image

28 Dec 2022 7:45 AM GMT

Business

എംഎസ്എംഇ ചാമ്പ്യന്‍സ്;സംരംഭകരുടെ സങ്കട നിവാരണത്തിന് പുതിയ വഴി

MyFin Bureau

എംഎസ്എംഇ ചാമ്പ്യന്‍സ്;സംരംഭകരുടെ സങ്കട നിവാരണത്തിന് പുതിയ വഴി
X

Summary

  • ചെറിയ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവയെ വലിയ സംരംഭമാക്കി വളര്‍ത്തുക എന്നതാണ് ചാമ്പ്യന്‍സിന്റെ ലക്ഷ്യമെന്ന് പൊതുവെ പറയാം


ഗോതമ്പു തവിടുകൊണ്ട് പ്ലേറ്റ് നിര്‍മ്മിച്ച് ദേശീയ ശ്രദ്ധനേടിയ വിനയ് ബാലകൃഷ്ണന്‍ എന്ന സംരംഭകനുമായി സംസാരിച്ചപ്പോഴാണ് 'MSME Champions' എന്ന പോര്‍ട്ടല്‍ അദ്ദേഹത്തിന് എങ്ങനെ പ്രയോജനപ്പെട്ടു എന്ന് മനസിലാകുന്നത്. തന്റെ സംരംഭത്തിന് വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ പോര്‍ട്ടല്‍ വഴിയാണ് പരാതി നല്‍കിയത്. ഉടന്‍ നടപടി ഉണ്ടായി. വായ്പ ലഭ്യമായി, സ്ഥാപനം യാഥാര്‍ത്ഥ്യമായി. MSME Champions എന്ന പോര്‍ട്ടല്‍ സംരംഭകരുടെ സങ്കട നിവാരണത്തിനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും സംയോജിപ്പിച്ച സാങ്കേതിക മികവ് പുലര്‍ത്തുന്ന ഏറെ ഫലപ്രദമായ ഒരു പോര്‍ട്ടല്‍ ആണ് ഇത്. ചാമ്പ്യന്‍സ് എന്നാല്‍ 'Creation and Harmonious application of Modern Processestor Interesting the out put and national strength' . ചെറിയ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവയെ വലിയ സംരംഭമാക്കി വളര്‍ത്തുക എന്നതാണ് ചാമ്പ്യന്‍സിന്റെ ലക്ഷ്യമെന്ന് പൊതുവെ പറയാം.

പ്രധാന ഉദ്ദേശങ്ങള്‍

1. ലൈസന്‍സിംഗ്, അനുമതികള്‍, തൊഴിലാളികളുടെ ലഭ്യത (പ്രത്യേകിച്ച് സാങ്കേതിക വിദഗ്ധരുടെ), ധനസമാഹരണം തുടങ്ങിയ രംഗങ്ങളില്‍ സംരംഭകരെ സഹായിക്കുക.

2. ഉത്പാദന സേവന മേഖലകളില്‍ പുത്തന്‍ അവസരങ്ങള്‍ കണ്ടെത്തുക, പരിചയപ്പെടുത്തുക.

3. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ വന്‍ വികസന സാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക

champions.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും, 66 സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകളും കോര്‍ത്തിണക്കിയിരിക്കുന്നു. കേന്ദ്രീകൃതമായ നിയന്ത്രണവും വിവരശേഖരണ - വിതരണ ശൃംഗലയുമാണ് ചാമ്പ്യന്‍സിന്റെ പ്രത്യേകത.

അഞ്ചിനം സേവനങ്ങള്‍

5 തരം സേവനങ്ങളാണ് ഈ സംവിധാനം വഴി പൊതുസംരംഭകര്‍ക്ക് ലഭ്യമാകുക

1. വിവരങ്ങള്‍ പങ്കുവെയ്ക്കല്‍; സര്‍ക്കാര്‍ സഹായ പദ്ധതികള്‍, സമാശ്വാസ പദ്ധതികള്‍, നയരേഖകള്‍, ആനുകൂല്യങ്ങളും, സൗകര്യങ്ങളും എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു

2.പരാതികളും നിര്‍ദേശങ്ങളും; സംരംഭകരുടെ പരാതികള്‍, സങ്കടങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് പബ്ലിക് ഗ്രീവന്‍സ് റി ഡ്രസ്സല്‍ ആന്റ് മോണിറ്ററിംഗ് സിസ്റ്റം, വ്യവസായ മന്ത്രാലയത്തിന് ലഭിക്കുന്ന വിവിധ പരാതികള്‍ എന്നിവയുമായി തത്സമയം പരിഹാരനടപടികള്‍ക്ക് സജ്ജമായ ഒരു സംവിധാനമായി പ്രവര്‍ത്തിക്കുന്നു.

3. ട്രാക്കിംഗ് സംവിധാനം; ചാമ്പ്യന്‍സില്‍ ഉന്നയിച്ച പരാതിയുടെ തല്‍സ്ഥിതി വിലയിരുത്തുന്നതിനുള്ള സംവിധാനം

4. നൂതന ആശയങ്ങള്‍ പങ്കുവയ്ക്കല്‍; നവീന സംരംഭ ആശയങ്ങള്‍ പങ്ക് വയ്ക്കാനുള്ള ഒരു ഗാലറിയായി ചാമ്പ്യന്‍സ് പ്രവര്‍ത്തിക്കുന്നു.

5. നിരീക്ഷണവും നടപടികളും; കേന്ദ്ര സംവിധാനം ഉള്‍പ്പെടെ 67 കണ്‍ട്രോള്‍ റൂമുകള്‍, ഓരോ ബാങ്കിന്റെയും നോഡല്‍ ഓഫീസര്‍മാര്‍, മന്ത്രാലയ വകുപ്പുതല അധികാരികള്‍, കേന്ദ്രപൊതുമേഖലയിലെ 52 ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചാമ്പ്യന്‍സില്‍ ലഭിക്കുന്ന സങ്കടങ്ങളും പരാതികളും കൃത്യമായി നിരീക്ഷിച്ച് അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു.

ഏകജാലക സംവിധാനം

ഇതൊരു ഏകജാലക സംവിധാനമാണ്. രജിസ്‌ട്രേഷന്‍, സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങള്‍, എംഎസ്എംഇ കള്‍ക്കുള്ള വിവിധ വായ്പാ പദ്ധതികള്‍, സബ്‌സിഡി ആനുകൂല്യങ്ങള്‍, പദ്ധതികള്‍, നിയമങ്ങള്‍, നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍, അപേക്ഷകള്‍ക്കുള്ള ലിങ്കുകള്‍ എല്ലാം ചാമ്പ്യന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എംഎസ്എംഇ കള്‍ക്ക് ലഭിക്കാനുള്ള തുക പിരിച്ചെടുക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന സമാധാന്‍ പോര്‍ട്ടലിലേക്കുള്ള ലിങ്കും ഈ സംവിധാനത്തില്‍ ലഭിക്കുന്നു.

സാധാരണ സംരംഭകരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും നവീന ആശയങ്ങള്‍ സ്വീകരിക്കാനും ഉതകുന്ന സൗജന്യസേവനമാണ് കേന്ദ്രം എംഎസ്എംഇ മന്ത്രാലയം ചാമ്പ്യന്‍സ് വഴി ഉറപ്പ് നല്‍കുന്നത്.



ടിഎസ് ചന്ദ്രന്‍-സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