image

24 Jan 2023 6:30 AM GMT

Business

ഐടി പാര്‍ക്കുകളില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പിപിപി മാതൃകയുമായി സര്‍ക്കാര്‍

MyFin Bureau

foreign investments it park
X

Summary

  • സ്വകാര്യ ഏജന്‍സികള്‍ക്ക് ആഗോള ഐടി കമ്പനികളുടെ നിക്ഷേപം സംസ്ഥാനത്തെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍


സംസ്ഥാനത്ത് ഐടി മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപമെത്തിക്കാന്‍ സ്വകാര്യ മേഖലയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി പൊതുമേഖലാ - സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) സര്‍ക്കാരിനു കീഴിലെ ഐടി പാര്‍ക്കുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കും. സ്വകാര്യ കെട്ടിട നിര്‍മാണ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ഇത്രയും അടുക്കുന്നത് ആദ്യമായാണ്.

സ്വകാര്യ ഏജന്‍സികള്‍ക്ക് ആഗോള ഐടി കമ്പനികളുടെ നിക്ഷേപം സംസ്ഥാനത്തെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുളള ബ്രിഗേഡ് ആന്‍ഡ് കാര്‍ണിവല്‍ ഐടി ബില്‍ഡിംഗ്, എംബസി ടൗറസ് ടെക് സോണ്‍ എന്നിവ പിപിപി മാതൃകയില്‍ നിര്‍മിച്ചവയാണ്.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ പ്രസ്റ്റീജ് ആന്‍ഡ് സാന്‍ഡ് ഇന്‍ഫ്ര, ബ്രിഗേഡ് ഗ്രൂപ്പിന്റെ ലോക വ്യാപാര കേന്ദ്രം എന്നിവയും ഇങ്ങനെ സര്‍ക്കാര്‍-സ്വകാര്യ സഹകരണത്തോടെ നിര്‍മിക്കുന്നവയാണ്. ഈ രണ്ട് ഐടി പാര്‍ക്കുകളിലെയും മേല്‍ പറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി പുരോഗമിച്ചുവരുകയാണ്.

2026 ഓടെ ചുരുങ്ങിയത് ഒരു കോടി ചതുരശ്ര അടി സ്ഥലം കൂടി ഐടി ആവശ്യങ്ങള്‍ക്കായി കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ കെട്ടിട നിര്‍മാതാക്കളുമായുള്ള സഹകരണം. നിലവില്‍ സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ രണ്ടു കോടി ചതുരശ്ര അടി സ്ഥലമാണ് ഉപയോഗത്തിലുളളത്.

'ഐടി പാര്‍ക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കെട്ടിട നിര്‍മാതാക്കളുമായി സര്‍ക്കാര്‍ സഹകരിക്കും. ഞങ്ങളുടെ പക്കല്‍ വേണ്ടത്ര ഭൂമിയുണ്ട്. അത് അവര്‍ക്ക് ലീസിന് നല്‍കും. സംസ്ഥാനത്ത് ഐടി മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനു വേണ്ടിയാണിത്,' - സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേല്‍കര്‍ പറഞ്ഞു.

സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ടൗ റസ് ഇന്ത്യ സിഇഒ അനില്‍കുമാര്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് ഐടി മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ ഇപ്പോള്‍ തന്നെ സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനികള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.