image

14 Feb 2023 8:30 AM GMT

Kerala

കരിപ്പൂര്‍ വിമാനത്താവളം കാര്‍ഗോ സുരക്ഷാ ചുമതല കെഎസ്‌ഐഇക്ക്

Kozhikode Bureau

കരിപ്പൂര്‍ വിമാനത്താവളം കാര്‍ഗോ സുരക്ഷാ ചുമതല കെഎസ്‌ഐഇക്ക്
X

Summary

  • സംസ്ഥാനത്തെ ഒരു വിമാനത്താവളത്തിന് ആര്‍എ പദവി ലഭിക്കുന്നത് ആദ്യം


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ കയറ്റുമതിയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനു കീഴിലെ കെഎസ്‌ഐഇ (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്) ഏറ്റെടുക്കുന്നു. മാര്‍ച്ച് 31നകം വിമാനത്താവളത്തിന് റഗുലേറ്റഡ് ഏജന്റ് (ആര്‍എ) പദവി ലഭിക്കുന്നതോടെയാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ കാര്‍ഗോ ചുമതല പൂര്‍ണമായും റഗുലേറ്റഡ് ഏജന്റിനെ ഏല്‍പിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ പദവി ലഭിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പിന്നീട് റദ്ദാക്കിയിരുന്നു.

നടപടി സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരം

നിലവില്‍ കാര്‍ഗോ സംബന്ധമായ ചില ചുമതലകള്‍ കെഎസ്‌ഐഇ ചെയ്തുവരുന്നുണ്ട്. എന്നാല്‍ കയറ്റിയയക്കാനുള്ള ചരക്കുകളുടെ എക്സ്റേ പരിശോധന, അണുവിമുക്തമാക്കല്‍ തുടങ്ങിയവ അതത് വിമാനക്കമ്പനികളാണ് ചെയ്യുന്നത്. മാര്‍ച്ച് 31നകം കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള കാര്‍ഗോയുടെ പൂര്‍ണ സുരക്ഷാ ഉത്തരവാദിത്വം കെഎസ്‌ഐഇ ഏറ്റെടുക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ (ബിസിഎഎസ്)യുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി കെഎസ്‌ഐഇ അധികൃതര്‍ അറിയിച്ചു.

പിന്നാലെ മറ്റു വിമാനത്താവളങ്ങളും

രാജ്യത്തെ എല്ലാ കാര്‍ഗോ കോംപ്ലക്സുകളും ആര്‍എ പദവിയിലേക്ക് മാറണമെന്ന് 2015ല്‍ ബി.സി.എ.എസ് നിര്‍ദേശിച്ചതാണ്. എന്നാല്‍ ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. സിയുഡിറ്റി (കോമണ്‍ യൂസ് ഓഫ് ഡൊമസ്റ്റിക് ടെര്‍മിനല്‍) മാറിയാണ് ആര്‍എ പദവിയിലേക്ക് വരുന്നത്. ഇതോടെ കയറ്റുമതിക്കാര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ ഏല്‍പിക്കുന്നതു മുതലുള്ള എല്ലാ ഉത്തരവാദിത്വവും കെഎസ്‌ഐഇക്കാകും.

കരിപ്പൂരില്‍ ദിവസേന കയറ്റിയയക്കുന്നത് 50 ടണ്‍ കാര്‍ഗോ

നിലവില്‍ 40-50 ടണ്‍ കാര്‍ഗോയാണ് ദിവസേന കരിപ്പൂരില്‍ നിന്ന് വിദേശത്തേക്ക് കയറ്റിയയക്കുന്നത്. ഇത് എല്ലാ വിമാനങ്ങളിലൂടെയുമുള്ള കയറ്റുമതിയുടെ കണക്കാണ്. ഒരു യാത്രാവിമാനത്തില്‍ രണ്ടോ മൂന്നോ ടണ്‍ മാത്രമേ കയറ്റിയയക്കാനാകൂ. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിച്ചാല്‍ 70 ടണ്‍ വരെ ഒരുദിവസം കയറ്റിയയക്കാന്‍ സാധിക്കും. കാര്‍ഗോ കോംപ്ലക്സില്‍ കുറഞ്ഞ സ്ഥലമേയുള്ളൂവെന്ന പരിമിതിയുമുണ്ട്.

സുവര്‍ണ ജൂബിലിയുടെ നിറവില്‍ കെഎസ്‌ഐഇ

1979ല്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ സൂക്ഷിപ്പു ചുമതല കെഎസ്‌ഐഇയെ ഏല്‍പിച്ചിരുന്നു. പിന്നീട് 1985-1995 കാലയളവില്‍ കെഎസ്‌ഐഇ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. വ്യവസായ വകുപ്പിനു കീഴിലെ 14 കമ്പനികളുടെ ഹോള്‍ഡിങ് കമ്പനിയായി 1973ലാണ് കെഎസ്‌ഐഇ രൂപീകരിച്ചത്. സംസ്ഥാനത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഇത് സുവര്‍ണജൂബിലി ആഘോഷിക്കുകയാണിപ്പോള്‍.

കെഎസ്‌ഐഇ നിരക്ക് വര്‍ധിക്കും

റഗുലേറ്റഡ് ഏജന്റ് പദവി നിലവിലെ കെഎസ്‌ഐഇ നിരക്ക് കിലോയ്ക്ക് 70 രൂപയെന്നത് വര്‍ധിക്കാനാണ് ഇടയാക്കുകയെന്ന് പ്രമുഖ കയറ്റുമതി സ്ഥാപനമായ കെഎന്‍പി എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഇംപോര്‍ട്ട്സ് ഡയറക്ടര്‍ ലുഖ്മാന്‍ കാരി പറഞ്ഞു. യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നവര്‍ക്കേ ഇത് പ്രയോജനം ചെയ്യൂ. പശ്ചിമേഷ്യയിലേക്ക് എക്സ്പോര്‍ട്ട് നടത്തുന്നവര്‍ക്ക് തിരിച്ചടിയാകും. സ്‌ക്രീനിംഗ് ചാര്‍ജും വര്‍ധിക്കും. അവര്‍ക്ക് ഒരു കമ്പനിയുടെ കാര്‍ഗോ വൈകിപ്പിക്കാനും സാധിക്കുന്നതിനാല്‍ ആര്‍എ പദവി കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്- അദ്ദേഹം പറഞ്ഞു.

സ്‌ക്രീനിംഗ് ചാര്‍ജ് നല്‍കേണ്ടത് വിമാനക്കമ്പനികള്‍

എന്നാല്‍ കാര്‍ഗോ നിരക്ക് കിലോയ്ക്ക് 70 രൂപയെന്നത് ഒരു രൂപയാവുമെങ്കിലും സ്‌ക്രീനിംഗ് ചാര്‍ജ് വിമാനക്കമ്പനികളാണ് നല്‍കേണ്ടിവരുകയെന്ന് ഉന്നത കെഎസ്‌ഐഇ ഉദ്യോഗസ്ഥന്‍ ഇതു സംബന്ധമായ ചോദ്യത്തോടു പ്രതികരിച്ചു.

പ്രധാന കയറ്റുമതി പഴം-പച്ചക്കറികള്‍, മാംസം, മത്സ്യം

കാലിക്കറ്റ് എയര്‍ കാര്‍ഗോ കോംപ്ലക്സ് വഴിയാണ് കരിപ്പൂരില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. പ്രധാനമായും പഴം-പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവയാണ് ഇവിടെ നിന്ന് കയറ്റിയയക്കുന്നത്.

അതേസമയം വലിയ വിമാനങ്ങളില്ലാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളം വഴി വലിയ അളവില്‍ കയറ്റുമതി സാധിക്കുന്നില്ലെന്ന് കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങള്‍ പറയുന്നു. കയറ്റുമതി സബ്സിഡി സര്‍ക്കാര്‍ പിന്‍വലിച്ചതും വെല്ലുവിളിയായി.