image

28 Feb 2023 5:47 AM GMT

Lifestyle

ജോലി ഉപേക്ഷിച്ച് വേറിട്ടൊരു സംരംഭം തുടങ്ങി; അധ്യാപികയുടെ വരുമാനം 7 ലക്ഷം

MyFin Desk

jayalakshmi edible tea cups
X

Summary

തുടക്കത്തില്‍ വിപണി പിടിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റം ഗുണം ചെയ്തു.റാഗിയും അരിപ്പൊടിയും ഉപയോഗിച്ചുള്ള ചായക്കപ്പുകള്‍ക്ക് ചോക്ലേറ്റ്,സ്‌ട്രോബറി,വാനില,ഏലം തുടങ്ങിയ രുചികളില്‍ ലഭ്യമാണ്.


ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് പല വെല്ലുവിളികളും ഏറ്റെടുക്കാൻ ആളുകളെ പ്രാപ്തരാക്കുക. ഏത് പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ധൈര്യമുള്ളവർ വിജയത്തിന്റെ വഴിയിലേക്ക് എത്തും. ഇത്തരം സ്വഭാവ സവിശേഷതകളുള്ളവരാണ് മികച്ച സംരംഭകരാകുന്നത്. തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഒരു അധ്യാപിക മറികടന്നത് അവർ സ്വയം സംരംഭകയായി മാറികൊണ്ടാണ്.

ആന്ധ്രയിലെ വിശാഖപട്ടണം രേസാപുവാനിപാലം സ്വദേശിനിയായ ജയലക്ഷ്മിയാണ് വേറിട്ടൊരു സംരംഭം തുടങ്ങിയത്. വിശാഖപട്ടണത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു ഇവർ. ഭർത്താവ് ശ്രീനിവാസ റാവു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റും. 2020ൽ അദ്ദേഹത്തിന് കരൾ രോഗം പിടിപ്പെട്ടതോടെയാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ ഭർത്താവിനെ പരിപാലിക്കാൻ ജയലക്ഷ്മിക്ക് സ്‌കൂളിൽ നിന്ന് രാജിവെക്കേണ്ടി വന്നു. ഇതിനിടെ കോവിഡ് മഹാമാരി കൂടി എത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്ന് ജയലക്ഷ്മി പറയുന്നു. അസുഖം മാറിയ ഉടൻ ശ്രീനിവാസ റാവുവിന് കോവിഡ് ബാധിച്ചതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി. രണ്ട് പേർക്കും ഒരു വരുമാനമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയായി. സ്‌കൂളിലേക്ക് തിരിച്ചുപോകാനുള്ള മനസ്സായിരുന്നില്ല അപ്പോഴെന്ന് ഈ മുപ്പത്തിമൂന്നുകാരി പറയുന്നു.

ബിസിനസിലേക്ക്

വീണ്ടും ജോലിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിന് പകരം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചായി ചിന്ത. എന്നാൽ എന്ത് ബിസിനസ് ആരംഭിക്കുമെന്നതിനെ കുറിച്ച് യാതൊരു മുൻധാരണയുണ്ടായിരുന്നില്ല. അങ്ങിനെ യൂട്യൂബിലും ഇന്റർനെറ്റിലുമൊക്കെയായി ബിസിനസ് ആശയങ്ങൾക്കായി തിരയുമ്പോൾ ആളുകൾക്ക് എന്നും ആവശ്യമുളള ചായയും കാപ്പിയും ഒരു സാധ്യതയല്ലേ എന്ന് ആലോചിക്കുന്നത്. എന്നാൽ ചായയും കാപ്പിയും ഉണ്ടാക്കി വിൽക്കാൻ താൽപ്പര്യമില്ല. അപ്പോൾ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടങ്ങുന്നതാണ് നല്ലതെന്ന് തോന്നിയെന്ന് ജയലക്ഷ്മി പറയുന്നു. അങ്ങിനെയാണ് ടീ കപ്പുകൾ ഉണ്ടാക്കണമെന്ന ആശയം ഉദിക്കുന്നത്. സാധാരണ പ്ലാസ്റ്റിക്,പേപ്പർ,കളിമൺ എന്നിവ ഉപയോഗിച്ചാണ് കപ്പുകൾ നിർമിക്കുന്നത്. എന്നാൽ വ്യത്യസ്തമായ എന്തെങ്കിലും വേണമെന്ന തോന്നലിൽ അന്വേഷണം തുടർന്നു.

അതിനിടെ യൂട്യൂബിൽ 'എഡിബിൾ ചായക്കോപ്പ'കളെ കുറിച്ചുള്ള ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്.

