image

7 Feb 2023 5:45 AM GMT

Kerala

കണ്ണൂരില്‍ വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതിക്ക് വഴിയൊരുങ്ങുന്നു

Kozhikode Bureau

approval for foreign flights in kannur
X

Summary

  • നിലവില്‍ 3050 മീറ്റര്‍ റണ്‍വേ വിസ്തൃതിയുള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈഡ് ബോഡി വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും തടസമില്ല


കണ്ണൂര്‍: കൊച്ചിക്കും കോഴിക്കോടിനും പുറമെ കണ്ണൂര്‍ വിമാനത്താവളത്തെയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവിടെ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ സര്‍വിസ് അനുമതിക്കും (പോയിന്റ് ഓഫ് കോള്‍) സാധ്യത തെളിയുന്നു.

കേന്ദ്രസര്‍ക്കാരും സൗദി സര്‍ക്കാരും തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം സര്‍വിസ് നടത്തുന്ന വിമാനങ്ങളാണു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വിമാനത്താവളങ്ങളില്‍ നിന്നു തീര്‍ഥാടകരെ കൊണ്ടുപോകാനും ഹജ്ജ് കര്‍മത്തിനു ശേഷം തിരികെ കൊണ്ടുവരാനും എത്തുക. എയര്‍ ഇന്ത്യക്ക് പുറമെ സൗദി എയര്‍ലൈന്‍സുമാണു ഹജ്ജ് തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നു സര്‍വീസ് നടത്താറുള്ളത്. ആഗോള ടെന്‍ഡര്‍ വിളിച്ചാണു ഹജ്ജ് സര്‍വിസിനുള്ള ചാര്‍ട്ടേഡ് വിമാനക്കമ്പനികളെ തീരുമാനിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ച് വിദേശ വിമാനക്കമ്പനി വിമാനം കണ്ണൂരില്‍ എത്തുന്നതു വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് എത്തിക്കുകയെന്ന കടമ്പയ്ക്കുള്ള അനുകൂല ഘടകമാണ്.

നിലവില്‍ 3050 മീറ്റര്‍ റണ്‍വേ വിസ്തൃതിയുള്ള കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈഡ് ബോഡി വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും തടസമില്ല. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ എയര്‍ ബബ്ള്‍ പദ്ധതി പ്രകാരം ഇന്ത്യയിലേക്കു സര്‍വിസ് നടത്തുന്ന ഗള്‍ഫില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും ചാര്‍ട്ടര്‍ ചെയ്ത് യാത്രക്കാരുമായി കണ്ണൂരില്‍ എത്തിയിരുന്നു. ഇതും കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കാന്‍ കാരണമായി.

നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വിദേശ വിമാനങ്ങള്‍ക്കു സര്‍വിസ് അനുമതി വേണമെന്നായിരുന്നു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) പ്രധാന ആവശ്യം. എന്നാല്‍ അനുമതി ലഭിക്കാത്തതും കൊവിഡ് പ്രതിസന്ധിയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തെയും ബാധിച്ചു. രാജ്യത്തെ വിമാനക്കമ്പനികളായ എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിവ മാത്രമേ കണ്ണൂരില്‍ നിന്നു നിലവില്‍ വിദേശ സര്‍വീസ് നടത്തുന്നുള്ളൂ.