image

24 Jan 2023 10:00 AM GMT

Economy

കൂട്ടപ്പിരിച്ചുവിടൽ: 2023-ലും ഈ പ്രതിഭാസം തുടരുമോ?

Achuth B Mohandas

job eating baka returns achuth b mohandas
X

Summary

  • ടെക് കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിന്റെ പിന്നിലെന്താണ്
  • ട്രെയിനിംഗ്, പെര്‍ഫോമന്‍സ് ഇപ്രൂവ്മെന്റ് പ്രോഗ്രാം തുടങ്ങിയവ വഴി അവരെ സ്‌കെയില്‍ ആപ്പ് ചെയ്യാനാകുമോ എന്ന് ശ്രമിക്കുന്നതും ഗുണകരമായ ഫലങ്ങള്‍ നല്‍കാം
  • സാമ്പത്തികമാന്ദ്യ സമയത്ത്, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുക കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി മാറുന്നതിനാല്‍ ബിസിനസ്സുകള്‍ അവരുടെ ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും


'ഇനിയിപ്പോ എവിടെ വേണമെങ്കിലും ചുറ്റാം, തന്റെ പണി പോയി''. 2002-ല്‍ പുറത്തിറങ്ങിയ സ്‌നേഹിതന്‍ എന്ന മലയാള സിനിമയില്‍ ഗ്ലോബ് കറക്കി ലോകം ചുറ്റിക്കണ്ടുകൊണ്ടിരുന്ന എസ് ഐ സുദര്‍ശനോട് (കൊച്ചിന്‍ ഹനീഫ ചെയ്ത കഥാപാത്രം) പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഈ ഡയലോഗ് പറയുമ്പോള്‍ നമ്മള്‍ കുറേയേറെ ചിരിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഇതേ ഡയലോഗ് ഏതുനിമിഷവും കേള്‍ക്കാം എന്ന ഭീതിയില്‍ തുടരുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍.

കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം സോഷ്യല്‍ മീഡിയ വഴിയും ന്യൂസ് ചാനലുകള്‍ വഴിയുമൊക്കെ കേള്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാര്‍ത്തയാണ് കൂട്ടപ്പിരിച്ചുവിടല്‍ (layoff). ആദ്യമൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അലോസരം തോന്നിയിരുന്നെകിലും കേട്ടുകേട്ട് ആ വാക്ക് ഇപ്പോള്‍ മിക്കവര്‍ക്കും വല്ലാതെ ശീലമായിപ്പോയിരിക്കുന്നു. ലോകമെമ്പാടുമുള്ള പല കമ്പനികളും അവരുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയും, പുതിയ തൊഴിലാളികളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ നമ്മളെല്ലാവരും ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന പല സര്‍വീസുകളും സ്ഥാപനങ്ങളും ഉള്‍പ്പെടും.

അക്കൂട്ടത്തില്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമന്‍ എന്ന് വിളിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നടത്തിയിരിക്കുന്ന ഒരു കൂട്ടപ്പിരിച്ചുവിടലാണ്. 12000 തൊഴിലാളികളെയാണ് ഒറ്റ ദിവസംകൊണ്ട് അവര്‍ പറഞ്ഞു വിട്ടത്, അതും അവരുടെ അമേരിക്കന്‍ ഓഫീസില്‍ നിന്നുമാത്രം. മാത്രമല്ല മറ്റുള്ള രാജ്യങ്ങളിലും അവരുടെ പോളിസി അനുസരിച്ചും ആ രാജ്യത്തിലെ നിയമപരമായ വ്യവസ്ഥകളിലൂടെയും ഉടന്‍തന്നെ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ഗൂഗിളിന്റെ മാത്രം കാര്യമല്ല. ആമസോണ്‍, ട്വിറ്റര്‍, മൈക്രോസോഫ്റ്റ് അങ്ങനെ ലോകപ്രശസ്തരായ ടെക് ഭീമന്മാര്‍ തുടങ്ങി ഇങ്ങ് കൊച്ചുകേരളത്തിലെ ചെറിയ ഐടി കമ്പനികളില്‍ വരെ എത്തി നില്‍ക്കുന്നു കൂട്ടപിരിച്ചുവിടല്‍. ഐടി മാത്രമല്ല, അതുപോലെ തന്നെ ബാധിക്കപ്പെട്ട നിരവധി മേഖലകള്‍ നമുക്കുചുറ്റുമുണ്ട്. ടൂറിസം, എയര്‍ലൈന്‍സ്, റീട്ടെയ്ല്‍, വിനോദം, വിദ്യാഭ്യാസം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങി നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത മേഖലകളില്‍ വരെ കൂട്ടപ്പിരിച്ചുവിടല്‍ എത്തിക്കഴിഞ്ഞു. ഇനി 2022 ലെ ഏറ്റവും പ്രധാനപ്പെട്ട ചില കൂട്ടപ്പിരിച്ചുവിടല്‍ കണക്കുകള്‍ നോക്കാം.




ഇത് ഒരു സാമ്പിള്‍ വെടിക്കെട്ട് മാത്രം. ശരിക്കുള്ള വെടിക്കെട്ടില്‍ ഔദ്യോഗികമായി രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ വെറും 50 കമ്പനികളില്‍ നിന്നുമാത്രം ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നുപറയുമ്പോള്‍ ഊഹിക്കാമല്ലോ ഇതിന്റെ വ്യാപ്തി.

