image

27 Oct 2026 12:01 PM IST

Trade

ഇന്ത്യ-യുഎസ് വ്യാപാരത്തിന് കിടിലന്‍ പോര്‍ട്ടല്‍; 3500 രജിസ്‌ട്രേഷന്‍ കഴിഞ്ഞു!

MyFin Desk

ഇന്ത്യ-യുഎസ് വ്യാപാരത്തിന് കിടിലന്‍  പോര്‍ട്ടല്‍; 3500 രജിസ്‌ട്രേഷന്‍ കഴിഞ്ഞു!
X

Summary

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുഎസില്‍ ഉല്‍പ്പന്നം ആവശ്യമുള്ളവരെ നേരിട്ട് കണ്ടെത്താനും പങ്കാളിത്തങ്ങള്‍ ഉണ്ടാക്കാനും പുതിയ വിപണികള്‍ കണ്ടെത്താനും പോര്‍ട്ടല്‍ അവസരം നല്‍കും


ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിന് പുത്തന്‍ ഉണര്‍വ്. ഇരു രാജ്യങ്ങളിലെയും ബിസിനസുകളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച പോര്‍ട്ടലില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 3,500-ഓളം രജിസ്ട്രേഷനുകള്‍ ലഭിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പ്രത്യേകിച്ച് ചെറുകിട സംരംഭങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്ക് വാതില്‍ തുറക്കുന്നതാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യുഎസില്‍ ഉല്‍പ്പന്നം ആവശ്യമുള്ളവരെ നേരിട്ട് കണ്ടെത്താനും പങ്കാളിത്തങ്ങള്‍ ഉണ്ടാക്കാനും പുതിയ വിപണികള്‍ കണ്ടെത്താനും പോര്‍ട്ടല്‍ അവസരം നല്‍കുമെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു. ലഭിക്കുന്ന പ്രതികരണം അത്യധികം പ്രോത്സാഹജനകമാണെന്നും ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, യുഎസിലെ മറ്റ് കോണ്‍സുലേറ്റുകള്‍, വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഉല്‍പ്പന്നങ്ങള്‍ തരം തിരിച്ചുള്ള ലിസ്റ്റുകള്‍, തിരയല്‍ സംവിധാനങ്ങള്‍, വ്യക്തിഗത ഡാഷ്ബോര്‍ഡ്, വെര്‍ച്വല്‍ എക്‌സിബിഷനുകള്‍ എന്നിവയെല്ലാം പോര്‍ട്ടലിന്റെ പ്രത്യേകതകളാണ്.

അന്താരാഷ്ട്ര വിപണിയിലേക്ക് ആദ്യമായി കടക്കുന്ന എംഎസ്എംഇ സംരംഭകര്‍ക്ക് ഇത് വലിയ സഹായമാകും. വിദേശ വാങ്ങുന്നവരുമായി ബന്ധപ്പെടാനുള്ള ചെലവും ബുദ്ധിമുട്ടും കുറയ്ക്കാന്‍ ഈ സംവിധാനത്തിന് കഴിയും. രജിസ്ട്രേഷനുകളുടെ കുതിപ്പ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.