30 Jun 2023 4:00 PM IST
കയര്‍ മേഖലയുടെ നവീകരണം; വിപണിക്കാവശ്യമായ ഉത്പന്നങ്ങളിലേക്ക് മാറണമെന്ന് പി രാജീവ്
Kochi Bureau
Summary
- കയര്‍ മേഖലയില്‍ ഭരണ നിര്‍വഹണച്ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമം
വിപണിക്കാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ കയര്‍ മേഖല നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായം മന്ത്രി പി രാജീവ് പറഞ്ഞു. വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും ഉത്പന്നങ്ങളും നിര്‍മിക്കാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതിയാണ് മന്ത്രി. ഇതിനായി മാസ്റ്റര്‍ ട്രെയിനര്‍മാരെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ മേഖലയ്ക്ക് ആവശ്യമായ പണം പൂര്‍ണമായും അനുവദിക്കുന്നതിന് ധനകാര്യ മന്ത്രി പൂര്‍ണ സമ്മതമാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കയര്‍ മേഖലയിലെ വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും കണിച്ചുകുളങ്ങര കയര്‍ഫെഡ് പിവിസി ടഫ്റ്റഡ് യൂണിറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കയര്‍ മേഖലയില്‍ ഭരണ നിര്‍വഹണച്ചെലവ് പരമാവധി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോര്‍മാറ്റിങ്ങ്‌സും കോര്‍പ്പറേഷനും ലയനത്തിന്റെ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
കയര്‍ പോലെ തന്നെ പ്രധാനമാണ് ചകിരിയും. ചകിരിയില്‍ നിന്നും ഉത്പന്നങ്ങള്‍ വൈവിധ്യമായവ നിര്‍മ്മിക്കാന്‍ കഴിയണം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് പുതുതായി 80 ലക്ഷത്തിന്റെ ഓര്‍ഡര്‍ കയര്‍ഫെഡിന് ലഭിച്ചിട്ടുണ്ട്. ബയോ ബിന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്.
മികച്ച ഗുണനിലവാരമുള്ള കയര്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. സൊസൈറ്റികളില്‍ തറികള്‍ക്ക് നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കും. സൊസൈറ്റികള്‍ നവീകരിക്കാനുള്ള പണം സര്‍ക്കാര്‍ നല്‍കും. വളരെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമൂലധനം നല്‍കാന്‍ തുടങ്ങി. ആറര കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനു മുകളിലായി പ്രവര്‍ത്തനമൂലധനം നല്‍കാത്ത ചെറുകിട ഉത്പാദക സംഘങ്ങള്‍ക്കും ഇത്തവണ പ്രവര്‍ത്തനമൂലധനം നല്‍കുന്നു. മാനേജീരിയല്‍ സബ്‌സിഡി നല്‍കാനും തീരുമാനിച്ചു. സെക്രട്ടറിമാര്‍ക്ക് 5000 രൂപ വെച്ച് മൂന്നു മാസത്തേക്കുള്ള 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് ആയി ഗവണ്‍മെന്റ് നല്‍കാനുള്ളത് ഘട്ടംഘട്ടമായി അനുവദിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാനസൗകര്യവികസനത്തിന് 1.87 കോടി രൂപയും നല്‍കിയിട്ടുണ്ട്. കയര്‍ മേഖലയിലെ വിവിധ ആനുകൂല്യങ്ങളുടെ വിതരണം, കല്‍ക്കരി ഖനികളിലേക്ക് കയര്‍ ഭൂവസ്ത്രത്തിന്റെ ആദ്യ ഓര്‍ഡര്‍ കൈമാറല്‍, കയര്‍ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന വാഹനങ്ങളുടെ ഉദ്ഘാടനം, നവീകരിച്ച പിവിസി ടഫ്റ്റഡ് മാറ്റിന്റെ വിപണനോദ്ഘാടനം, ലാറ്റക്‌സ് ടഫ്റ്റഡ് യൂണിറ്റിന്റെ ഉദ്ഘാടനവും വിപണനോട്ഘടനവും, കയര്‍ഫെഡ് ഉത്പന്നങ്ങളുടെ സംസ്ഥാനതല വിപണനത്തിന് ഡിസ്ട്രിബ്യൂട്ടേഴ്സുമായി ധാരണ പത്രം കൈമാറല്‍, കയര്‍ഫെഡ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രഖ്യാപനം, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ കയര്‍ഫെഡ് ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുള്ള ധാരണപത്രം കൈമാറല്‍, ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന്റെ ഓര്‍ഡര്‍ ഏറ്റുവാങ്ങല്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി പി രാജീവ് നിര്‍വഹിച്ചു. സംഘങ്ങളില്‍ കയര്‍ കെട്ടി കിടക്കുന്നതും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായുമുള്ള വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്.
കയര്‍ഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാര്‍ അധ്യക്ഷത വഹിച്ചത്. എഎം ആരിഫ് എംപി, കയര്‍ വികസന ഡയറക്ടര്‍ വി ആര്‍ വിനോദ്, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി വേണുഗോപാല്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍, കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയര്‍മാന്‍ എം എച്ച് റഷീദ്, മാനേജിങ് ഡയറക്ടര്‍ ശശീന്ദ്രന്‍, കയര്‍ഫെഡ് വൈസ്പ്രസിഡന്റ് ആര്‍. സുരേഷ്, കയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പ്രതീഷ് ജി പണിക്കര്‍, കയര്‍ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠിക്കാം & സമ്പാദിക്കാം
Home
