുണ്ടായിരുന്നു.
കൗണ്ടറുകള്‍ ജയിലിനു പുറത്തും
വിലക്കുറവും ഗുണമേന്മയുമാണ് ജയില്‍ ചപ്പാത്തിക്ക് ഉപഭോക്താക്കള്‍ ഏറാന്‍ കാരണം. ജയില്‍ ചപ്പാത്തിയും ജയില്‍ ബിരിയാണിയും ഹിറ്റായതോടെ പുതിയറ ജില്ലാ ജയില്‍ വളപ്പില്‍ നിന്ന് മിഠായിത്തെരുവ്, സിവില്‍ സ്റ്റേഷന്‍, പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കും കൗണ്ടറുകള്‍ വ്യാപിപ്പിച്ചിരുന്നു. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് ജയിലുദ്യോഗസ്ഥര്‍ വാഹനങ്ങളിലെത്തി ഭക്ഷണം വില്‍ക്കുന്നത്.
കുക്കിനു കൂലി 170 രൂപ!
2011ലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ ഭക്ഷണ കൗണ്ടര്‍ ആരംഭിച്ചത്. ചപ്പാത്തി, പച്ചക്കറി, മുട്ടക്കറി, ചിക്കന്‍ കറി, ചില്ലി ചിക്കന്‍, ചിക്കന്‍ ബിരിയാണി, കുടിവെള്ളം തുടങ്ങിയവയാണ് പ്രധാനമായും വില്‍ക്കുന്നത്. തടവുകാരായ 10 പേരാണ് ഭക്ഷണം പാകംചെയ്യുന്നത്. 170 രൂപയാണ് ഇവരുടെ കൂലി. തടവുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പാചകക്കൂലി ശിക്ഷ കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നല്‍കും.
കൊവിഡ് പ്രതിസന്ധിയില്‍ തടവുകാര്‍ പരോളില്‍ പോയതോടെ ജയിലിലെ പല പദ്ധതികളും ഭാഗികമായി മുടങ്ങിയിരുന്നു. തടവുകാര്‍ തിരിച്ചെത്തിയതോടെ എല്ലാം വീണ്ടും സജീവമാവുകയാണ്.
വിശ്വസിച്ച് കഴിക്കാമെന്ന് ജയില്‍ സൂപ്രണ്ട്
അദ്ധ്വാനത്തിന്റെ മഹത്വവും കൃഷിയുടെ പ്രാധാന്യവുമാണ് ഇവിടെ തടവുകാര്‍ പഠിക്കുന്നത്. കൊവിഡിന് മുമ്പ് ഭക്ഷണം നല്ലപോലെ വിറ്റുപോയിരുന്നു. കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. മായമില്ലാത്തതിനാല്‍ വിശ്വസിച്ച് കഴിക്കാം- കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് എം.എം ഹാരിസ് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
