image

12 April 2023 3:15 PM IST

Business

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kochi Bureau

high court criticized implementation of high security number plates
X

Summary

  • അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓര്‍ബിസ് ഓട്ടോമോട്ടീവ്‌സ്.


കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടീവ്‌സിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് രാജാ വിജയരാഘവന്‍ വിയുടെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓര്‍ബിസ് ഓട്ടോമോട്ടീവ്‌സ്.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലെന്ന കാരണത്താല്‍ മലപ്പുറത്തെ ഓര്‍ബിസ് കമ്പനിക്കെതിരെ എടുത്ത നടപടിക്കെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനും അത് വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നതിനും ഓണ്‍ലൈനിലോ നേരിട്ടോ വില്‍പന നടത്തുന്നതിനും ഡെലിവറി സെന്ററുകള്‍ നടത്തുന്നതിനും ഇവരെ വിലക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ വില്‍പന നടത്തിയാല്‍ ഡീലര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

2001 ലെ മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ശേഷം 2018 ല്‍ രാജ്യത്തെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതേതുടര്‍ന്ന് 2019 മേയില്‍ അന്നത്തെ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വാഹനങ്ങളിലും അടിയന്തരമായി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എത്ര ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍മ്മാതാക്കളെ തിരഞ്ഞെടുക്കാന്‍ മൂന്നുമാസത്തെ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

അതീവ ഗൗരവമുള്ള ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന് സന്നദ്ധ സംഘടനയായ ആക്‌സിഡന്റെ റസ്‌ക്യൂവിന്റെ പ്രസിഡന്റ് സുനില്‍ ബാബു പറഞ്ഞു. ഒരേ നമ്പറിലുള്ള നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കേരളത്തിലെ സാഹചര്യത്തില്‍ ഇത് മൂന്ന് മാസം കൊണ്ടു തന്നെ നടപ്പാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. മുഹമ്മദ് ഷായാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.