image

20 Dec 2022 9:00 AM GMT

Banking

പുതിയ ബിസിനസിന് 35% വരെ സബ്സിഡി: ആര്‍ക്കും നേടിയെടുക്കാം, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സഹായം

MyFin Bureau

new business subsidy finance support
X

Summary

  • അത്തരക്കാരെ സഹായിക്കാനും ബിസിനസിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്
  • ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നല്‍കുന്ന മറ്റൊരു പദ്ധതിയും രാജ്യത്ത് നിലവിലില്ല


പുതുസംരംഭകര്‍ക്ക് പരിധിയില്ലാതെ വായ്പ ലഭ്യമാക്കുന്ന പദ്ധതി എങ്ങനെ നേടിയെടുക്കാമെന്നറിയാം

ബിസിനസ് തുടങ്ങാന്‍ കാശ് വേണം. ഐഡിയയുണ്ട്, പക്ഷേ കാശില്ലെന്ന് വേവലാതിപ്പെടുന്ന ഒട്ടേറെ പുതുസംരംഭകരുണ്ട്. അത്തരക്കാരെ സഹായിക്കാനും ബിസിനസിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ട്. എന്നാല്‍ അതേപ്പറ്റിയൊന്നും പലരും അറിയുന്നില്ല. ഒട്ടേറെ സംരംഭകര്‍ക്ക് ബിസിനസ് തുടങ്ങാന്‍ സഹായകരമായ പിഎഇജിപി അഥവാ പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാംമിനെപ്പറ്റി വിശദമായി പറയാം.

ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും സഹായവും നല്‍കുന്ന മറ്റൊരു പദ്ധതിയും രാജ്യത്ത് നിലവിലില്ല. 2008 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഈ പദ്ധതിയില്‍ അടുത്തിടെ വലിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

പരിധിയില്ലാതെ വായ്പയോ?

അതെ. നിര്‍മാണ-സേവന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി പരിധിയില്ലാതെ വായ്പ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാല്‍ സബ്സിഡി ലഭ്യമാക്കുന്നതിന് പരിധിയുണ്ട്. നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെയും മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ.

ഗ്രാമ-നഗര വ്യത്യാസമനുസരിച്ച് വായ്പയ്ക്കുള്ള സബ്സിഡിയിലും മാറ്റമുണ്ടാകും. ഗ്രാമപ്രദേശത്ത് പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന (സ്ത്രീകള്‍, എസ്സി-എസ്ടി വിഭാഗക്കാര്‍, ഒബിസി, മതന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍) സംരംഭകര്‍ക്ക് 35 ശതമാനവും നഗര പ്രദേശത്താണെങ്കില്‍ 25 ശതമാനവുമാണ് സബ്സിഡിയായി ലഭിക്കുക. പൊതുവിഭാഗത്തിന് പഞ്ചായത്ത് പ്രദേശത്ത് 25 ശതമാനവും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 ശതമാനവുമാണ് സബ്സിഡി.





സബ്സിഡി ലഭിച്ചുകഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തേക്ക് ബാങ്കില്‍ തന്നെ സ്ഥിരനിക്ഷേപമായി സൂക്ഷിക്കുകയും അതിനുശേഷം പ്രവര്‍ത്തനം വിലയിരുത്തി വായ്പ കണക്കിലേക്ക് വരവ് വെച്ച് നല്‍കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന സബ്സിഡി തുകയ്ക്കും വായ്പാതുകയ്ക്കും ഒരേ പലിശ നിരക്കായിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

ഏത് പ്രായക്കാര്‍ക്ക് അപേക്ഷിക്കാം?

ഉയര്‍ന്ന പ്രായപരിധിയില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും വായ്പാ പദ്ധതിക്കായി അപേക്ഷിക്കാം. 10 ലക്ഷത്തിനു മുകളില്‍ വരുന്ന നിര്‍മാണ സ്ഥാപനങ്ങള്‍ക്കും അഞ്ച് ലക്ഷത്തിന് മുകളില്‍ വരുന്ന സേവന സ്ഥാപനങ്ങള്‍ക്കും എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണ് യോഗ്യത.

ഏതൊക്കെ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം?

പങ്കാളിത്ത സ്ഥാപനങ്ങള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. നേരിട്ടുള്ള കൃഷി ഫാമുകള്‍, വാഹനങ്ങള്‍, പുകയില, മദ്യം, മാംസം, ടെസ്റ്റിംഗ് ലാബുകള്‍, പരിശീലന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങള്‍, തുടങ്ങിയ ഏതാനും മേഖലകള്‍ക്കും വായ്പ ലഭിക്കില്ല. ഇവ ഒഴികെയുള്ള എല്ലാത്തരം സംരംഭ പ്രവര്‍ത്തികള്‍ക്കും വായ്പ ലഭിക്കുന്നതാണ്.

