23 Dec 2025 5:23 PM IST
Forex Reserves : അടിതെറ്റി ഡോളറും; സിംഹാസനം ഇളകും , ഡിജിറ്റൽ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ
MyFin Desk
Summary
പ്രമുഖ കേന്ദ്ര ബാങ്കുകൾ സ്വർണം വാരിക്കൂട്ടുന്നത് വെറുതെയാണോ? ബാങ്കുകൾ ഡോളർ കുറയ്ക്കുന്നത് എന്തുകൊണ്ട്?
ലോകത്തെ സാമ്പത്തിക രംഗം വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പതിറ്റാണ്ടുകളായി ആഗോള വിപണി അടക്കിവാണിരുന്ന ഡോളറിൻ്റെയും സിംഹാസനം ഇളകുന്നുണ്ട്. പകരം, സ്വര്‍ണ്ണവും മറ്റ് കരുത്തുറ്റ കറന്‍സികളും കളം നിറയുന്നു. എന്തുകൊണ്ടാണ് ലോകത്തിലെ പ്രമുഖ സെന്‍ട്രല്‍ ബാങ്കുകള്‍ ഡോളറിനെ കൈവിടുന്നത്?
കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു
കെയര്‍ എഡ്ജിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, വിദേശ നാണ്യ ശേഖരത്തില്‍ ഡോളറിന്റെ വിഹിതം കുത്തനെ കുറയുകയാണ്. 2000-ല്‍ 66.1% ആയിരുന്ന ഡോളര്‍ വിഹിതം ഇപ്പോള്‍ 58.5% ലേക്ക് ഇടിഞ്ഞു. യൂറോയുടെ അവസ്ഥയും സമാനമാണ്. അതേസമയം, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് എന്നിവയുടെ വിഹിതമാകട്ടെ ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. യെന്നിന്റെ വിഹിതം 4.2%-ല്‍ നിന്ന് 10.6%-ലേക്ക് കുതിച്ചുയര്‍ന്നത് സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ കരുതൽ ശേഖരത്തിൻ്റെ പ്രധാനഭാഗമായി സ്വര്‍ണ്ണം മാറുകയാണ്.2010-ല്‍ വെറും 100 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്ന ബാങ്കുകള്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിവര്‍ഷം 1,000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ഖജനാവിലേക്ക് എത്തിക്കുന്നത്.
ആഗോള അസ്ഥിരതകളില്‍ നിന്നും വിപണിയിലെ വന്‍ തകര്‍ച്ചകളില്‍ നിന്നും രക്ഷപെടാനുള്ള ഒരു 'സേഫ് ഹെവന്‍' ആയിട്ടാണ് ബാങ്കുകള്‍ സ്വര്‍ണ്ണത്തെ കാണുന്നത്. ചുരുക്കത്തില്‍, ലോകരാജ്യങ്ങള്‍ തങ്ങളുടെ സമ്പത്ത് ഡോളറില്‍ മാത്രം സൂക്ഷിക്കാന്‍ ഇനി തയ്യാറല്ല! ഒരു ദീര്‍ഘകാല സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡോളറിനുള്ള വിശ്വാസ്യത കുറയുന്നത് നിസ്സാരമായി കാണാനാവില്ല.ഈ മാറ്റം ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് സ്വര്‍ണ്ണവിലയില്‍ ഉണ്ടാകാന്‍ പോകുന്ന വന്‍ കുതിച്ചുചാട്ടത്തിന് ഇത് കാരണമായേക്കാം എന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു.
ഡോളറിനെതിരെ രൂപയുടെ പോരാട്ടം?
അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ രൂപയെ ഒരു ആഗോള കറന്‍സിയായി മാറ്റാനുള്ള ഇന്ത്യയുടെ നീക്കങ്ങളും നിര്‍ണ്ണായക ഘട്ടത്തിലാണ്.മുമ്പ് വിദേശ രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ നമ്മള്‍ ഡോളറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചിത്രം മാറുകയാണ്. റഷ്യ, യു.എ.ഇ, ശ്രീലങ്ക തുടങ്ങി ഇരുപതിലധികം രാജ്യങ്ങളുമായി രൂപയില്‍ നേരിട്ട് വ്യാപാരം നടത്താന്‍ ഇന്ത്യ കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. യു.എ.ഇ-യുമായുള്ള ക്രൂഡ് ഓയില്‍ ഇടപാടുകള്‍ രൂപയില്‍ നടത്തിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
എന്തുകൊണ്ടാണ് ഈ മാറ്റം ഇത്ര പ്രധാനമാകുന്നത്?
ഡോളറിനെ ആശ്രയിക്കുന്നത് കുറയുന്നതോടെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ സമ്മര്‍ദ്ദം കുറയും. കറന്‍സി കണ്‍വേര്‍ഷന്‍ ചാര്‍ജുകള്‍ ഇല്ലാതാകുന്നത് വഴി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കും.
ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും ഡോളറിലാണ് നടക്കുന്നത് എന്നതിനാൽ വലിയ വെല്ലുവിളിയുണ്ട്. പക്ഷേ യുപിഐ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലോകമെങ്ങും വ്യാപിക്കുന്നത് നേട്ടമാകും.
പഠിക്കാം & സമ്പാദിക്കാം
Home