എന്തുകൊണ്ട് കൂട്ടപ്പിരിച്ചുവിടല്‍

കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത് 2019 ല്‍ തുടങ്ങിയ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) വ്യാപനവും അതിനുശേഷം അസ്ഥിരമായ ആഗോള ബിസിനസ് പരിസ്ഥിതിയുമാണ്. പക്ഷേ പുതിയ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് കോവിഡ് വ്യാപനം മാത്രമല്ല ഇതിനെല്ലാം പിന്നില്‍ എന്നാണ്. 2023 ലേക്ക് പ്രവചിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം, തൊഴിലാളികളില്ലാതെ തൊഴിലെടുപ്പിക്കാന്‍ പറ്റുന്ന തരത്തിലേക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച, വര്‍ധിച്ചുവരുന്ന ജനപ്പെരുപ്പം, തുച്ഛമായ വേതനത്തിന് പണിയെടുക്കാന്‍ തയ്യാറായ ജനത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യകാരണങ്ങളുണ്ടിതിന് എന്ന് നമുക്ക് മനസ്സിലാക്കേണ്ടി വരും.

രണ്ടായിരത്തി ഇരുപത്തിമൂന്നിലെ സാമ്പത്തിക മാന്ദ്യം (കമിംഗ് സൂണ്‍)

ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് (സിഇബിആര്‍) 2023-ല്‍ ലോകം ശക്തമായ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് നേരത്തേതന്നെ പ്രവചിച്ചിരുന്നു. ഇവരുടെ ആനുവല്‍ വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ അനുസരിച്ച്, 2022-ല്‍ ലോക സമ്പദ്വ്യവസ്ഥ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു, എന്നാല്‍ 2023-ല്‍ പല പുതിയ നയങ്ങളും ബിസിനസ് ലോകത്ത് രൂപപ്പെടുന്നതിന്റെ ഫലമായി ഈ സാമ്പത്തിക വളര്‍ച്ച തീര്‍ച്ചയായും സ്തംഭിക്കും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

സാമ്പത്തിക മാന്ദ്യം എന്നത് സമ്പദ്വ്യവസ്ഥയുടെയും അതിന്റെ നെടുംതൂണുകളായ ബിസിനസുകളുടെയും പതിയെയുള്ള വളര്‍ച്ചയേയോ, വളര്‍ച്ച ഇല്ലായ്മയേയോ, തകര്‍ച്ചയേയോ സൂചിപ്പിക്കുന്നു. ജിഡിപി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവയിലെ കുറവ് സാമ്പത്തിക മാന്ദ്യത്തിന്റെ തെളിവുകളാണ്. ഇവ തൊഴില്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതുവഴി തൊഴില്‍ നഷ്ടം, വേതന മുരടിപ്പ്, തൊഴിലിനായുള്ള വര്‍ധിച്ചുവരുന്ന മത്സരം എന്നിവയ്ക്ക് കാരണമാകും.

സാമ്പത്തികമാന്ദ്യ സമയത്ത്, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുക കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി മാറുന്നതിനാല്‍ ബിസിനസ്സുകള്‍ അവരുടെ ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. വരുമാനം കുറഞ്ഞാല്‍ ചെലവ് നിയന്ത്രിക്കുകയല്ലേ വഴിയുള്ളൂ? ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ആസ്തികള്‍ വില്‍ക്കുക, കടമെടുക്കുക തുടങ്ങിയ മാര്‍ഗങ്ങളെക്കാള്‍ എളുപ്പം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതാണ് എന്ന് സാര്‍വത്രികമായി കരുതുന്നതിനാല്‍ അത് തൊഴില്‍ നഷ്ടങ്ങള്‍ക്കും കൂട്ടപ്പിരിച്ചുവിടലിനും ഇടയാക്കുന്നു എന്നേയുള്ളൂ.

ഇങ്ങനെ തൊഴിലാളികളുടെ എണ്ണം കുറച്ച് വെട്ടിലായ കമ്പനികളുമുണ്ട്. ഓരോ തൊഴിലാളിയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എങ്ങനെ മുതല്‍ക്കൂട്ടാവുന്നു എന്നൊന്നും ചിന്തിക്കാതെ ഒറ്റബുദ്ധിക്ക് കൂട്ടപ്പിരിച്ചുവിടല്‍ നടത്തി, അതിലൂടെ സ്ഥാപനത്തിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി, അടപടലം പൂട്ടിപ്പോയ ചരിത്രവും ഈ കാലയളവില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. കര്‍മ്മ എന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ തന്നെയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി (എഐ) & റോബോട്ടിക്സ്




ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി (എഐ) ഇന്ന്, ഈ നിമിഷം പോലും അതിവേഗം വളരുന്ന ഒരു സാങ്കേതികവിദ്യയാണ്. കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഇത് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് തൊഴിലുകളുടെയും തൊഴിലാളികളുടെയും ഭാവിയെക്കുറിച്ചുയര്‍ത്തുന്ന ആശങ്കകള്‍ ചെറുതല്ല. യന്ത്രങ്ങളും അല്‍ഗോരിതങ്ങളും മനുഷ്യ തൊഴിലാളികളെ മാറ്റി സ്ഥാപിക്കുന്നതിനാല്‍ അക വ്യാപകമായ തൊഴില്‍ നഷ്ടത്തിനും തൊഴിലില്ലായ്മയ്ക്കും കാരണമാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചില വിദഗ്ധര്‍ പറഞ്ഞിരുന്നത് നമുക്കിന്ന് കണ്‍മുന്നില്‍ കാണാനാകുന്നു.

