30 Dec 2022 6:30 PM IST
Summary
- നിലവില്‍ 34.45 രൂപയാണ് ഈ കമ്പനിയുടെ ഓഹരിവില
- ഏറ്റെടുക്കലിന് പിന്നാലെ പുതിയ കോഴ്‌സുകള്‍ ആരംഭിച്ച് ബിസിനസ് പദ്ധതികള്‍ വിപുലീകരിക്കാനാണ് പദ്ധതി
ഓഹരി വിപണിയില്‍ ആയിരക്കണക്കിന് കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേരള കമ്പനികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നവരാണ് മലയാളി നിക്ഷേപകര്‍. ഈ കമ്പനികളോട് പ്രത്യേക താല്‍പ്പര്യവും മലയാളി നിക്ഷേപകര്‍ക്കുണ്ട്. കേരളത്തില്‍നിന്ന് അവസാനമായി ഓഹരി വിപണിയില്‍ നിന്ന് ലിസ്റ്റ് ചെയ്ത കല്യാണ്‍ ജൂവലേഴ്‌സ് ഉള്‍പ്പെടെ നിലവില്‍ 29 ഓളം കേരള കമ്പനികളാണ് ഓഹരി വിപണിയിലുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് കംപ്യൂട്ടര്‍ പരിശീലന രംഗത്തെ ജനപ്രിയ മലയാളി കമ്പനിയായ ജിടെക്കും.
പ്രാഥമിക ഓഹരി വില്‍പ്പന നടത്താതെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത മുംബൈ ആസ്ഥാനമായുള്ള കീര്‍ത്തി ലോളജ് ആന്റ് സ്‌കില്‍ ലിമിറ്റഡ് കമ്പനിയെ പൂര്‍ണമായും ഏറ്റെടുത്തതിലൂടെയാണ് ജിടെക്കിന്റെ ഓഹരി വിപണി പ്രവേശനം യാഥാര്‍ത്ഥ്യമായത്. ജെയ്ന്‍ യൂണിവേഴ്‌സിറ്റിയും ജിടെക്കും സംയുക്തമായാണ് ഐടി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തി നോളജ് ആന്റ് സ്‌കില്‍ ലിമിറ്റഡ് കമ്പനിയെ പൂര്‍ണമായും ഏറ്റെടുത്തത്. ഈ കമ്പനിക്ക് 87 ബ്രാഞ്ചുകളാണ് മുംബൈയിലുള്ളത്.
മുംബൈ ആസ്ഥാനമായുള്ള എന്‍എസ്ഇ ലിസ്റ്റഡ് കമ്പനിയായ കീര്‍ത്തി നോളജ് ആന്റ് സ്‌കില്‍ ലിമിറ്റഡ് കമ്പനിയെ ജെയ്ന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള തുല്യപങ്കാളിത്തത്തിലൂടെ ഏറ്റെടുത്തതായി ജിടെക്ക് സിഎംഡി മഹ്‌റൂഫ് മണലൊടി മൈഫിന്‍ പോയ്ന്റിനോട് പറഞ്ഞു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരിയോടെ കമ്പനിയുടെ പേര് എന്‍എസ്ഇയില്‍ ജിടെക്ക് ജെയ്ന്‍ എന്ന പേരിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 19 രാജ്യങ്ങളിലായി 670 ഓളം ബ്രാഞ്ചുകളാണ് ജിടെക്കിനുള്ളത്. ഇവിടങ്ങളിലായി 400 ഓളം കോഴ്‌സുകളും നല്‍കുന്നു. പുതിയ ഏറ്റെടുക്കലിന് പിന്നാലെ പുതിയ കോഴ്‌സുകള്‍ ആരംഭിച്ച് ബിസിനസ് പദ്ധതികള്‍ വിപുലീകരിക്കാനാണ് ജിടെക്ക് ജെയ്ന്‍ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കീര്‍ത്തി നോളജ് ആന്റ് സ്‌കില്‍ ലിമിറ്റഡ്
നിലവില്‍ 34.45 രൂപയാണ് ഈ കമ്പനിയുടെ ഓഹരിവില. നേരത്തെ ഓഗസ്റ്റില്‍ 16 രൂപ എന്ന നിലയില്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തിയിരുന്ന കമ്പനി പുതിയ ഏറ്റെടുക്കലിന് വിധേയമായതോടെയാണ് 34.45 രൂപയിലെത്തിയത്. കമ്പനിയുടെ 40 ശതമാനം ഓഹരികളാണ് പബ്ലിക്കിന്റെ കൈവശമുള്ളത്. ഇതിനിടെ ഏറ്റെടുക്കലിന് ശേഷം ഒരു ഓഹരിക്ക് 40 രൂപ എന്ന നിലയില്‍ ബൈബാക്ക് ഓഫര്‍ നടത്തിയെങ്കിലും 500 ഓഹരികള്‍ മാത്രമാണ് പ്രൊമോട്ടര്‍മാര്‍ക്ക് തിരികെ ലഭിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
