17 May 2023 1:30 PM IST
നികുതി നിര്‍വഹണത്തില്‍ ഓഡിറ്റിംഗിന്റെ പങ്ക് പ്രധാനം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Kochi Bureau
Summary
- റവന്യൂ വരുമാനം എന്ന നിലയില്‍ 70 ശതമാനം കേന്ദ്രവിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്.
കൃത്യതയോടെയും വ്യവസായ സൗഹൃദമായും നികുതി നിര്‍വഹണത്തില്‍ ഓഡിറ്റിംഗ് സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലുള്ള ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു മന്ത്രി. കണ്‍കറന്റ് ഓഡിറ്റിംഗ് എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ യഥാസമയം നികുതി പിരിക്കുന്നതിനും ആവശ്യമായ സങ്കേതങ്ങള്‍ ഒരുക്കുന്നതിനും ക്രിയാത്മകമായ ഓഡിറ്റിംഗ് നടക്കണം. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെ ക്രയവിക്രയങ്ങളിലടക്കം സംസ്ഥാന ഗവണ്‍മെന്റിനര്‍ഹമായ നികുതി പിരിച്ചെടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഓഡിറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നാട്ടുരാജ്യങ്ങളുടെ കാലം മുതല്‍ വരുമാനത്തില്‍ നിന്നും സാമൂഹിക വികസനത്തിനായി തുക നീക്കി വെക്കുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാല്‍ വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത മേഖല കൂടിയാണ് നികുതി നിര്‍വഹണം. ഇതില്‍ മാറ്റമുണ്ടായതിന്റെ ഭാഗമായാണ് ജി എസ് ടി നിലവില്‍ വന്നത്.
ജിഎസ് ടി അഖിലേന്ത്യ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുകയും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലെ കുറവും പ്രതികൂലമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി കോമ്പന്‍സേഷന്‍ എന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന തുക നല്‍കുന്ന കാലയളവ് ദീര്‍ഘിപ്പിക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചത്.
റവന്യൂ വരുമാനം കുറഞ്ഞ സാഹചര്യത്തിലും ചെലവ് വര്‍ധിച്ചു. രണ്ട് വര്‍ഷം കൊണ്ട് 18000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ് ബിയിലൂടെ സംസ്ഥാന ഗവണ്‍മെന്റ് നടത്തിയത്. ടാക്സ് ഡവല്യൂഷന്‍ കുറവുള്ള സംസ്ഥാനമാണ് കേരളം എന്നാല്‍ തനത് വരുമാനമടക്കം വര്‍ധിപ്പിക്കാനുള്ള നടപടി കേരളം സ്വീകരിച്ചു. റവന്യൂ വരുമാനം എന്ന നിലയില്‍ 70 ശതമാനം കേന്ദ്രവിഹിതം ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്.
ഡിവിസിവ് പൂളില്‍ നിന്നുള്ള കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുന്നുണ്ട്. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതികളുടെ 59 ശതമാനം കേന്ദ്രം എടുക്കുകയും ബാക്കി 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതം വെച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വെച്ച് നല്‍കേണ്ടുന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിള്‍ പൂള്‍.
സ്റ്റേറ്റ് ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍-1 എബ്രഹാം റെന്‍ എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജി എസ് ടി വകുപ്പ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. കാര്‍ത്തികേയന്‍ വിഷയാവതരണം നടത്തി. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ വിശിഷ്ടാതിഥിയായി.
ഹെഡ് ഓഫ് ട്രെയിനിംഗ് ടീം വി എസ്. കൃഷ്ണന്‍, സ്റ്റേറ്റ് ജി എസ് ടി വകുപ്പ്, അഡിഷണല്‍ കമ്മിഷണര്‍ (ആഡിറ്റ്) ജെപ്സണ്‍ കെ.ജെ, ഗിഫ്റ്റിലെ അസോസിയേറ്റ് പ്രൊഫസര്‍, ഡോ. എന്‍ രാമലിംഗം, കൃഷ്ണ മിശ്ര, പി കെ ഗോയല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റേറ്റ് ജി എസ് ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍, ട്രെയിനിംഗ് ബിജു വൈദ്യന്‍ കെ ചടങ്ങിന് നന്ദി അറിയിച്ചു.
അറിവും പ്രാപ്തിയും സാങ്കേതിക പരിജ്ഞാനവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഡിറ്റ് വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീ ലനം നല്‍കും. പരിശീലന പരിപാടിയില്‍, ഓഡിറ്റിംഗില്‍ ദേശീയ തലത്തില്‍ മികച്ച അനുഭവസമ്പത്തുള്ള വിദഗ്ദ്ധരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