നിലവില്‍ മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും അക ചെയ്യുമെന്നതാണ് പ്രധാന ആശങ്കകളിലൊന്ന്. ഉത്പ്പാദനം, ഗതാഗതം, ചില്ലറ വ്യാപാരം എന്നിവയിലെയും സേവനമേഖലയിലെയും ജോലികള്‍ ഇതിനോടകം ഇതില്‍ ഉള്‍പ്പെട്ടുകഴിഞ്ഞു. ഉദാഹരണത്തിന് സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളും ഡ്രോണുകളും ഇപ്പോള്‍ത്തന്നെ ഗതാഗതത്തിലും ഹോം ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്നുണ്ട്. കൂടാതെ വെയര്‍ഹൗസുകളിലും ഫാക്ടറികളിലും റോബോട്ടുകളെ ഉപയോഗിക്കുന്നതുവഴി വെയര്‍ഹൌസ് മാനേജ്മെന്റ് പോലുള്ള സ്‌പെഷ്യാലിറ്റി കോഴ്സുകള്‍ പഠിച്ച് ജോലിക്കായി ശ്രമിക്കുന്നവരെയും ഇത് സാരമായി ബാധിക്കുന്നു.

സ്ഥിരമായി ചെയ്യുന്നതും ആവര്‍ത്തിച്ചുള്ളതുമായ ജോലികള്‍ എഐ ഏറ്റെടുക്കുമ്പോള്‍, സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാരം, വിമര്‍ശനാത്മക ചിന്ത എന്നിവ പോലുള്ള എളുപ്പത്തില്‍ യാന്ത്രികമാക്കാന്‍ കഴിയാത്ത കഴിവുകളുള്ള തൊഴിലാളികള്‍ക്ക് പേടിക്കേണ്ടതില്ല എന്നൊരു വാദം ഉണ്ടായിരുന്നെങ്കിലും അതും കടപുഴകി വീഴുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഡിസൈനിംഗ്, വെബ് ഡവലപ്‌മെന്റ്, മൊബൈല്‍ ആപ്ലികേഷന്‍ ഡവലപ്‌മെന്റ്, എഴുത്ത് തുടങ്ങി പല മേഖലകളും ഇതിനോടകം തന്നെ എഐ കയ്യടക്കി. ഫലം, കൂടുതല്‍ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും തന്നെ.

കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു മികച്ച ക്രിയേറ്റിവ് ഏജന്‍സിയുടെ സ്‌കെയിലിംഗ് പ്രോജക്റ്റ് എന്നെത്തേടി വരുമ്പോള്‍ എന്നെക്കാത്തിരുന്നത് ഇതെല്ലാം നേരില്‍ കാണാനും അനുഭവിക്കാനുമുള്ള ഒരു അവസരമായിരുന്നു. ആ പ്രൊജക്റ്റില്‍ ഞാന്‍ ജോലി തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്നതില്‍ പകുതിപ്പേര്‍പോലും ആറ് മാസം കഴിഞ്ഞ് ഞാന്‍ ആ പ്രോജക്ട് തീര്‍ക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. അതില്‍ കൂടുതലും ജോലി ഉപേക്ഷിച്ച് പോയവരായിരുന്നില്ല, മറിച്ച് ജോലി നഷ്ടപ്പെട്ടവരായിരുന്നു. ആ 6 മാസം കൊണ്ട് കമ്പനി ഉണ്ടാക്കിയത് തൊട്ടുമുന്‍പത്തെ 6 മാസത്തേക്കാള്‍ ലാഭത്തില്‍ 250 ശതമാനത്തിലധികം വര്‍ധനവും. പിന്നെ കമ്പനികളെ പറഞ്ഞിട്ട് കാര്യമുണ്ടോ? സത്യത്തില്‍ അവിടെ സംഭവിച്ചത് ''ഏജന്‍സി സ്‌കെയില്‍ അപ്പായി , തൊഴിലാളികള്‍ സ്‌കെയില്‍ ഡൗണും''.




ജനസംഖ്യ

ജനസംഖ്യ ഒരു പൊള്ളുന്ന വിഷയം തന്നെയാണ്. അതില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാവാം എന്നതുകൊണ്ടുതന്നെ ജനസംഖ്യാ നിയന്ത്രണം എന്ന ആശയത്തില്‍നിന്നും മാറി അത് തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നുനോക്കാം. ഒരു രാജ്യത്തിന്റെയോ, അല്ലെങ്കില്‍ ലോകത്തിന്റെയോ തന്നെ തൊഴില്‍ വിപണിയിലും സമ്പദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ് ജനസംഖ്യാ വളര്‍ച്ച.

ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യകത വര്‍ധിക്കുന്നു, ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാകും എന്ന് പൊതുവേ കരുതിയിരുന്നെങ്കിലും ജനസംഖ്യാ വര്‍ധനവ് തത്വത്തില്‍ തൊഴിലിനായുള്ള വര്‍ധിച്ചുവരുന്ന മത്സരത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. കൂടുതല്‍ ആളുകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുമ്പോള്‍, ഓരോ തൊഴിലിലേക്കും കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകുന്നത് ഓരോരുത്തര്‍ക്കും തൊഴില്‍ കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും.

