image

17 Feb 2023 11:30 AM GMT

Kerala

സമുദ്രജല നിരപ്പ് ഉയരുന്നത് ഭീഷണി, മത്സ്യമേഖലയെ പ്രകൃതി സൗഹൃദമാക്കണം;വിദഗ്ധര്‍

Kochi Bureau

set to green the indian fisheries sector
X

Summary

  • ഇന്ത്യന്‍ മത്സ്യമേഖലയെ ഹരിതവല്‍കരിക്കാനൊരുങ്ങി കേന്ദ്രം


കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ഉപരിതലോഷ്മാവ് വര്‍ധിക്കുന്നതും തുടങ്ങി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ മത്സ്യമേഖലയ്ക്ക് ഭീഷണിയാകുന്നതായി വിദഗ്ധര്‍. ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ച് കാര്‍ബണ്‍ വാതകങ്ങള്‍ പുറംതള്ളുന്നത് കുറയ്ക്കാന്‍ മത്സ്യമേഖലെ പ്രകൃതിസൗഹൃദമാക്കേണ്ടതുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്രശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും ആവശ്യപ്പെട്ടു. സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തില്‍ സമാന്തരമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യം.

കാലാവസ്ഥാവ്യതിായനത്തെ തുടര്‍ന്ന് കടല്‍ജലനിരപ്പ് ഉയരല്‍, കടലിലെ അമ്ലീകരണം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍, മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മത്സ്യബന്ധനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കാരണം കാര്‍ബണ്‍വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ അളവ് കൂടുകയാണ്.പ്രകൃതിക്കിണങ്ങുന്ന ബദല്‍മാര്‍ഗങ്ങള്‍ക്കായി നയരൂപീകരണവും നൂതനസാങ്കേതിവിദ്യകളും വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

ഇന്ത്യന്‍ മത്സ്യമേഖലയെ ഹരിതവല്‍കരിക്കാന്‍ ഒരുങ്ങി കേന്ദ്രം സമുദ്രമത്സ്യമേഖലയെ ഹരിതവല്‍കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്റ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ മത്സ്യമേഖലയില്‍ സുസ്ഥിരരീതികള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിനോട് ചുവട് പിടിച്ച് മത്സ്യമേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളെ അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ കേരളത്തിലെ ചില മത്സ്യത്തൊഴിലാളി സംഘങ്ങളുടെ നേതൃത്വത്തില്‍ മീന്‍പിടുത്തത്തിനായി പ്രകൃതിവാതകങ്ങള്‍ ഉപയോഗിച്ചുവരുന്നത് മാതൃകാപരമാണ്. ഇതേരീതിയിലുള്ള നീക്കങ്ങള്‍ ഗുജറാത്തിലും തമിഴ്നാട്ടിലും ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇതിനായി മുന്നോട്ട വരുന്നത് പ്രതീകഷയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, തായ്ലാന്‍ഡ് എന്നിവടിങ്ങളില്‍ നി്ന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ധര്‍, സമുദ്രശാസ്ത്രജ്ഞര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മത്സ്യമേഖലയെ ഹരിതവല്‍കരിക്കാന്‍ നിരന്തരമായ ബോധവല്‍കരണം, പരിശീലനം എന്നിവ ആവശ്യമാണെന്ന് നാഷണല്‍ മാരിടൈം ഫൗണ്ടേഷന്‍ എക്സിക്കുട്ടീവ് ഡയറക്ടര്‍ കമ്മഡോര്‍ ദെബേഷ് ലാഹിരി പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്), ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം (ബിഒബിപി) ഡയറക്ടര്‍ ഡോ പി കൃഷ്ണന്‍, ഡോ എസ് സാബു എന്നിവര്‍ പ്രസംഗിച്ചു. നോര്‍വെ, സ്പെയിന്‍, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നി്ന്നുള്ള മത്സ്യമേഖലയിലെ വ്യവസായികളും ചര്‍ച്ചയില്‍ സംബന്ധിച്ചു.

കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ്(എന്‍എഫ്ഡിബി), ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം (ബിഒബിപി), ഭാരതീയ കാര്‍ഷകി ഗവേഷണ സ്ഥാപനം (ഐസിഎആര്‍), ഫിഷറീസ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് രാജ്യാന്തര സമ്മേളനം സംഘടിപ്പിച്ചത്. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ 80ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.