image

17 Jun 2023 12:50 PM IST

Business

ഹാരിയും മേഗനുമായുള്ള 20 മില്യന്‍ ഡോളറിന്റെ കരാര്‍ സ്‌പോട്ടിഫൈ അവസാനിപ്പിച്ചു

MyFin Desk

ഹാരിയും മേഗനുമായുള്ള  20 മില്യന്‍ ഡോളറിന്റെ കരാര്‍ സ്‌പോട്ടിഫൈ അവസാനിപ്പിച്ചു
X

Summary

  • 2020-ഡിസംബറിലായിരുന്നു സ്‌പോട്ടിഫൈയുമായി ആര്‍ക്ക്‌വെല്‍ ഓഡിയോ കരാറിലേര്‍പ്പെട്ടത്
  • രാജകീയ പദവികളുപേക്ഷിച്ച് ഹാരിയും ഭാര്യ മേഗനും യുഎസ്സിലേക്ക് താമസം മാറ്റിയത്‌ 2020-ലായിരുന്നു
  • സമീപകാലത്ത് ഹാരി എഴുതിയ സ്‌പെയര്‍ എന്ന ഓര്‍ക്കുറിപ്പും പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു


പ്രമുഖ ഡിജിറ്റല്‍ മ്യൂസിക് സര്‍വീസായ സ്‌പോട്ടിഫൈയുമായുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മെര്‍ക്കലിന്റെയും കരാര്‍ അവസാനിച്ചു. 20 മില്യന്‍ ഡോളര്‍ വരുന്നതാണ് കരാര്‍.

പോഡ്കാസ്റ്റ് വിഭാഗം പുനക്രമീകരിക്കുന്നതിനാല്‍ ഏകദേശം 200 പേരെ പിരിച്ചുവിടുമെന്ന് സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഹാരി-മേഗനുമായുള്ള കരാര്‍ അവസാനിപ്പിച്ചിരിക്കുന്നത്.

സ്‌പോട്ടിഫൈയില്‍ മെര്‍ക്കലിന്റെ ആര്‍ക്കിടൈപ്പ്‌സ് എന്ന പോഡ്കാസ്റ്റ് പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. ആദ്യ സീസനില്‍ 12 ഷോകളാണ് പ്രക്ഷേപണം ചെയ്തത്. 2022 ഓഗസ്റ്റിലായിരുന്നു ആദ്യ സീസന്‍ ആരംഭിച്ചത്. ആര്‍ക്കിടൈപ്പ്‌സ് സ്‌പോട്ടിഫൈയിലെ ഏറ്റവും മികച്ച പോഡ്കാസ്റ്റായി മാറുകയും ചെയ്തിരുന്നു.

2020-ഡിസംബറിലായിരുന്നു സ്‌പോട്ടിഫൈയുമായി ആര്‍ക്ക്‌വെല്‍ ഓഡിയോ (Archewell Audio) കരാറിലേര്‍പ്പെട്ടത്.ഹാരിയുടെയും മേഗന്റെയും ഓഡിയോ പ്രൊഡക്ഷന്‍ കമ്പനിയാണ് ആര്‍ക്ക്‌വെല്‍ ഓഡിയോ.

രാജകീയ പദവികളുപേക്ഷിച്ച് ഹാരിയും ഭാര്യ മേഗനും യുഎസ്സിലേക്ക് താമസം മാറ്റിയത്‌ 2020-ലായിരുന്നു. അക്കാലത്താണ് സ്‌പോട്ടിഫൈയുമായി ഇരുവരും സഹകരിക്കാന്‍ തീരുമാനിച്ചതും.

രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു ശേഷം ഹാരിയും മേഗനും നെറ്റ്ഫ്‌ളിക്‌സുമായും കരാറിലേര്‍പ്പെട്ടിരുന്നു. 100 മില്യന്‍ ഡോളറിന്റേതായിരുന്നു കരാര്‍. സമീപകാലത്ത് ഹാരി എഴുതിയ സ്‌പെയര്‍ എന്ന ഓര്‍ക്കുറിപ്പും പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. 2020-ല്‍ സ്‌പോട്ടിഫൈയുമായുള്ള കരാറില്‍ ഹാരിയും മേഗനും ഏര്‍പ്പെട്ടപ്പോള്‍ നിരവധി പരിപാടികള്‍ സ്രോതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആകെ ഒരു സീരീസ് മാത്രമാണ് സ്‌പോട്ടിഫൈയിലൂടെ ശ്രോതാക്കള്‍ക്ക് കേള്‍ക്കാനായത്.

വൈവിധ്യമാര്‍ന്ന ശബ്ദങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും കഥകള്‍ പറയുന്ന പോഡ്കാസ്റ്റുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ടെന്നീസ് താരം സെറീന വില്യംസ് അതിഥിയായി പങ്കെടുത്ത പരമ്പരയായിരുന്നു മേഗന്റെ സീരീസിലെ ആദ്യ ഭാഗം. അതാകട്ടെ വന്‍ ഹിറ്റാവുകയും ചെയ്തു.

' സ്യൂട്ട്‌സ് ' എന്ന നാടകത്തിലെ താരമായിരുന്നു മേഗന്‍. 2018-ല്‍ 38-ാം വയസിലാണ് മേഗന്‍ ബ്രിട്ടന്റെ രാജകുമാരനായിരുന്ന ഹാരിയെ വിവാഹം കഴിച്ചത്. 2020-ല്‍ ഹാരിയും മേഗനും രാജപദവികളില്‍നിന്നും ഒഴിഞ്ഞ് കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റി.

2022 ഏപ്രിലില്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയുടെ ഉടമസ്ഥതയിലുള്ള ഹയര്‍ ഗ്രൗണ്ട് മീഡിയ കമ്പനിയുമായുള്ള കരാറും സ്‌പോട്ടിഫൈ അവസാനിപ്പിച്ചിരുന്നു. തങ്ങളുടെ കണ്ടന്റ് സ്പാട്ടിഫൈയുടെ മാത്രം എക്‌സ്‌ക്ലൂസീവ് കണ്ടന്റായി മാറരുതെന്ന് മിഷേലിന് അഭിപ്രായമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസമാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായത്. മിഷേല്‍ ഒബാമ പിന്നീട് ഓഡിബിളുമായി കരാറിലേര്‍പ്പെട്ടു.