കൂടാതെ, തൊഴിലുടമകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അപേക്ഷകരുള്ളതിനാലും തൊഴിലില്ലായ്മ കൊടികുത്തി വാഴുന്നതിനാലും ഒപ്പം ജീവനക്കാരെ ആകര്‍ഷിക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ലാത്തതിനാലും ജനസംഖ്യാ വര്‍ധനവ് കുറഞ്ഞ വേതനത്തിന് പണിയെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കും. എന്നിരുന്നാലും ഒരു നേരിയ പ്രതീക്ഷപോലെയെങ്കിലും നമുക്ക് കാണാന്‍ കഴിയുന്നത് ഈ വര്‍ധിച്ച മത്സരത്തിനിടയിലും കഴിവും ഗുണനിലവാരവുമുള്ള തൊഴിലാളികളെ ലഭിക്കുന്നില്ല എന്നുള്ള ചില കമ്പനികളുടെ പരാതിയാണ്.

അതായത് ഓരോരുത്തരും അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനും അവരുടെ തൊഴിലിലെ ഗുണമേന്മ ഉറപ്പുവരുത്താനും ശ്രമിച്ചാല്‍ തൊഴില്‍ വിപണിയില്‍ ഒരുപരിധിവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കും എന്നുതന്നെയാണ്. മാത്രമല്ല, തൊഴില്‍ വിപണിയില്‍ ജനസംഖ്യാ വളര്‍ച്ചയുടെ ആഘാതത്തെക്കുറിച്ച് ഗവണ്‍മെന്റുകളും ബിസിനസ്സുകളും തൊഴിലാളികളും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതും ഭാവിയിലേക്ക് വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കിട്ടി, കിട്ടി, കിട്ടീല്ല - ഒരു ജീവിതാനുഭവം

തൊഴില്‍ നഷ്ടങ്ങളുടെ ഈ കാലത്ത് ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല, കയ്യിലിരുന്നത് പോവുകയും ചെയ്തു എന്ന വിഷമഘട്ടത്തിലായവര്‍ പോലുമുണ്ട്. ബെംഗളൂരുവില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്തിരുന്ന ആരുഷ് നാഗ്പാലിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അങ്ങനെയാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയില്‍ മൈക്രോസോഫ്റ്റില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലിചെയ്തുകൊണ്ടിരിക്കവേയാണ് ആരുഷിന് ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ കാനഡയില്‍ ജോയിന്‍ ചെയ്യാനുള്ള ഓഫര്‍ നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് ആരുഷ് തന്റെ മൈക്രോസോഫ്റ്റിലെ ജോലി രാജിവച്ച്, കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റുമെടുത്ത്, നീണ്ട ഇമിഗ്രേഷന്‍ പ്രക്രിയയും കഴിഞ്ഞ ശേഷം കാനഡയില്‍ കാലുകുത്തിയപ്പോള്‍ കിട്ടിയ വാര്‍ത്ത ആമസോണ്‍ ആ ജോലിക്കായി ആരുഷിന് നല്‍കിയ ഓഫര്‍ പിന്‍വലിച്ചു എന്നതാണ്. തന്റെ യാത്രയ്ക്ക് ഒരു ദിവസം മുന്‍പ് കാനഡയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ഹയറിംഗ് മാനേജരുമായി താന്‍ ചാറ്റ് ചെയ്തിരുന്നതായും ആരുഷ് പറയുന്നുണ്ട്. അപ്പോള്‍പ്പോലും ഓഫര്‍ പിന്‍വലിച്ച വിവരം ആരുഷിനോട് വെളിപ്പെടുത്തിയിരുന്നില്ലത്രേ. പ്രൊഫഷണലായി ഒരാള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം സാഹചര്യങ്ങളില്‍ ഒന്നാണിത്, കാരണം തൊഴില്‍ നഷ്ടം സംഭവിക്കാന്‍ തല്‍ക്കാലം സാധ്യതയില്ലാതിരുന്ന ഒരാളെ നിര്‍ബന്ധിതമായി തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്ന ഈ പ്രക്രിയക്ക് എന്ത് പേര് വിളിക്കണം എന്നുപോലും കോര്‍പ്പറേറ്റ് ലോകത്തില്‍ ആശങ്കയുണ്ട്.

പോയത് പോയി, ഇനിയെന്ത്?

''നിങ്ങള്‍ക്ക് സാഹചര്യങ്ങളുടെ മേല്‍ നിയന്ത്രണമില്ല, എന്നാല്‍ അവയോട് പ്രതികരിക്കുന്ന രീതി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.''

ഞാന്‍ എങ്ങനെയാണ് എന്റെ ഹോം ലോണ്‍ അടയ്ക്കാന്‍ പോകുന്നത്?

എന്റെ കുട്ടികള്‍ക്കുള്ള സ്‌കൂള്‍/കോളേജ് ഫീസ് ഞാന്‍ എങ്ങനെ അടയ്ക്കും?

വീട്ടുചിലവുകള്‍ എങ്ങിനെ നടക്കും?

എന്റെ മാതാപിതാക്കളെ എങ്ങിനെ പരിപാലിക്കും?