സംരംഭം തുടങ്ങുന്നു

ആദ്യം നിലവിൽ ഈ മേഖലയിലുളള ഏതെങ്കിലും ബ്രാന്റിന്റെ ഫ്രാഞ്ചൈസിയെടുക്കാമെന്ന് ചിന്തിച്ചെങ്കിലും സ്വന്തമായി തന്നെ കണ്ടെത്തി തുടങ്ങാമെന്ന തീരുമാനത്തിലെത്തി. അതിന്റെ ഭാഗമായി ഗവേഷണം തുടർന്നു. പുതുച്ചേരിയിലുള്ള ഒരു കമ്പനിയിൽ നിന്ന് എഡിബിൾ ചായക്കപ്പുകൾ ഓർഡർ ചെയ്ത് വരുത്തി പ്രൊഡക്ടിനെ കുറിച്ച് പഠിക്കാൻ തുടങ്ങി. അപ്പോഴാണ് ഇത് ആരോഗ്യദായകമായ വസ്തുക്കൾ കൊണ്ടല്ല നിർമിക്കുന്നതെന്ന് തനിക്ക് മനസിലായതെന്ന് ജയലക്ഷ്മി പറയുന്നു. മൈദയായിരുന്നു പുതുച്ചേരിയിലെ കമ്പനി ഉപയോഗിച്ചത്. ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ചേരുവയാക്കി സ്വന്തം കപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ഒരു മിശ്രിതത്തിന് ഏകദേശം 15 കിലോ അസംസ്‌കൃത ചേരുവകൾ ആവശ്യമാണ്. വ്യത്യസ്ത ഫോർമുലേഷനുകൾ പരീക്ഷിക്കുമ്പോൾ ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു. ഒടുവിൽ രണ്ട് മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം റാഗിയും അരിപ്പൊടിയും ഉപയോഗിച്ച് ശരിയായ കോമ്പിനേഷൻ കണ്ടെത്തിയെന്ന് അവൾ പറയുന്നു.

ബിസിനസ് തുടങ്ങാൻ പണം കണ്ടെത്താൻ പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് (പിഎംഎഫ്എംഇ) സ്‌കീമിൽ നിന്ന് വായ്പയെടുക്കുകയും സ്വർണ ആഭരണങ്ങൾ പണയം വെക്കുകയുമായിരുന്നുവെന്ന് അവർ പറയുന്നു. ബംഗളൂരു,ഹൈദരാബാദിൽ നിന്ന് ആവശ്യമായ യന്ത്രങ്ങൾ വാങ്ങി. 2021 ഫെബ്രുവരിയിൽ അങ്ങിനെ എഡിബിൾ ചായകപ്പ് നിർമാണ യൂനിറ്റിന് തുടക്കമിട്ടു.ശ്രീഹർഷ എന്റർപ്രൈസസ് എന്ന പേരിലാണ് സംരംഭം തുടങ്ങിയത്.

വരുമാനവും വിപണനവും

തുടക്കത്തിൽ വിപണി പിടിക്കാൻ പ്രയാസപ്പെട്ടെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള മുന്നേറ്റം ഗുണം ചെയ്തു.റാഗിയും അരിപ്പൊടിയും ഉപയോഗിച്ചുള്ള ചായക്കപ്പുകൾക്ക് ചോക്ലേറ്റ്,സ്‌ട്രോബറി,വാനില,ഏലം തുടങ്ങിയ രുചികളിൽ ലഭ്യമാണ്. 2.5,3.5 രൂപയാണ് വില നിലവാരം. യൂട്യൂബ് , ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയാ പ്ലാറ്റ്‌ഫോം വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.ആന്ധ്രാപ്രദേശിൽ മാത്രമല്ല, ഒഡീഷ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവർക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ട്. പ്രതിദിനം ഏകദേശം 3,000 മുതൽ 4,000 വരെ കപ്പുകളും പ്രതിമാസം 30,000 മുതൽ 40,000 വരെ കപ്പുകളും ഉണ്ടാക്കുന്നു. പ്രതിവർഷം 7 മുതൽ 10 ലക്ഷം രൂപ വരെയാണ് വരുമാനം നേടുന്നത്. ചാറ്റ് ബൗളുകൾ, ഐസ്‌ക്രീം ബൗളുകൾ തുടങ്ങിയ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് തന്റെ ബിസിനസ്സ് സംരംഭം വിപുലീകരിക്കാൻ പദ്ധതിയിടുന്ന ജയലക്ഷ്മി പറയുന്നു.