24 Jan 2023 8:15 AM GMT
Summary
- ഫെയ്സ്ബുക്കിലൂടെയും ഇപ്പോള്‍ വെബ്സൈറ്റിലുമായി ഉപഭോക്താക്കളുടെ എണ്ണം 10,000 ത്തില്‍ എത്തിയിരിക്കുകയാണ്
തിരുവനന്തപുരം നേമത്തുകാരന്‍ ഷാഹു അമ്പലത്ത് ഫെയ്സ്ബുക്കില്‍ കുറിക്കുന്നതെല്ലാം ബിസിനസിനു വേണ്ടിയല്ല. ബിസിനസിനു വേണ്ടി ഉണ്ടാക്കിയ അക്കൗണ്ടുമല്ല. നാട്ടുകാര്യങ്ങളും ചിന്തകളും പങ്കുവെക്കുന്ന, 11,000 ഫോളോവര്‍മാരുള്ളൊരു പ്രൊഫൈല്‍. അതുപക്ഷേ, ബിസിനസിലേക്ക് തിരിച്ചുവിട്ട് വിജയം കൈവരിച്ച കഥയാണ് ഷാഹുവിനിപ്പോള്‍ പറയാനുള്ളത്.
കോവിഡിന് മുമ്പാണ്. കടയൊക്കെ ഇട്ട് കച്ചവടം തുടങ്ങി. പക്ഷേ, അടപടലം പൊട്ടി അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കോവിഡ് വന്ന് നിയന്ത്രണങ്ങള്‍ പതിയെ അയഞ്ഞതോടെ, പുതിയൊരു കച്ചോട രീതി കൊണ്ടുവന്നു. കാറിന്റെ പിറകുവശം തുറന്ന് സൈഡിലൊരു ഫല്‍ക്സും കെട്ടി കശുവണ്ടി, കിസ്മിസ് പോലുള്ളവ വില്‍ക്കാന്‍ തുടങ്ങി. അതിവേഗത്തിലോടുന്ന ഹൈവേയിലെ കച്ചോടത്തിന് പക്ഷേ, ഗതിവേഗം പോരായിരുന്നു.
അങ്ങനെയാണ് ഫെയ്സ്ബുക്കിലൊരു പോസ്റ്റിട്ടത്. ''എന്റെ കൈയില്‍ ഒന്നാന്തരം ഈത്തപ്പഴവും അണ്ടിപ്പരിപ്പുമുണ്ട്, ഈ ഭാഗത്തു കൂടി വരുന്നവര്‍ വാങ്ങി സഹായിക്കണം''. ഇതുകണ്ട, ഫെയ്സ്ബുക്കില്‍ സജീവമായ എഴുത്തുകാരി ദീപാ നിഷാന്ത്, വീട്ടിലെത്തിക്കാനാവുമോയെന്ന് ചോദിച്ച് മെസേജയച്ചു.
പാഴ്സലാക്കാനുള്ള സാധ്യത നോക്കി ദീപാ നിഷാന്തിന്റെ വീട്ടിലെത്തിക്കുകയും അവര്‍ സന്തോഷത്തോടെ ഫീഡ്ബാക്ക് അറിയിക്കുകയും ചെയ്തു. ഒപ്പം ഒരു ഐഡിയയും പങ്കുവെച്ചു. എന്തുകൊണ്ട് കച്ചോടം ഓണ്‍ലൈനില്‍ ആയിക്കൂടെന്ന്. അങ്ങനെയാണ് അത്യാവശ്യം ഫോളോവര്‍മാരുള്ള ഫെയ്സ്ബുക്കിനെ തന്നെ ഓണ്‍ലൈന്‍ കച്ചോടത്തിലേക്ക് മാറ്റാന്‍ ഷാഹു തീരുമാനിക്കുന്നത്.
10,000 ഉപഭോക്താക്കളിലേക്ക്
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, കിസ്മിസ്, മറ്റു ഡ്രൈ ഫ്രൂട്ടുകള്‍ ഉള്‍പ്പെടെ ഇരുപതോളം ഉത്പന്നങ്ങള്‍ ഇന്ന് ഷാഹു വില്‍ക്കുന്നുണ്ട്. എല്ലാം ഓണ്‍ലൈനില്‍ തന്നെ. ഫെയ്സ്ബുക്കില്‍ തുടങ്ങിയ കച്ചവടം കുറച്ചുകൂടി പ്രൊഫഷണല്‍ വത്ക്കരിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റിലേക്കും കൂടി വ്യാപിപ്പിച്ചു. അടുത്തിടെ ഉത്പന്നങ്ങളെ Shahoos. Nuts & Dates എന്ന് ബ്രാന്‍ഡ് ചെയ്യുകയുമുണ്ടായി. 10,000 ഉപഭോക്താക്കളെന്ന സന്തോഷമാണ് ഇപ്പോള്‍ ഷാഹു പങ്കുവെക്കുന്നത്.
അധികവും ലോയല്‍ കസ്റ്റമേഴ്സാണ്. വീണ്ടും വീണ്ടും വാങ്ങിക്കുന്നവര്‍. അത്തരക്കാര്‍ വെബ്സൈറ്റിലൂടെയല്ല, തന്റെ ഫെയ്സ്ബുക്കിലൂടെ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടിലൂടെയുമാണ് ഓര്‍ഡര്‍ ചെയ്യുന്നതെന്ന് പറയുന്നു ഷാഹു. വെബ്സൈറ്റ് തുടങ്ങിയതോടെ മലയാളികളല്ലാത്ത ഉപഭോക്താക്കളും വരുന്നുണ്ട്. വെബ്സൈറ്റില്‍ മാത്രം പ്രതിമാസം 8-10 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നും ഷാഹു പങ്കുവെക്കുന്നു.
ക്വാളിറ്റി ഉത്പന്നം, കുറഞ്ഞ വില
വാങ്ങിച്ചവരെ വീണ്ടും വീണ്ടും തന്നിലേക്ക് അടുപ്പിക്കുന്നതിന്റെ രഹസ്യമായി പറയുന്നത് രണ്ട് കാര്യമാണ്. ഒന്ന് ഉത്പന്നത്തിന്റെ ക്വാളിറ്റി തന്നെ. അത് മറ്റിടങ്ങളില്‍ കിട്ടാത്ത കുറഞ്ഞ വിലയ്ക്ക് നല്‍കാനാവുന്നുവെന്നാണ് മറ്റൊന്ന്.
''വീട്ടുകാര്‍ തന്നെയാണ് പാക്കിംഗ് ചെയ്യുന്നത്. അതിലൂടെ ചെലവ് കുറയ്ക്കാനാവുന്നു. കൊറിയര്‍, പോസ്റ്റ് സര്‍വീസുകളെയാണ് ഡെലിവറിക്കായി ആശ്രയിക്കുന്നത്. ഏതൊരു ഉത്പന്നവും ഒന്നാ തരം, രണ്ടാം തരം, മൂന്നാം തരം എന്നിങ്ങനെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്ക് ഇതെല്ലാം ഒരുപോലെ കണ്ടേക്കാം. പക്ഷേ, കൃത്യമായ പരിശോധനയിലൂടെയാണ് ഒന്നാം തരം ഉത്പന്നങ്ങള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്'', തന്റെ ബിസിനസ് വിജയ രഹസ്യവും ഷാഹു പങ്കുവെക്കുന്നു.