image

21 Sept 2026 3:26 PM IST

Trade

ഇന്ത്യ-ന്യൂസിലന്‍ഡ് വ്യാപാര കരാര്‍ ഒക്ടോബര്‍ 20 മുതല്‍ പ്രാബല്യത്തിലാകും

MyFin Desk

ഇന്ത്യ-ന്യൂസിലന്‍ഡ് വ്യാപാര കരാര്‍  ഒക്ടോബര്‍ 20 മുതല്‍ പ്രാബല്യത്തിലാകും
X

Summary

അടുത്ത 4 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 100% ഉം തീരുവ രഹിതമാക്കുന്നതാണ് കരാര്‍. ഇതോടെ തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് വന്‍ വിപണിയാണ് തുറക്കപ്പെടുക.

അടുത്ത 4 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 35,000 കോടി രൂപയായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കരാറിലൂടെ ന്യൂസിലന്‍ഡിന് മരം, കമ്പിളി, ആട്ടിറച്ചി, അസംസ്‌കൃത തുകല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതലായി എത്തിക്കാനും അവസരമൊരുങ്ങും. ഇന്ത്യയിലേക്ക് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാനും കരാര്‍ വഴിയൊരുക്കും.

വെറും ചരക്ക് വ്യാപാരം മാത്രമല്ല, സേവനങ്ങള്‍, നിക്ഷേപം, വിദ്യാഭ്യാസം, യുവജന കൈമാറ്റം എന്നിവയിലും കരാര്‍ പുതിയ വാതിലുകള്‍ തുറക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ന്യൂസിലന്‍ഡില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കും. കൃഷി, മെഡിക്കല്‍ ഉപകരണങ്ങള്‍, ആയുഷ്, പരമ്പരാഗത വൈദ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകും.

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ദീര്‍ഘകാലമായുള്ള സൗഹൃദം വ്യാപാരം, വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തില്‍ ഊന്നിയുള്ള ഈ കരാര്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും സമൂഹങ്ങള്‍ക്കും പുതിയ വളര്‍ച്ചാ സാധ്യതകള്‍ സൃഷ്ടിക്കുന്ന നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.