image

18 Feb 2023 9:45 AM GMT

Kerala

ഒരു കിലോ തേയില പൊടിക്ക് 300 മുതല്‍ 20000 രൂപ വരെ; പ്ലാന്റേഷന്‍ എക്‌സ്‌പോയില്‍ താരമായി ടീ സ്റ്റാളുകള്‍

Tvm Bureau

ഒരു കിലോ തേയില പൊടിക്ക് 300 മുതല്‍ 20000 രൂപ വരെ; പ്ലാന്റേഷന്‍ എക്‌സ്‌പോയില്‍ താരമായി ടീ സ്റ്റാളുകള്‍
X

Summary

  • ചായപ്പൊടിയിലെ തേയിലയിലും കാപ്പിപ്പൊടിയിലും ഇത് വരെ കാണാത്ത വ്യത്യസ്തതകള്‍ തേടി നിരവധി ആളുകളാണ് മേളയിലേക്ക് എത്തുന്നത്


വ്യത്യസ്ത വര്‍ണ്ണങ്ങളിലും രുചികളിലുമുള്ള ചായപ്പൊടികളുടെയും കാപ്പി പൊടികളുടെയും വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ തിരുവനന്തപുരത്ത് എത്താം. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്ലാന്റേഷന്‍ എക്‌സ്‌പോയിലാണ് പ്രത്യേകം സജീകരിച്ച നൂറ് സ്റ്റാളുകളിലായ് വിവിധയിനം തേയില പൊടികളും കാപ്പി പൊടികളും ചോക്ലേറ്റുകളും സജ്ജീകരിച്ചിരിക്കുന്നത്.

തോട്ടം മേഖലയിലെ മികച്ച വ്യവസായകരായ കണ്ണന്‍ ദേവന്‍ ഉള്‍പ്പടെയുള്ളവരുടെ ടീ സ്റ്റാളുകളില്‍ നിന്ന് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കമ്പനി നേരിട്ട് കടകള്‍ക്ക് വില്‍ക്കുന്ന അതേ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകും. വൈവിധ്യങ്ങള്‍ക്കൊപ്പം നിരവധി പുതിയ പരീക്ഷണങ്ങളും സ്റ്റാളുകള്‍ക്ക് കൗതുകം പകരുന്നുണ്ട്.

തേയിലയിലും കാപ്പിപ്പൊടിയിലും ഇത് വരെ കാണാത്ത വ്യത്യസ്തതകള്‍ തേടി നിരവധി ആളുകളാണ് മേളയിലേക്ക് എത്തുന്നത്. പൗഡര്‍ രൂപത്തിലും ദ്രാവരൂപത്തിലുള്ളതുമായ ഐസ് ടീ യും കോക്‌ടെയ്ല്‍ ഉത്പന്നങ്ങള്‍ക്കും ആളുകള്‍ ഏറെയാണ്. കൂടാതെ ആന്റി ഓക്‌സിഡന്റ്‌സ് ഏറ്റവും കുടുതലായി അടങ്ങിയിട്ടുള്ള വൈറ്റ് ടീയ്ക്ക് മറ്റ് തേയിലകളെ അപേക്ഷിച്ച് ആവശ്യക്കാര്‍ കൂടുതലാണ്. ടീ ബാഗ്‌സ്, കോഫി പൗഡര്‍, ടീ ട്രീ ഓയില്‍ പോലുള്ള വിവിധ തരം എണ്ണകള്‍, തേയിലയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളിലൊന്നായ ചോക്കളേറ്റ് എന്നിവ സ്റ്റാളിന്റെ പ്രത്യേകതയാണ്.

ദി ട്രോപ്പിക്കല്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് കണ്ണിമാറ ടീ യുടെ സ്റ്റാളിലെത്തുന്നവര്‍ക്ക് തേയിലപ്പൊടിയും മൂല്യവര്‍ധിത ഉത്പന്നങ്ങളും വാങ്ങുന്നതിനൊപ്പം വിവിധ രുചികളിലുള്ള ചായയും ലൈവായി ടെസ്റ്റ് ചെയ്യാം. കണ്ണിമാറ ഗ്രൗണ്ട് കോഫി, കണ്ണിമാറ ഫില്‍റ്റര്‍ കോഫി, കണ്ണിമാറ പൊടി കോഫി, ബ്ലാക്ക് പെപ്പര്‍ എന്നിവ കൈയോടെ കൊണ്ടുപോകാനുമാകും.

മലങ്കര പ്ലാന്റേഷന്‍ ലിമിറ്റഡ്, പോബ്‌സ് ഓര്‍ഗാനിക് ഗ്രീന്‍ ടീ, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇടുക്കിയിലെ ടൈഫോര്‍ഡ്, ജെയിന്‍ ഫുഡ്‌സ്, വാഗമണ്ണിലെ പുള്ളിക്കാനം എസ്റ്റേറ്റ്, കാഞ്ഞിരപ്പള്ളിയിലെ പി ഡി എസ് ഓര്‍ഗാനിക് സ്‌പൈസെസ് തുടങ്ങിയവയുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്ലാന്റേഷന്‍ എക്‌സ്‌പോ ഞായറാഴ്ച അവസാനിക്കും.