ഇങ്ങനെയുള്ള നൂറായിരം ചോദ്യങ്ങളുടെ പരമ്പര തൊഴില്‍ നഷ്ടത്തോടൊപ്പം നിങ്ങളുടെ മനസ്സിലുണ്ടാകാം. അതോടൊപ്പം ഞെട്ടല്‍, നിരാശ, ദേഷ്യം, ഭയം അങ്ങനെ ഒരായിരം നിഷേധാത്മക വികാരങ്ങളും. എങ്കില്‍ ഓര്‍ത്തോളൂ ഒന്ന് നിര്‍ത്താന്‍ സമയമായി. ഇതൊന്നും നിങ്ങളുടെ ജീവിതത്തിലേക്ക് ഗുണം കൊണ്ടുവരില്ല. മറിച്ച് നമുക്കിനി എന്തുചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കാം.

നിങ്ങളുടെ ജോലി നഷ്ടപ്പെടുന്നത് ബുദ്ധിമുട്ടുള്ളതും സമ്മര്‍ദ്ദം നിറഞ്ഞതുമായ ഒരു അനുഭവമായിരിക്കും. ഇത്തരം സാഹചര്യങ്ങളിലെ പെട്ടെന്നുള്ള മാറ്റവുമായി പൊരുത്തപ്പെടാന്‍ പൊതുവേ നമുക്കല്പം പ്രയാസമാണ്. പക്ഷേ, ഇത് കഠിനമാണെങ്കിലും, തൊഴില്‍ നഷ്ടത്തെ നേരിടാനും മുന്നോട്ട് പോകാനും വഴികളുണ്ട്.

ഒറ്റയ്ക്കല്ല എന്നറിയുക: നിങ്ങള്‍ തനിച്ചല്ലെന്ന് മനസ്സിലാക്കുക. നിങ്ങളെപ്പോലെ ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. ലജ്ജിക്കേണ്ട യാതൊരു കാര്യവുമില്ല. ശരിക്കും നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാനും പൂര്‍ണതയുള്ള ഒരു വ്യക്തിയായി വളരാനും കൂടുതല്‍ ശക്തരാകാനുമുള്ള അവസരമാണിത്. ഒന്നുമല്ലെങ്കിലും ഒരു വലിയ കുഴിയില്‍ വീഴുമ്പോള്‍ അതില്‍ വേറെയും ആളുകള്‍ നേരത്തേ വീണുകിടപ്പുണ്ട്, തനിക്ക് ശേഷവും പലരും അതിലേക്ക് വീണുകൊണ്ടിരിക്കുന്നു എന്നൊക്കെ കാണുമ്പോഴുള്ള മനുഷ്യമനസ്സിന്റെ ഒരു ദുഷിച്ച സമാധാനമില്ലേ, അതുതന്നെ.

ഒരല്‍പം സമയം തനിക്കുവേണ്ടി: സ്വാര്‍ത്ഥത പൊതുവേ ഒരു മോശം കാര്യമായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ഈ സമയത്ത് അത് കുറച്ചാവാം. നിങ്ങളുടെ ജീവിതത്തിന്റെ എന്നോ നഷ്ടപ്പെട്ട ഒരു സിസ്റ്റം ക്രമീകരിക്കാന്‍ സമയം നല്‍കേണ്ടത് ഈ അവസ്ഥയില്‍ പ്രധാനമാണ്. ഒരു ചെറിയ ഇടവേള എടുക്കുക, വിശ്രമിക്കുക, നിങ്ങളുടെ ജോലി നഷ്ടപ്പെട്ടതില്‍ ദുഃഖിക്കാന്‍ ഒരല്‍പം സമയം അനുവദിക്കുക, നിങ്ങള്‍ക്ക് സങ്കടമോ ദേഷ്യമോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന ഏതൊരു വികാരത്തേയും അതിന്റേതായ രീതിയില്‍ (അതിന്റേതായ രീതിയില്‍ മാത്രം) അനുഭവിക്കുക, മെഡിറ്റേഷന്‍, എക്‌സര്‍സൈസ്, മൈന്‍ഡ്ഫുള്‍നെസ് തുടങ്ങിയ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുക അങ്ങനെ പല മാര്‍ഗങ്ങളിലൂടെ സ്വയം മാനേജ് ചെയ്യുന്നത് ഗുണകരമായിരിക്കും.

കുറച്ചുസമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി: ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ആവശ്യത്തിന് സമയമുണ്ട്; ധൃതിപിടിച്ച മീറ്റിങ്ങുകളില്ല, ഡെഡ്ലൈനുകളില്ല, ബോസിന്റെ ആര്‍ത്തലക്കുന്ന ശബ്ദമില്ല, നിങ്ങളോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊന്നും പറയാന്‍ പോലും ആളില്ല, ഇപ്പോള്‍ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ബോസ്. ഈ കിട്ടുന്ന സമാധാനം കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പമോ ചിലവഴിക്കാം. ഒരു യാത്ര പോകുക, സിനിമയ്ക്ക് പോകുക, കുട്ടികളോടൊപ്പം കളിക്കുക, അവരുടെ പഠനത്തില്‍ സഹായിക്കുക തുടങ്ങിയവ വഴി മാനസിക സ്വാസ്ഥ്യം കണ്ടെത്താനാവും.

