16 April 2023 7:00 PM IST
Summary
- ചെറിയ യൂനിറ്റുകള്‍ക്ക് സെമി ഓട്ടോമാറ്റഡ് മെഷീന്‍
- 1.5 ലക്ഷത്തിന് വിറ്റാല്‍ 40,000 രൂപ ലാഭം
- വിപണി വലുതാണ്
പാശ്ചാത്യന്‍ ഭക്ഷണ രീതികളോടുള്ള ഭ്രമം കൂടിവരികയാണ്. ഇപ്പോള്‍ ട്രെന്‍ഡായി കൊണ്ടിരിക്കുന്ന അത്തരം ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നത് നല്ലൊരു ബിസിനസ് സാധ്യതയാണ്. അതിലൊന്നാണ് നൂഡില്‍സ് നിര്‍മാണം. മാഗിയും യിപ്പിയുമൊക്കെ മത്സരിക്കുന്ന വിപണിയില്‍ പ്രാദേശിക ബ്രാന്റുകള്‍ക്കും വലിയ സാധ്യതയുണ്ട്. വന്‍കിട ബ്രാന്റുകളേക്കാള്‍ മത്സരാത്മക വിലയില്‍ നല്‍കാനും സാധിക്കുന്ന പ്രാദേശിക ബ്രാന്റുകള്‍ക്ക് വലിയ വരുമാനം നേടിത്തരാന്‍ സാധിക്കും. അതുകൊണ്ട് നൂഡില്‍സ് നിര്‍മാണം ഒരു ബിസിനസായി ആരംഭിക്കാം.
വിപണി
ഈ ബിസിനസിന്റെ വിജയത്തിന് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും രുചിയും വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. വെജ് ,നൊണ്‍വെജ് ഭക്ഷണങ്ങള്‍ക്ക് വേണ്ടി പ്രത്യേകം നൂഡില്‍സുകളുണ്ട്. ഇവ പ്രത്യേകം നിര്‍മിക്കണം. ഈ ബിസിനസ് ആരംഭിക്കാന്‍ തീരുമാനിക്കുന്നുവെങ്കില്‍ എന്തൊക്കെ വേണമെന്ന് മുന്‍കൂട്ടി ധാരണയുണ്ടായിരിക്കണം. ബിസിനസിനെയും വിപണിയെയും കുറിച്ച് ചെറിയൊരു ഗവേഷണം ആവശ്യമാണ്. മറ്റ് ബ്രാന്റുകളെ കവച്ചുവെക്കുംവിധത്തില്‍ എങ്ങിനെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് ധാരണയുണ്ടായിരിക്കണം. മറ്റ് ബ്രാന്റുകള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്തവിധം വ്യത്യസ്ത കൊണ്ടുവാന്‍ ശ്രമിച്ചാല്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാം.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നൂഡില്‍സ് ലഭ്യമാണ്. ഒരു വലിയ തോതിലുള്ള യൂണിറ്റ് സ്ഥാപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വിതരണ ഏജന്‍സികള്‍ വഴിയുള്ള മൊത്തം വില്‍പ്പനയിലൂടെ വിപണി പിടിച്ചെടുക്കാം
നിക്ഷേപം
നൂഡില്‍സ് നിര്‍മിച്ച് വില്‍ക്കുന്ന യൂനിറ്റ് ചെറിയ തോതിലും വലിയ തോതിലും ആരംഭിക്കാം. ആയിരം സ്‌ക്വയര്‍ഫീറ്റുള്ള ഒരു ഷെഡ് യൂനിറ്റ് നിര്‍മിക്കാനായി വേണം. ഇതിനായി മൂന്ന് ലക്ഷം രൂപയാണ് ചെലവാകുക. യന്ത്രങ്ങള്‍ക്കാണ് വലിയ ചെലവ് വേണ്ടി വരുന്നത്. സെമി ഓട്ടോമാറ്റിക് , ഓട്ടോമാറ്റിക് മെഷീനുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. സെമി ഓട്ടോമാറ്റിക് മെഷീനിന് ഏകദേശം 250000 രൂപയാണ് വേണ്ടി വരിക. ചെറിയ യൂനിറ്റ് ആരംഭിക്കുന്നവര്‍ക്ക് സെമി ഓട്ടോമാറ്റിക് മെഷീനാണ് നല്ലത്.
