image

27 Jun 2023 12:45 PM IST

Business

പ്രാദേശിക വിപണി ശക്തി പ്രാപിക്കുന്നു; സ്ത്രീ സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന

Kochi Bureau

increase in number of women enterprises
X

Summary

  • സംരംഭക വര്‍ഷത്തില്‍ 45000 ത്തിലധികം വനിതാ സംരംഭങ്ങള്‍ ആരംഭിച്ചു


കേരളത്തില്‍ പ്രാദേശിക വിപണി ശക്തിപ്പെടുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അന്താരാഷ്ട്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ദിനാചരണവും സംരംഭകര്‍ക്കായുള്ള ഏകദിന ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയതായി 1,39,000 സംരംഭങ്ങള്‍ തുടങ്ങിയെന്നും 45000 ത്തിലധികം വനിതാ സംരംഭങ്ങള്‍ ആരംഭിച്ചതായും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

പ്രാദേശിക സമ്പദ്ഘടന ചലനാത്മകമാകുന്നണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മിഷന്‍ 1000 പദ്ധതിയുടെ ഭാഗമായി 1000 എംഎസ്എംഇ തിരഞ്ഞെടുത്ത് ശരാശരി 100 കോടി വിറ്റു വരവുള്ള എംഎസ്എംഇകളാക്കി മാറ്റുമെന്നും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മേക്ക് ഇന്‍ കേരള പദ്ധതിക്കായി 1000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും, കയറ്റുമതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ഇതിനായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ഐഡിബിഐ), നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി) എന്നിവരുടെ സഹകരണത്തോടെ എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് കളമശ്ശേരിയില്‍ നടന്ന സെമിനാറില്‍ ബിസിനസ് കാര്യക്ഷമമാക്കുന്നതിനുള്ള എംഎസ്എംഇ മന്ത്രാലയത്തിന്റെ പദ്ധതികളിലെ സമീപകാല മാറ്റങ്ങളായിരുന്നു വിഷയമായത്.

അഞ്ച് കോടി രൂപ വരെ ഈടില്ലാത്ത വായ്പ, എസ്‌ഐഡിബിഐ മുഖേനയുള്ള ഭാരത സര്‍ക്കാരില്‍ നിന്നുള്ള എംഎസ് എംഇ നിര്‍ദ്ദിഷ്ട വായ്പ, കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പദ്ധതികള്‍, ഫണ്ട് ഓഫ് ഫണ്ട് വഴി എംഎസ്എംഇകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിക്ഷേപം, അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള സഹായ പദ്ധതി, കയറ്റുമതി വിപണി പ്രവേശനത്തിനും വിപണി കണ്ടെത്തുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍, സര്‍ക്കാര്‍ പിന്തുണയിലൂടെ നിങ്ങളുടെ എംഎസ്എംഇയുടെ പ്രകടനം എങ്ങനെ വര്‍ധിപ്പിക്കാം, ട്രേഡ് മാര്‍ക്ക് എന്നീ വിവിധ വിഷയങ്ങളിലുള്ള സെഷനുകള്‍ സെമിനാറില്‍ നടന്നു.

എസ്‌സിഎംഎസ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ പി രാധ പി തേവന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശ്ശൂര്‍ മേധാവി ജോയിന്റ് ഡയറക്ടര്‍ ജിഎസ് പ്രകാശ്, എന്‍എസ്‌ഐസി സോണല്‍ ജനറല്‍ മാനേജര്‍ എം ശ്രീവത്സന്‍, 200 ഓളം സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.