ഒരല്‍പം സമയം തന്റെ ഭാവി തൊഴിലിനു വേണ്ടി: ഒരു ജോലി പോയാല്‍ മറ്റൊന്ന് എന്ന ചിന്ത മനസ്സിലേക്ക് കൊണ്ടുവരിക വഴി ഭാവിയിലേക്ക് തയ്യാറെടുക്കാന്‍ നിങ്ങള്‍ക്കാകും. നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞാല്‍, ഒരു പുതിയ ജോലി അന്വേഷിക്കാന്‍ തുടങ്ങുക. നിങ്ങളുടെ റെസ്യൂമെ അപ്ഡേറ്റ് ചെയ്യുകയും ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പുതുക്കുകയും ഒപ്പം പുതിയ ജോലികള്‍ക്ക് സ്ഥിരമായി അപേക്ഷിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. തൊഴിലന്വേഷകര്‍ക്ക് സഹായകരമാകുന്ന പല ആപ്ലികേഷനുകളും ഇപ്പോള്‍ ലഭ്യമാണ്. അവയെല്ലാം കൃത്യമായ രീതിയില്‍ ഉപയോഗിക്കുക.

ഒപ്പം നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മുന്‍ സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഇടയ്ക്കിടെ ഫോണിലോ നേരിട്ടോ ബന്ധപ്പെടുക വഴി ആ ബന്ധങ്ങള്‍ ഊഷ്മളമായി സൂക്ഷിക്കാനും നിങ്ങളുടെ കഴിവുകള്‍ ആവശ്യമുള്ള മേഖലകളിലേക്ക് നിങ്ങളെ നയിക്കാനും സഹായിക്കും. പിന്നെ, ഇന്നത്തെക്കാലത്ത് നെറ്റ് വര്‍ക്കിംഗ് എല്ലാവര്‍ക്കും, എല്ലാ തൊഴില്‍ മേഖലകളിലും അത്യന്താപേക്ഷിതമാണ്.

കഴിയുന്നിടത്തോളം നെറ്റ് വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ പങ്കെടുക്കുക, അതുവഴി കൂടുതല്‍ ബന്ധങ്ങളുണ്ടാക്കുക. അവിടെ നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെന്നോ ഒരു പുതിയ അവസരം തിരയുകയാണെന്നോ അറിയിക്കാം. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു അവസരത്തെക്കുറിച്ച് തീര്‍ച്ചയായും അവര്‍ക്കറിയാമായിരിക്കും.

കുറച്ച് കൂടുതല്‍ സമയം പഠനത്തിന്: നിങ്ങള്‍ വളരെ കഴിവുള്ള ഒരാളായിരിക്കും, പക്ഷേ സാഹചര്യങ്ങള്‍ മാറുകയാണ്. അതിനനുസരിച്ച് നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതിനും പ്രാധാന്യം നല്‍കണം. അടുത്തൊരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങളുടെ കരിയറിലുണ്ടായ ആ വിടവ് നിങ്ങളെങ്ങനെ ക്രിയാത്മകമായി ഉപയോഗിച്ചു എന്നത് തൊഴില്‍ ദാതാവിന്റെ മുന്നില്‍ നിങ്ങള്‍ക്കൊരു വീരപരിവേഷം തന്നെ നല്‍കും. ഒപ്പം പുതിയ കോഴ്സുകള്‍ ചെയ്യുക, നൂതന തൊഴില്‍ സാധ്യതകള്‍ വിശകലനം ചെയ്യുക, അതിനനസരിച്ച് സ്വയം രാകിമിനുക്കുക എന്നിവവഴി നഷ്ടപ്പെട്ടതിനേക്കാള്‍ ഉയരങ്ങള്‍ നിങ്ങള്‍ക്ക് എത്തിപ്പിടിക്കാനാകും, ഉറപ്പ്!

പാഷനെ പിന്തുടരുക: പലര്‍ക്കും പലതരം പാഷനുകള്‍ ഉണ്ടാകും. ചിലര്‍ക്കത് കണ്ടുപിടിക്കാന്‍ പറ്റും, ചിലര്‍ക്കത് പറ്റില്ല. നിങ്ങളുടെ പാഷനെ നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനുപിന്നാലെയൊന്ന് പോയിനോക്കുന്നത് നന്നായിരിക്കും. ചിലപ്പോള്‍ നിങ്ങളുടെ ഭാവി അവിടെയായിരിക്കാം. പാഷനെ കണ്ടെത്തിയിട്ടില്ലെങ്കില്‍ അതൊന്നു കണ്ടെത്താന്‍ ശ്രമിച്ചുനോക്കൂ. നിങ്ങളുടെ ജോലിയല്ല നിങ്ങളുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത് എന്ന് മനസ്സിലാക്കുക. അത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു വശം മാത്രമാണ്, നിങ്ങളെ നിങ്ങളാക്കുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട്, നിങ്ങളുടെ പാഷന്‍ പോലെ. ശരിയായില്ലെങ്കില്‍ വിട്ടേക്കുക, വേറെ പാഷന്‍ നോക്കുക, തൊഴില്‍ അന്വേഷണം തുടരുക. നിസ്സാരം!

തൊഴില്‍ നഷ്ടം ഒരു പ്രയാസകരമായ ഒരു അനുഭവം തന്നെയായിരിക്കും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് പഠിക്കാനും വളരാനും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് എന്നുകൂടി മനസ്സിലാക്കണം. ഒരു പോസിറ്റീവ് മാനസികാവസ്ഥ നിലനിര്‍ത്തുകയും, മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഈ അവസരത്തില്‍ വളരെ പ്രധാനമാണ്. മാനസികമായി എന്തെകിലും ബുദ്ധിമുട്ട് അനുഭവിക്കുകയോ ഒരു കൈത്താങ്ങ് വേണമെന്ന് തോന്നുകയോ ചെയ്താല്‍ ഒട്ടും മടിക്കാതെ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതും സുപ്രധാനമാണ്.