വൈദ്യുതീകരണത്തിന് മുതല്‍മുടക്കില്‍ നിന്ന് നല്ലൊരു ഭാഗം നീക്കിവെക്കേണ്ടി വരും. ഇത്തരത്തിലുള്ള യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 4കെഡബ്യു പവര്‍ കണക്ഷന്‍ വേണ്ടി വരും.കെട്ടിടത്തില്‍ ത്രീഫേസ് കണക്ഷന്‍ ക്രമീകരിക്കണം. ഇതിനായി ഏകദേശം മൂന്ന് ലക്ഷം രൂപയാണ് നീക്കിവെക്കേണ്ടത്.
നിയമപരമായ അനുമതികള്‍ ഈ ബിസിനസിന് ആവശ്യമാണ്. ജിഎസ്ടി രജിസ്‌ട്രേഷന്‍,ലൈസന്‍സ് ക്ലിയറന്‍സ് അടക്കമുള്ള അത്തരം കാര്യങ്ങള്‍ക്ക് 45000 രൂപയാണ് ചെലവ് വരിക. ഈ ബിസിനസ് സംരംഭം ആരംഭിക്കാന്‍ ആകെ 8,95,000 രൂപയാണ് നീക്കിവെക്കേണ്ടത്. ഇതൊക്കെ സ്ഥിര നിക്ഷേപമാണ്.
അസംസ്‌കൃത വസ്തുക്കള്‍
നൂഡില്‍സ് നിര്‍മിക്കാനുള്ള പ്രധാന ചേരുവ ഗോതമ്പ് പൊടിയാണ്. പല വിധ ധാന്യപൊടികള്‍ ഉപയോഗിച്ച് നൂഡില്‍സ് നിര്‍മിക്കാം. വിവിധ ഫ്‌ളേവറുകളും നിറങ്ങളുമൊക്കെ നല്‍കി ആകര്‍ഷകമാക്കാം. സസ്യ എണ്ണകളാണ് ഉപയോഗിക്കേണ്ടത്
അനുമതികള്‍
പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള അനുമതികള്‍ ആവശ്യമാണ്. ഉദ്യോഗ് ആധാര്‍ ഉണ്ടായിരിക്കണം. ജിഎസ്ടി രജിസ്‌ട്രേഷനും എഫ്എസ്എസ്എഐ ലൈസന്‍സും വേണം. ബിഐഎസ് ഹാള്‍മാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ എടുക്കാം. പാക്ക് ചെയ്ത് വില്‍ക്കുന്ന വസ്തുവായതിനാല്‍ ലീഗല്‍ മെട്രോളജിയുടെ ലൈസന്‍സും ആവശ്യമാണ്. ഓട്ടോമാറ്റിക് മെഷീന്‍ ഉപയോഗിച്ചാണ് പ്രൊഡക്ഷന്‍ യൂനിറ്റ് നടത്തുന്നതെങ്കില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ എന്‍ഓസിയും ആവശ്യമാണ്.
ലാഭം
ഈ ബിസിനസില്‍ വിപണി പിടിച്ചെടുക്കാന്‍ സാധിച്ചാല്‍ വലിയ ആദായം നേടാന്‍ സാധിക്കും. ചെറിയൊരു യൂനിറ്റ് ആരംഭിച്ച് ഒരു മാസം കൊണ്ട് ഒന്നര ലക്ഷം രൂപയുടെ വില്‍പ്പന നടത്താനായാല്‍ എല്ലാ ചെലവും കിഴിച്ചാല്‍ ഏറ്റവും കുറഞ്ഞത് നാല്‍പതിനായിരം രൂപ ലാഭമായി മാറ്റിവെക്കാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലുള്ള സംരംഭകര്‍ പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