കച്ചവടം ചെയ്യാനും കിട്ടിയേക്കും

പുതിയ ഭേദഗതി പ്രകാരം പൗള്‍ട്രി ഫാമുകള്‍ക്കും ഫിഷ് ഫാമുകള്‍ക്കും വായ്പ ലഭിക്കും. അതുപോലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഹനങ്ങള്‍ക്കും, വാന്‍, ഓട്ടോ ടാക്സികള്‍ക്കും വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ ഹോട്ടലുകള്‍ക്കും പശുവിനെ വളര്‍ത്തി പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാമുകള്‍ക്കും വായ്പ ലഭിക്കും.

എരുമ, ആട്, ഒട്ടകം, കുതിര, കഴുത എന്നിവയുടെ ഫാമുകള്‍ക്കും ഇതേ രീതിയില്‍ വായ്പ ലഭിക്കും. ചിക്കന്‍, ടര്‍ക്കി, താറാവ്, തേനീച്ച വളര്‍ത്തല്‍ എന്നീ സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. കച്ചവടത്തിന് വ്യവസ്ഥകളോടെ വായ്പ ലഭിക്കും. ഖാദി പിഎംഇജിപി യൂണിറ്റുകളുടെ നിര്‍മ്മാണ-സേവന സ്ഥാപനങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ആണെങ്കില്‍ വായ്പയ്ക്ക് പരിഗണിക്കും.

വനിതകള്‍ക്ക് സാധ്യതയേറെ

പിഎംഇജിപി പദ്ധതിയില്‍ ലഭിക്കുന്ന അപേക്ഷകളില്‍ 30 ശതമാനം സംവരണം വനിതകള്‍ക്കാണ്. ഒബിസിക്ക് 27 ശതമാനവും എസ്സിക്ക് 9.1 ശതമാനവും എസ്ടിക്ക് 1.45 ശതമാനവും മതന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനവും പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം സബ്സിഡി ലഭിക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇനിമേല്‍ സംരംഭകത്വ പരിശീലനം നിര്‍ബന്ധമില്ല. സ്ഥാപനത്തിന്റെ നിക്ഷേപം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ അഞ്ച് ദിവസത്തെ സംരംഭകത്ത പരിശീലനം നേടിയാല്‍ മതിയാകും. അതിനുമുകളില്‍ ആണെങ്കില്‍ 10 ദിവസത്തെ പരിശീലനവും നേടിയിരിക്കണം. എന്നാല്‍ മാത്രമേ സര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡിക്ക് അര്‍ഹത ഉണ്ടാവുകയുള്ളൂ.




പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

വായ്പ നല്‍കുന്നതിന് വാണിജ്യ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകളെ കൂടി ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

തിരിച്ചടവ് കാലാവധി മൂന്നുവര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ലഭിക്കും

ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാള്‍ക്ക് തൊഴില്‍ നല്‍കണം എന്ന വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ ഒഴിവാക്കി. ഇപ്പോള്‍ മൂന്നുലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപത്തിന് ഒരു തൊഴില്‍ നല്‍കിയാല്‍ മതിയാകും.

ഗ്രാമ, നഗര വ്യത്യാസം ഇല്ലാതെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ നിര്‍വഹണ സ്ഥാപനങ്ങള്‍ക്കും അധികാരവും നല്‍കി. ഇതുവരെ ഈ അധികാരം ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് മാത്രമായിരുന്നു

എന്തൊക്കെ രേഖകള്‍ വേണം?

ആധാര്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

പ്രോജക്ട് റിപ്പോര്‍ട്ട്

ആവശ്യമെങ്കില്‍, സ്പെഷ്യല്‍ കാറ്റഗറി സര്‍ട്ടിഫിക്കേറ്റ്

റൂറല്‍ ഏരിയാ സര്‍ട്ടിഫിക്കറ്റ്

വിദ്യാഭ്യാസ/ സ്‌കില്‍ ഡെവലപ്മെന്റ് ട്രൈനിംഗ്/ ഇഡിപി സര്‍ട്ടിഫിക്കറ്റ്

ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള ലിങ്ക്: https://www.kviconline.gov.in/pmegpeportal/pmegphome/index.jsp


(ടിഎസ് ചന്ദ്രന്‍-സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)