ഇനി തൊഴില്‍ദാതാക്കളോടും എച്ച്ആര്‍ പ്രൊഫഷണലുകളോടും ചില വാക്കുകള്‍

തൊഴില്‍ നഷ്ടങ്ങളില്‍ അന്തര്‍ലീനമായ പല നഷ്ടങ്ങളുണ്ട്. അതില്‍ത്തന്നെ മാനസികമായ നഷ്ടമാണ് ഏറ്റവും വലുത് എന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. ഒരു ഉദാഹണരം പറയുകയാണെങ്കില്‍, സാധാരണഗതിയില്‍ മിക്കപ്പോഴും ഒരു സ്ഥാപനം ഒരാളെ പിരിച്ചുവിടുമ്പോള്‍ അയാള്‍ക്ക് ആ സ്ഥാപനത്തിന്റെ സിസ്റ്റങ്ങളിലേക്കും മെയിലുകളിലേക്കുമുള്ള എല്ലാ ആക്സസ് എടുത്തുകളയുകയും പിന്നീട് അവരുടെ സ്വകാര്യ ഇ-മെയില്‍ ഐഡിയില്‍ അവരെ പിരിച്ചുവിടുകയാണെന്ന് ഇ-മെയില്‍ അയയ്ക്കുകയും ചെയ്യുകയാണ് ചെയ്യാറ്.

പതിവുപോലെ രാവിലെ ഓഫീസിലെത്തി (വര്‍ക് ഫ്രം ഹോം ആണെങ്കില്‍ വീട്ടില്‍നിന്നോ) ലോഗിന്‍ ചെയ്യാന്‍ നോക്കുമ്പോഴായിരിക്കും തങ്ങളുടെ ആക്‌സസ് എടുത്തുമാറ്റിയ വിവരം പോലും തൊഴിലാളികള്‍ അറിയുന്നത്. പിരിച്ചുവിടല്‍ ഇ-മെയില്‍ പിന്നാലെ വരും. സ്ഥാപനം എന്നോട് വിശ്വാസവഞ്ചന കാണിച്ചു, എന്നോട് ബഹുമാനമില്ലായ്മയാണ് കാട്ടിയത് എന്നുതുടങ്ങി അവിടത്തെ ആ വ്യവസ്ഥയോട് മുഴുവന്‍ വെറുപ്പുതോന്നുന്ന അവസ്ഥയിലേക്കെത്താനും ഇത് കാരണമാകും.

പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ സ്ഥാപനത്തോടുള്ള അയാളുടെ വെറുപ്പ് നിലനില്‍ക്കുകയും, ആ വെറുപ്പ് ഗ്ലാസ്സ്ഡോര്‍ പോലെയുള്ള വെബ്സൈറ്റുകളില്‍ കമ്പനിക്കെതിരായി പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ വിലകൂടിയ ലാപ്ടോപ്പുകള്‍, ഫാന്‍സി ബാക്ക്പാക്ക്, സിപ്പര്‍, ഹൂഡി എന്നിവ തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിനുമുന്‍പേ അവര്‍ക്ക് വിശ്വാസവും ആദരവും കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ബിസിനസ് എന്ന ആശയത്തിനും തൊഴിലാളികള്‍ക്കും ഇടയില്‍ നില്‍ക്കുന്നവരാണ് മിക്കപ്പോഴും എച്ച്. ആര്‍. പ്രൊഫഷണലുകള്‍. ഇക്കൂട്ടരോടും തൊഴില്‍ദാതാക്കളോടും പറയാനുള്ളത് തീര്‍ത്തും തത്വചിന്താപരമാണ് (പിലാചപ്പി എന്നുപറഞ്ഞ് ഇതിനെ അവഗണിക്കാതിരിക്കുക). ഏതൊരു തൊഴിലാളിയും ജോലി ചെയ്തിരുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല എന്ന് മനസ്സിലാക്കുക; അറിഞ്ഞോ അറിയാതെയോ അവര്‍ ചെയ്ത എല്ലാ ജോലിയുടേയും ഫലം സ്ഥാപനത്തിനും കൂടി തന്നെയാണ് കിട്ടിയിരുന്നത്, കൂട്ടത്തില്‍ മറ്റുള്ള തൊഴിലാളികള്‍ക്കും, സ്റ്റേക്ക്‌ഹോള്‍ഡര്‍മാര്‍ക്കും കിട്ടിയിരിക്കും. അതുകൊണ്ട് കഴിയുന്നിടത്തോളം തൊഴിലാളികളെ കൂടെനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഉത്തമം.

