image

9 Jun 2023 10:30 AM GMT

Business

സമൂല മാറ്റവുമായി ഉന്നത വിദ്യാഭ്യാസ മേഖല; വിദ്യാര്‍ത്ഥി കേന്ദ്രീകൃത കരിക്കുലത്തിന് ഊന്നല്‍

Kochi Bureau

student-centered curriculum
X

Summary

  • രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളില്‍ കേരളത്തിലെ 42 കോളജുകള്‍ ഇടംപിടിച്ചത് അഭിമാനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി


ഉന്നത വിദ്യാഭ്യാസ രംഗത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ സമൂല മാറ്റം വരുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു. വിദ്യാര്‍ഥി കേന്ദ്രീകൃത കരിക്കുലം തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക് കൈമാറിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവില്‍ വരികയെന്നും വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സര്‍ഗാത്മ ഊര്‍ജ്ജവും ഉള്‍ച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2021 ലെ കൈരളി ഗവേഷണ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നല്‍കുന്ന അവാര്‍ഡാണിത്.

എന്‍ഐആര്‍എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സര്‍വകലാശാലകള്‍ ആദ്യ നൂറ് റാങ്കിംഗില്‍ ഉള്‍പ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളില്‍ കേരളത്തിലെ 42 കോളജുകള്‍ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി അവാര്‍ഡുകളില്‍ ആഗോള ആജീവനാന്ത പുരസ്‌കാരം (ശാസ്ത്രം) പ്രൊഫ സലിം യൂസഫ്, ആജീവനാന്ത പുരസ്‌കാരങ്ങള്‍ പ്രൊഫ. എം ലീലാവതി (ആര്‍ട്സ് ആന്‍ഡ് ഹ്യൂമാനിറ്റീസ്), പ്രൊഫ. എം.എ ഉമ്മന്‍ (സോഷ്യല്‍ സയന്‍സ്) ഡോ. എ അജയഘോഷ് (ശാസ്ത്രം) എന്നിവര്‍ക്കാണ് പുരസ്‌കാരം.

കൈരളി ഗവേഷണ പുരസ്‌കാരം ഡോ. ഷംസാദ് ഹുസൈന്‍ (ആര്‍ട്സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. റീനമോള്‍ ജി (കെമിക്കല്‍ സയന്‍സ്), ഡോ. രാധാകൃഷ്ണന്‍ ഇ (ബയോളജിക്കല്‍ സയന്‍സ്), ഡോ. അലക്സ് പി ജെയിംസ് (ഫിസിക്കല്‍ സയന്‍സ്), ഡോ. അന്‍വര്‍ സാദത്ത് (സോഷ്യല്‍ സയന്‍സ്), ഡോ. മഞ്ജു കെ (ആര്‍ട്സ് ആന്‍ഡ് ഹ്യൂമാനിറ്റീസ്), ഡോ. മയൂരി പി.വി (ബയോളജിക്കല്‍ സയന്‍സ്), ഡോ. സിജില റോസ്ലി സി.വി (കെമിക്കല്‍ സയന്‍സ്), ഡോ. സ്വപ്ന എം.എസ് (ഫിസിക്കല്‍ സയന്‍സ്) എന്നിവരും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.