image

15 Nov 2026 2:30 PM IST

Trade

ഗോയല്‍ കെയ്‌റോയില്‍; ഈജിപ്തിലേക്ക് വമ്പന്‍ നീക്കം, വ്യാപാരത്തിന് പുതിയ വാതില്‍

MyFin Desk

ഗോയല്‍ കെയ്‌റോയില്‍; ഈജിപ്തിലേക്ക്   വമ്പന്‍ നീക്കം, വ്യാപാരത്തിന് പുതിയ വാതില്‍
X

Summary

ഇന്ത്യ-ഈജിപ്ത് വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ ശക്തമാക്കുകയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം


ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ 132 അംഗങ്ങളുള്ള വന്‍ ബിസിനസ് സംഘവുമായി കെയ്‌റോയിലെത്തി. ഇന്ത്യ-ഈജിപ്ത് വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം എന്നിവ ശക്തമാക്കുകയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയ്ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറക്കുന്ന സന്ദര്‍ശനമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി വ്യാപാരം ഏകദേശം 6.5 ബില്യണ്‍ ഡോളര്‍ ആണ്. എന്നാല്‍ ഇത് തുടക്കം മാത്രമാണെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈജിപ്തില്‍ കൂടുതല്‍ വിപണി പ്രവേശനം നേടുന്നതിനൊപ്പം, ഈജിപ്ഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും ഇന്ത്യയിലേക്കുള്ള മൂലധന പ്രവാഹവും വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഈജിപ്തില്‍ ഇപ്പോള്‍ തന്നെ ഏകദേശം 70 ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, അവയുടെ മൊത്തം നിക്ഷേപം 5 ബില്യണ്‍ ഡോളറിലധികം വരും. സൂയസ് കനാല്‍ ഇക്കണോമിക് സോണ്‍, നിര്‍മ്മാണം, അടിസ്ഥാന സൗകര്യം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലാണ് പ്രധാന ശ്രദ്ധ.

സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി നവംബര്‍ 15-ന് കെയ്‌റോയില്‍ നടക്കുന്ന ഇന്ത്യ-ഈജിപ്ത് സംയുക്ത വ്യാപാര സമിതിയുടെ ഏഴാമത് സെഷന്‍ ആണ്. പീയൂഷ് ഗോയലും ഈജിപ്തിന്റെ നിക്ഷേപ, വിദേശ വ്യാപാര മന്ത്രി ഡോ. മുഹമ്മദ് ഫരീദ് സാലിഹും ചേര്‍ന്നാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. ഇതോടൊപ്പം ജോയിന്റ് ബിസിനസ് കൗണ്‍സിലും ബിസിനസ് ഫോറവും നടക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈജിപ്തിലും, ഈജിപ്ഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലും നിക്ഷേപിക്കാനുള്ള വഴികള്‍ ഈ വേദികളില്‍ ചര്‍ച്ച ചെയ്യും.

കെയ്‌റോയിലെ ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയില്‍ ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ഗോയല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക, സാംസ്‌കാരിക, ജനകീയ ബന്ധങ്ങളുടെ ശക്തമായ പാലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ശനം ഇന്ത്യ-ഈജിപ്ത് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷ.