image

10 May 2023 8:15 AM GMT

Kerala

60 ഇ-ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

Swarnima Cherth Mangatt

60 ഇ-ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
X

Summary

  • ഇ- ബസുകളുടെ എണ്ണത്തിന് സമാനമായുള്ള ഡീസല്‍ ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കും


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കും. 'കാര്‍ബണ്‍ രഹിത തിരുവനന്തപുരം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാകും ഇത്. തിരുവന്തപുരം കോര്‍പറേഷന്‍ വാങ്ങി നല്‍കാനിരിക്കുന്ന 113 ബസുകളില്‍ 60 എണ്ണമാണ് മൂന്നാഴ്ചക്കകം സര്‍വീസിനെത്തുന്നത്. ബാക്കിയുള്ള 53 ബസ് അടുത്തമാസം എത്തും. സ്മാര്‍ട്സിറ്റി ഫണ്ടില്‍ നിന്നും 103.7 കോടി രൂപയ്ക്കാണ് ബസുകള്‍ വാങ്ങുന്നത്. ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ നിയന്ത്രണത്തിലായിരിക്കും സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

സര്‍വീസ് നടത്താനൊരുങ്ങുന്ന ഇ- ബസുകളുടെ എണ്ണത്തിന് സമാനമായുള്ള ഡീസല്‍ ബസുകള്‍ നിരത്തില്‍ നിന്നും പിന്‍വലിക്കും. ഇതോടെ നഗരത്തിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കും പൊതു ഗതാഗതം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസിയും കോര്‍പറേഷനും ചേര്‍ന്ന് നിശ്ചയിക്കും. കൂടാതെ, ബസുകളില്‍ കോര്‍പറേഷന്റെ ലോഗോയുമുണ്ടാകും. ബസ് വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ഇ-ബസുകള്‍ നല്‍കുന്നത് പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയാണ്. മഹാരാഷ്ട്ര, കര്‍ണാടക പ്ലാന്റുകളില്‍ നിന്നാണ് ബസ്സുകള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുത്ത റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് എസി ബസ് സര്‍വീസ് ആരംഭിക്കാനും കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ട്.

നിലവില്‍ ഒരു വര്‍ഷത്തോളമായി നഗരത്തില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വിഫ്റ്റിന്റെ കീഴിലുള്ള ഈ ബസുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്. ഇവ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പിന്നാലെയാണ് കൂടുതല്‍ റൂട്ടുകളില്‍ ഇ-ബസുകള്‍ വിന്യസിക്കാനുള്ള പദ്ധതി ആവിഷ്‌കഴിച്ചത്. ഒന്‍പത് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസുകളും 60 ചാര്‍ജറുകളും വാങ്ങാനാണ് കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍. ഇതിനു പുറമെ തുറന്ന റൂഫുള്ള അഞ്ച് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളും ടൂറിസം ആവശ്യത്തിനായി വാങ്ങാന്‍ കോര്‍പറേഷന് പദ്ധതിയുണ്ട്.

അതേസമയം, വിവിധ കേന്ദ്ര പദ്ധതികളുടെ ഭാഗമായി ഏതാണ്ട് 1000 ഇ-ബസുകളാണ് കേരളത്തിലേയ്ക്ക് വൈകാതെ എത്തുന്നത്. തിരുവനന്തപുരത്തിനു പുറമെ മറ്റു നഗരങ്ങളിലും ഈ ബസുകള്‍ വിന്യസിക്കും. മാത്രമല്ല, ഫീഡര്‍ സര്‍വീസ് നടത്താനായി 30 ബസുകള്‍ കൊച്ചി മെട്രോ കെഎസ്ആര്‍ടിസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നിലവില്‍ എട്ട് ഇലക്ട്രിക് ബസുകള്‍ വിവിധ റൂട്ടുകളില്‍ ഫീഡര്‍ സര്‍വീസ് നടത്തുന്നുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 2300 ഡീസല്‍ ബസുകള്‍ക്കു പകരം സിഎന്‍ജി, ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. രാജ്യത്ത് പലയിടത്തും ഇലക്ട്രിക് ബസുകള്‍ക്ക് സ്വീകാര്യതയേറുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. തിരുവനന്തപുരത്തിനു പുറമെ കൊച്ചിയിലും ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് പദ്ധതിയുണ്ട്.