ട്രെയിനിംഗ്, പെര്‍ഫോമന്‍സ് ഇപ്രൂവ്മെന്റ് പ്രോഗ്രാം തുടങ്ങിയവ വഴി അവരെ സ്‌കെയില്‍ ആപ്പ് ചെയ്യാനാകുമോ എന്ന് ശ്രമിക്കുന്നതും ഗുണകരമായ ഫലങ്ങള്‍ നല്‍കാം. ''നിങ്ങളുടെ തൊഴിലിനെ സ്‌നേഹിക്കൂ, തൊഴില്‍ ദാതാവിനെയല്ല'' എന്നത് ഇന്ന് ഏറ്റവുമധികം പ്രൊഫഷണല്‍ സര്‍ക്കിളുകളില്‍ കേള്‍ക്കുന്ന ഒരു ആപ്തവാക്യമാണ്. അത് അങ്ങനെതന്നെ മുന്നോട്ടുപോയാല്‍ തൊഴില്‍ദാതാക്കളുടെ ഭാവിയേയും അത് ബാധിക്കാനിടയുണ്ട്. ഇനി ഒരു തൊഴിലാളിയെ ഒഴിവാക്കുകയാല്ലാതെ മറ്റുമാര്‍ഗ്ഗമില്ല എന്നാണെങ്കില്‍ നീതിപരമായി അത് ചെയ്യുക; കാരണം നിങ്ങളെ അവര്‍ അത്രമേല്‍ വിശ്വസിക്കുന്നു.


തൊഴില്‍ തിന്നുന്ന ബകന്‍

''തൊഴില്‍ തിന്നുന്ന ബകന്‍'' എന്ന പ്രയോഗം മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒന്നല്ല. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ആദ്യനാളുകളില്‍ അനേകായിരം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്താനുള്ള കമ്പ്യൂട്ടറുകളുടെ കഴിവിനെ ആദ്യമായി തിരിച്ചറിഞ്ഞതും ജനമദ്ധ്യത്തില്‍ എത്തിച്ചതും കേരളത്തിലെ പുരോഗമനചിന്തക്കാരാണ്, അതും വെറും മൂന്ന് രൂപയ്ക്ക്.

കാലങ്ങളായി ഫയലുകളുടെ കൂമ്പാരവും അതില്‍ പണിയെടുക്കുന്നവരെയും മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് ആ പണിയെടുക്കാനുള്ള അവകാശത്തെക്കുറിച്ച് മാത്രം ചിന്തിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ ബകനായ തത്വം തെറ്റിപ്പോയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടാവാം. പക്ഷേ കമ്പ്യൂട്ടറിനെ ബകനേ എന്നുവിളിച്ചവര്‍ മകനേ എന്നുവിളിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. പിന്നെയങ്ങോട്ട് നമ്മുടെ കൊച്ചുകേരളത്തിലും കമ്പ്യൂട്ടറിന്റെ ജൈത്രയാത്രയായിരുന്നു

കമ്പ്യൂട്ടറിന്റെ ഈ ജൈത്രയാത്ര മനുഷ്യ ജീവിതങ്ങളെ സ്വാധീനിച്ചത് ചില്ലറയൊന്നുമല്ല. നമ്മുടെ സ്‌കൂള്‍ സിലബസില്‍ പോലും കമ്പ്യൂട്ടര്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഷയമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. ഒപ്പം ഇന്റര്‍നെറ്റ് കഫേകളുടെ രംഗപ്രവേശം കൂടിയായപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഏറെക്കുറെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ക്ക് ശേഷം കുറഞ്ഞചിലവില്‍ ഇന്റര്‍നെറ്റ് കൂടി കിട്ടിത്തുടങ്ങിയപ്പോള്‍ വിവരസാങ്കേതിക വിദ്യ മനുഷ്യനുമേല്‍ എതിരില്ലാത്ത ആധിപത്യം സ്ഥാപിച്ചു എന്നുതന്നെ പറയാം.

ഇന്ന് കമ്പനികള്‍ ആളുകളുടെ തൊഴില്‍ എങ്ങനെ ഇല്ലാതാക്കാം എന്ന് കോടിക്കണക്കിന് രൂപ ചിലവാക്കി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഗവേഷണങ്ങളുടെ പ്രാഥമിക ഉദ്ദേശ്യം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണെങ്കിലും തൊഴില്‍ നഷ്ടം അതിന്റെ ഉപോത്പന്നമായി നിര്‍മ്മിക്കപ്പെടുന്നു.

ഉപദേശം (ഫ്രീ)

ഒരു ജോലി നഷ്ടപ്പെടുന്നത് ആര്‍ക്കായാലും ബുദ്ധിമുട്ടുള്ളതും സമ്മര്‍ദപൂരിതവുമായ അനുഭവമായിരിക്കും, കൂടാതെ പിരിച്ചുവിടല്‍ സംഭവിക്കും എന്ന ഭയത്തില്‍ ജീവിക്കുക എന്നത് ആ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. പ്രതീക്ഷ കൈവിടരുത്. ഓര്‍ക്കുക, നിങ്ങള്‍ തനിച്ചല്ല. ഇതിനെ മറികടക്കാന്‍ നിങ്ങള്‍ ശക്തനാണ്.

ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന, അല്ലെങ്കില്‍ സ്വന്തം ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തില്‍ പൊരുതുന്ന എല്ലാവരോടുമായി ഒന്നേ പറയാനുള്ളൂ, 'ഭയം അവസാനിക്കുമ്പോള്‍ മാജിക് ആരംഭിക്കുന്നു. ആ മാജിക് നിങ്ങള്‍തന്നെ കാഴ്ചവയ്ക്കും.'

(ഐടി& ഡിജിറ്റല്‍ മീഡിയ സ്ഥാപനമായ ഇന്‍ഫൊത്രോണിന്റെ സ്ഥാപകനും സിഇഒയുമായ ലേഖകൻ ഒരു പ്രഭാഷകനും പുസ്തക രചയിതാവുമാണ്.)